1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2020

സ്വന്തം ലേഖകൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യ നില സ്റ്റേബിളായി തുടരുന്നതായും വെന്റിലേറ്ററിന്റെയോ ഇതര ശ്വസന സംവിധാനങ്ങളോ ഉപയോഗിക്കാതെ തന്നെ ശ്വാസോച്വസ്സം സ്വയം ചെയ്യുന്നുന്നും ഡൗണിങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. ന്യുമോണിയയുടെ രോഗ ലക്ഷണങ്ങളാണെന്നും അറിയിപ്പുണ്ട്.

കൊറോണ വൈറസ് പാൻഡെമിക് വഴി രാജ്യത്തെ നയിക്കാനുള്ള ചുക്കാൻ പിടിക്കുന്ന ഏറ്റവും ശക്തനായ പോരാളിയാണ് ബോറിസ് ജോൺസൺ. അദ്ദേഹം ഈ യുദ്ധവും പോരാടി ജയിച്ചു വരുമെന്ന് അദ്ദേഹത്തിന്റെ ഭരണ ചുമതല താല്ക്കാലികമായി ഏൽപ്പിച്ച ഡൊമിനിക് റാബ് പറഞ്ഞു. പ്രധാനമന്ത്രി മാനസികമായി ശക്തനായി തുടരുകയാണെന്നും മെക്കാനിക്കൽ വെന്റിലേഷൻ ഉപയോഗിച്ചിട്ടില്ലെന്നും എന്നാൽ ‘സാധാരണ ഓക്സിജൻ ചികിത്സ’ മാത്രമാണ് നടത്തിയാതേന്നും അദ്ദേഹം പറഞ്ഞു.

യുകെയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും വലിയ മരണ നിരക്കാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഔദ്യോഗിക റിപ്പോർട്ട് പ്രകാരം 786 മരണം അടക്കം മൊത്തം മരണസംഖ്യ 6159 ആയി. കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൊത്തം 55242 ആയി എത്തിനിൽക്കുന്നു. കഴിഞ്ഞ രണ്ടു ദിവസമായി മരണ നിരക്ക് കുറഞ്ഞുവരുന്ന റിപ്പോർട്ടുകളിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുമ്പോളാണ് കുത്തനെ ഉയർന്ന് റെക്കോർഡ് മരണം സംഭവിച്ചത്. അടുത്ത ഒരാഴ്ചകൂടി മരണ നിരക്ക് ഉയർന്നു തന്നെ നിൽക്കുമെന്നാണ് പഠനം കാണിക്കുന്നത്.

കൊറോണ വൈറസ് ലോക്ഡൗൺ നടപടികൾ തിങ്കളാഴ്ച ലഘൂകരിക്കാമോ എന്ന് അവലോകനം ചെയ്യാനുള്ള യുകെയിലെ ബോറിസ് ജോൺസന്റെ പദ്ധതി ഈ പ്രത്യേക സാഹചര്യത്തിൽ ഉപേക്ഷിച്ചു. ഡൊമിനിക് റാബ് മാധ്യമപ്രവർത്തകരോട് പറഞ്ഞത് ‘ഞങ്ങൾ ഇതുവരെ ആലോചിക്കുവാനുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടില്ല’ എന്നാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കാതെ ലോക്ക്ഡൗൺ എത്രയും വേഗം പിൻവലിക്കണമെന്നാണ് ധനകാര്യ വകുപ്പിനു മുന്നിലുള്ള വെല്ലുവിളി.

പ്രായമായവരെ ചികിത്സിക്കുന്നതിൽ വിദഗ്ധനായ ശ്രീലങ്കൻ ഡോക്ടർ സെബാസ്റ്റ്യൻ പിള്ള കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു ചികിത്സയിലിരിക്കെ ലണ്ടനിൽ മരിച്ചു. തെക്കുപടിഞ്ഞാറൻ ലണ്ടനിലെ കിംഗ്സ്റ്റൺ ഹോസ്പിറ്റലിൽ ദീർഘകാലമായി സേവനം ചെയ്തു വന്നിരുന്ന ഡോ. ആന്റൺ സെബാസ്റ്റ്യൻ പിള്ള കൊറോണ രോഗബാധയെത്തുടർന്നു ശനിയാഴ്ച ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് നാലാം ദിവസം മരണത്തിനു കീഴടങ്ങേണ്ടി വന്നു.

