1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യത്തെ പരിമിതമായ സാമൂഹ്യവൽക്കരണത്തിന് ബോറിസ് ജോൺസൺ അനുമതി നൽകി. ആറ് പേർ വരെ അടങ്ങുന്ന സംഘങ്ങൾക്ക് ഇനി മുതൽ പുറത്ത് സ്വകാര്യ ഉദ്യാനങ്ങളിലും മറ്റും ഒരുമിച്ച് കൂടുവാനും ബാർബിക്യൂകൾ സംഘടിപ്പിക്കാൻ കഴിയും. എന്നാൽ പരസ്പരം ആറടി അകലം പാലിക്കണമെന്ന നിബന്ധനയുണ്ട്.

കൂടാതെ രാജ്യത്തെ കോവിഡ് അലർട്ട് നാലിൽ നിന്നും മൂന്നിലേക്ക് ആക്കിയതായും പ്രധാനമന്ത്രി അറിയിച്ചു. അടുത്ത ആഴ്ച മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതലായി കുറയ്ക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി. അതേസമയം ഓരോ ദിവസവും 8,000 പുതിയ അണുബാധകൾ നടക്കുന്നുണ്ടെന്നും നിയമങ്ങൾ കൂടുതൽ ലഘൂകരിക്കുന്നത് ‘അപാകതകളും പൊരുത്തക്കേടുകളും’ സൃഷ്ടിക്കുമെന്ന മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പാട്രിക് വാലൻസിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് തിങ്കളാഴ്ച മുതൽ ഇളവുകളുടെ ഒരു നീണ്ട നിര തന്നെ ജോൺസൺ പുറത്തിറക്കി.

ജൂൺ 17ന് പ്രീമിയർ ലീഗ് പുനരാരംഭിച്ചും അവസാനത്തോടെ പബ്ബുകൾ തുറന്നും രാജ്യത്തെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ തിടുക്കം കാട്ടുകയാണ് പ്രധാനമന്ത്രി എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
സ്കോട്ട്ലൻഡ് ഉൾപ്പെടെയുള്ള പ്രാദേശിക ഭരണകൂടങ്ങളും ഇതേ പാതയിലാണ്.

സ്കോട്ട്ലൻഡിൽ ഇന്നു മുതൽ എട്ടുപേർക്ക് ഒരുമിച്ച് പുറത്തിറങ്ങാം. വ്യത്യസ്ത കുടുംബങ്ങളിൽ നിന്നും ഉള്ളവരാണെങ്കിൽ രണ്ടുമീറ്റർ സാമൂഹിക അകലം പാലിക്കണമെന്ന് മാത്രം. ഇംഗ്ലണ്ടിൽ തിങ്കളാഴ്ച മുതൽ ആറുപേർക്കാണ് ഒരുമിച്ച് പുറത്തിറങ്ങാൻ അനുമതിയുള്ളത്. പുറത്തിറങ്ങുന്നവർ സാമൂഹിക ഉത്തരവാദിത്വം പാലിക്കണമെന്ന് ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ബോറിസ് പറഞ്ഞു.

സ്കൂളിനൊപ്പം കാർ ഷോറൂമുകളും മാർക്കറ്റ് ഹാളുകളും തിങ്കളാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങും. 15 മുതൽ അവശ്യ സർവീസ് അല്ലാത്ത മറ്റ് കടകളും തുറക്കും.

മാർച്ച് 13ന് നിർത്തിവച്ച പ്രീമിയർ ലീഗ് മൽസരങ്ങൾ ജൂൺ 17ന് പുന:രാരംഭിക്കാനാണ് ആലോചന. ആസ്റ്റൺ വില്ല- ഷെഫീൽഡ് യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി- ആഴ്സണൽ മൽസരങ്ങളോടെയാകും സീസണ് വീണ്ടും തുടക്കം കുറിക്കുക. 92 ഫിക്സ്റുകളാണ് ഇന് പ്രീമിയർ ലീഗിൽ പൂർത്തിയാക്കാനുള്ളത്.

പബ്ബുകളും റസ്റ്റൊറന്റുകളും ജൂലൈ ആദ്യ വാരം തുറക്കാനായിരുന്നു മുൻ തീരുമാനം. എന്നാൽ ഇതും നേരത്തെയാക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സൂചന നൽകിക്കഴിഞ്ഞു.

മക്ഡോണൽസിന്റെ 975 ബ്രാഞ്ചുകളിൽ ഡ്രൈവ് ത്രൂ, ഡെലിവറി സർവീസുകൾ ജൂൺ രണ്ടിന് ആരംഭിക്കും. മാർച്ച് 22ന് അടച്ച മാക്കിന്റെ 15 ബ്രാഞ്ചുകൾ രണ്ടാഴ്ച മുമ്പും നാൽപതിലേറെ ബ്രാഞ്ചുകൾ കഴിഞ്ഞ ആഴ്ചയും ഇത്തരത്തിൽ പ്രവർത്തനം തുടർന്നിരുന്നു. മറ്റൊരു പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ നാന്ദോസും ജൂൺ ആദ്യവാരം എല്ലാ ബ്രാഞ്ചും തുറക്കും.
ലോക്ക്ഡൌൺ പ്രഖ്യാപിച്ചതു മുതൽ അടഞ്ഞുകിടക്കുന്ന ബാർബർ ഷോപ്പുകൾ ജൂൺ മധ്യത്തോടെ തുറക്കാൻ അനുമതി നൽകണമെന്ന് പതിനോരായിരത്തിലേറെ ഷോപ്പുകളുടെ കൂട്ടായ്മയായ ‘’ദ ഹെയർ ആൻഡ് ബാർബർ കൌൺസിൽ’’ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ജൂലൈയിലെ അനുമതി നൽകാനാകൂ എന്ന നിലപാടിലാണ് സർക്കാർ.

പതിനയ്യായിരത്തിലേറെ ജീവനക്കാരുടെ ബജറ്റ് എയർലൈൻസ് കമ്പനി, ഈസി ജെറ്റ് മുപ്പത് ശതമാനം ജോലിക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചു. ജൂൺ 15ന് വിമാനങ്ങൾ സർവീസ് ആരംഭിക്കുമെങ്കിലും പൈലറ്റുമാർ ഉൾപ്പെടെ നാലായിരത്തി അഞ്ഞൂറിലേറെ പേർക്ക് ബിസിനസ് തുടങ്ങുമ്പോൾ പണിയുണ്ടാകില്ല.

ബ്രിട്ടനിൽ രോഗവ്യാപനം തടയാനായി പുതുതായി ആരംഭിച്ച കോൺടാക്ട്ര് ട്രേസിങ് സംവിധാനം ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. ചില സ്ഥലങ്ങളിൽ സാങ്കേതിക തടസംമൂലം പുതിയ സംവിധാനം തുടങ്ങാൻ വൈകി.

ബ്രിട്ടനിൽ കുടുങ്ങിയ മലയാളികളെ ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് ചാർട്ടേർഡ് വിമാനത്തിൽ അയക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഇന്ത്യൻ ഹൈക്കമ്മിഷനുമായും കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ടാണ് ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നത്.

377 പേരാണ് ഇന്നലെ രാജ്യത്താകെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 37,837 ആയി. 269,127 പേർക്കാണ് ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.