1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2020

സ്വന്തം ലേഖകൻ: കോവിഡ് 19 ബാധിച്ച് ആശുപത്രിയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്റൻസീവ് കെയർ യൂണിറ്റിലേക്കു മാറ്റി. ഇന്നലെ രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ യന്ത്രസഹായങ്ങളോടെയുള്ള കൂടുതൽ ചികിൽസയ്ക്കായി ഐസിയുവിലേക്ക് മാറ്റിയത്. സെൻട്രൽ ലണ്ടനിലെ സെന്റ് തോമസ് എൻഎച്ച്എസ് ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. പ്രധാനമന്ത്രിയുടെ ചുമതലകൾ താൽകാലികമായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് നിർവഹിക്കും.

ഞായറാഴ്ച രാത്രിയാണ് ബോറിസിനെ ആരോഗ്യനില മെച്ചപ്പെടാതെ വന്നതോടെ ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് എക്സ്റെയും ഇസിജിയും ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. ആരോഗ്യനില മെച്ചപ്പെടുന്നതായി കാണിച്ച് അദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു ശേഷം രാത്രിയോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതും ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് മാറ്റിയതും. മാർച്ച് 24നാണ് ബോറിസിന് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചക്കാലം ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താംനമ്പർ ഫ്ലാറ്റിൽ ഐസൊലേഷനിലായിരുന്നു അദ്ദേഹം. ഐസലേഷൻ കാലാവധി പൂർത്തിയായിട്ടും പനിയും മറ്റു രോഗലക്ഷണങ്ങളും വിട്ടുമാറിയിരുന്നില്ല.

ആറുമാസം ഗർഭിണിയായ അദ്ദേഹത്തിന്റെ പങ്കാളി കാരി സിമണ്ട്സിനെ നേരത്തെതന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ബോറിസിന്റെ അസാന്നിധ്യത്തിൽ ഇന്നലെ വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബാണ് ക്യാബിനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്. കഴിഞ്ഞയാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്ത പ്രധാനമന്ത്രി ഇപ്പോൾ ആശുപത്രിയിൽ ഇരുന്നു ജോലി ചെയ്യുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ഡോമിനിക്കിന്റെ പ്രതികരണം. ഇതിനുശേഷം ഏതാനും മണിക്കൂറിനുള്ളിലാണ് ആരോഗ്യനില മോശമായതിനെത്തുടർന്ന് ബോറിസിനെ ഐസിയുവിലേക്ക് മാറ്റിയത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മോദിയും ഉൾപ്പെടെയുള്ള പ്രമുഖ ലോക നേതാക്കൾ അദ്ദേഹത്തിന് രോഗസൌഖ്യം നേർന്ന് സന്ദേശമയച്ചിട്ടുണ്ട്. 51,608 പേർക്കാണ് ബ്രിട്ടനിൽ ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 5,373 പേർ മരിച്ചു.

പൊതുസ്ഥലങ്ങളിലെ വ്യായാമം തടയുക ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് നീങ്ങുകയാണ് ബ്രിട്ടൻ. കോവിഡ് മാർഗനിർദേശം ലംഘിച്ചതിനാൽ സ്കോട്‌ലൻഡിലെ ചീഫ് മെഡിക്കൽ ഓഫിസർ കാതറിൻ കൽഡർവുഡ് രാജിവച്ചു. വാരാന്ത്യങ്ങളിൽ രണ്ടാം വീടു സന്ദർശിച്ചതാണു കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.