ലോക്ഡൗണിൽ കുടുങ്ങിയ പൗരൻമാർക്കായി ഇന്ത്യയിൽ നിന്ന് ബ്രിട്ടൻ ചാർട്ടർ ചെയ്ത വിമാനങ്ങളുടെ മടക്കയാത്രയിൽ രാജ്യത്തെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന അഭ്യർഥനയുമായി യുകെയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ. മലയാളികൾ ഉൾപ്പടെ നാന്നൂറോളം ഇന്ത്യൻ വിദ്യാർഥികളാണ് ഭീതിയോടെ ബ്രിട്ടനിൽ കഴിയുന്നത്. ഈ ആവശ്യം ഉന്നയിച്ച് വിദ്യാർഥികൾ യുകെയിലെ ഇന്ത്യൻ ഹൈക്കമ്മിഷനുമായി ബന്ധപ്പെട്ടു.

ഈ മാസം എട്ടു മുതൽ 11 വരെയുള്ള ദിവസങ്ങളിൽ ഏഴു വിമാനങ്ങളാണ് ഗോവ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്ന് ചാർട്ടർ ചെയ്തിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ യാത്രക്കാരില്ലാതെയായിരിക്കും ഈ വിമാനങ്ങൾ ഇന്ത്യയിലേയ്ക്ക് മടങ്ങുക.

ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ കനിഞ്ഞാൽ ഇന്ത്യൻ വിദ്യാർഥികളെയോ ഇവിടെ കുടുങ്ങിയ നാട്ടിലേയ്ക്കു വരാൻ താൽപര്യമുള്ളവരെയോ കൊണ്ടുവരാനാകും. ഇത്തരത്തിൽ ഒരു നടപടിക്ക് തയാറാകണമെന്ന് ഇന്ത്യൻ വംശജനായ മുൻ എംപി കീത്ത് വാസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഒഴിഞ്ഞ വിമാനങ്ങൾ ഇന്ത്യയിലേയ്ക്ക് പറക്കുന്നത് എന്തിനാണെന്നും ഇതൊരു അവസരമായി കണ്ട് ഉപയോഗപ്പെടുത്തണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

അതേസമയം ഇവിടെ കുടുങ്ങിയ വിദ്യാർഥികളുടെ ഉൾപ്പെടെയുള്ള കാര്യത്തിൽ കാര്യക്ഷമമായ പ്രവർത്തനമാണ് ഇവിടെയുള്ള ഇന്ത്യൻ ഹൈക്കമ്മിഷനിൽ നിന്നു ഉണ്ടായിട്ടുള്ളതെന്ന് യുക്‌മ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ പറഞ്ഞു. ഇവിടെ കുടുങ്ങിയിട്ടുള്ളവർ ഹൈക്കമ്മിഷനിൽ റജിസ്റ്റർ ചെയ്യണം. ഇവർക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നേരിട്ട് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയാണ് ചെയ്യുന്നത്.

താമസസൗകര്യമില്ലാത്തവർക്ക് കുറഞ്ഞ നിരക്കിൽ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ പ്രയാസം അനുഭവിക്കുന്നവർക്ക് ഭക്ഷണ സാധനം ഉൾപ്പടെ എത്തിക്കുന്നതിന് യുക്‌മയിൽ അംഗങ്ങളായ സംഘടനകളും മുൻകൈ എടുത്ത് രംഗത്തുണ്ട്. താമസസ്ഥലത്തു വാടകക്കാര്യത്തിൽ തർക്കമുണ്ടെങ്കിൽ സൗജന്യ നിയമസൗകര്യവും ഒരുക്കും. ആർക്ക് വേണമെങ്കിലും ഏത് സമയത്തും സഹായത്തിനായി യുക്‌മ അംഗങ്ങളുമായി ബന്ധപ്പെടുന്നതിന് തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന പശ്ചാത്തലത്തില്‍ വെന്റിലേറ്ററുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടൻ അമേരിക്കയുടെ സഹായം തേടി. രോഗവ്യാപനത്തോത് അനുദിനം വര്‍ധിക്കുന്ന ബ്രിട്ടന്‍ 200 വെന്റിലേറ്ററുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.