1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2020

സ്വന്തം ലേഖകൻ: യൂറോപ്പ് മുഴുവന്‍ രോഗബാധ കുറയുമ്പോള്‍ ബ്രിട്ടനില്‍ രോഗികളുടെ എണ്ണവും മരണവും കുറയുന്നില്ല എന്നാണ് കണക്കുകൾ കാണിക്കുന്നത്. ഏറ്റവും ഒടുവില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യമാണ് ബ്രിട്ടന്‍. ഇപ്പോള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുകയാണ്.

ആളുകള്‍ നിര്‍ബന്ധമായും വീട്ടില്‍ തന്നെ കഴിയണമെന്ന നിര്‍ദേശം ബ്രിട്ടന്‍ നേരത്തെ പിന്‍വലിച്ചിരുന്നു. എന്നാല്‍ പുറത്തിറങ്ങുന്നവര്‍ക്ക് കടുത്ത നിയന്ത്രണങ്ങളും നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നു. അടുത്ത തിങ്കളാഴ്‍ച മുതല്‍ രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. തിങ്കളാഴ്‍ച സ്‍കൂളുകള്‍ തുറക്കു. യൂറോപ്പില്‍ ഏറ്റവും ആദ്യം സ്‍കൂളുകള്‍ അടച്ച രാജ്യം ബ്രിട്ടനാണ്. ആറുപേര്‍ക്ക് വരെ ഒരുമിച്ച് കൂടാന്‍ അനുവാദമുണ്ടാകും.

രാഷ്ട്രീയ പ്രേരിതമായാണ് സര്‍ക്കാര്‍ ഇളവുകള്‍ക്കുള്ള തീരുമാനമെടുക്കുന്നതെന്നാണ് ബ്രിട്ടനിലെ ആരോഗ്യ വിദഗ്‍ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. ഇളവുകള്‍ പ്രഖ്യാപിച്ചാലും, ടെസ്റ്റ്, ട്രേസ് ഉള്‍പ്പെടെ നാണല്‍ ഹെല്‍ത്ത് സര്‍വീസിന്‍റെ (എന്‍എച്ച്എസ്) എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി തുടരുമെന്ന് ലണ്ടന്‍ സ്‍കൂള്‍ ഓഫ് ട്രോപിക്കല്‍ ഹൈജീനിലെ പ്രൊഫസര്‍ എഡ്‍മണ്ട്സ് പറഞ്ഞു.

അതേസമയം, കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാണ് ഇളവുകള്‍ നല്‍കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദി സയന്‍റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് (സേജ്) നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്.

കൊവിഡ് വ്യാപനം തുടങ്ങിയത് മുതല്‍ സേജിന്‍റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിക്കുന്നത്. രാജ്യത്ത് പ്രതിദിനം 1000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുമെന്നായിരുന്നു ഏപ്രില്‍ 23-ന് നടന്ന യോഗത്തില്‍ സേജ് പ്രവചിച്ചത്. എന്നാല്‍ 8000-ലേറെ പേര്‍ക്കാണ് ഓരോ ദിവസം രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തുന്നവരുടെ കണക്ക് മാത്രമാണിത്. കെയര്‍ ഹോമുകളിലെ രോഗികളുടെ എണ്ണം ഇതിന് പുറമെയാണ്.

പുതിയ രോഗികളുടെ എണ്ണം കുറയുന്നതിന് മുമ്പ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് അപകടത്തിലേക്ക് നയിക്കുമെന്ന് പ്രൊഫ. എഡ്‍മണ്ട്സ് മുന്നറിയിപ്പ് നല്‍കുന്നു. ബ്രിട്ടനില്‍ ഇപ്പോഴും രോഗവ്യാപനം അതിവേഗത്തിലാണെന്നും ഈ സമയത്ത് എന്‍എച്ച്എസിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ തന്നെ തുടരേണ്ടതുണ്ടെേന്നും സേജ് അംഗവും മെല്‍കം ട്രസ്റ്റ് ഡയറക്ടറുമായ ജെറെമി ഫറാര്‍ പറഞ്ഞു.

ശാസ്ത്രജ്ഞരാണ് തീരുമാനം എടുക്കുന്നതെങ്കില്‍ ഇപ്പോള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കില്ലെന്ന് പകര്‍ച്ചവ്യാധി വിദഗ്‍ധന്‍ പ്രൊഫ. സിയാന്‍ ഗ്രിഫിത്‍സ് പറഞ്ഞു. പക്ഷേ സര്‍ക്കാരിന് മറ്റു ഘടകങ്ങളും പരിഗണിക്കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.

“ദീര്‍ഘകാലമായി തുടരുന്ന ലോക്ക് ഡൗണ്‍ ആളുകളില്‍ പലതരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. പുറത്തിറങ്ങാനാകാത്തതും പ്രിയയപ്പെട്ടവരെ കാണാനാകാത്തതും പലരെയും പ്രയാസത്തിലാക്കുന്നുണ്ട്. ജോലിക്ക് പോകാന്‍ കഴിയാത്തത് സാമ്പത്തിക പ്രയാസവുമുണ്ടാക്കുന്നു,” സിയാന്‍ ഗ്രിഫി‍ത്‍സ് പറഞ്ഞു.

ഇംഗ്ലണ്ടില്‍ ആറ് പേര്‍ക്കാണ് ഒത്തുകൂടാന്‍ അനുമതിയുള്ളത്. സ്‍കോട്ട്ലന്‍ഡില്‍ രണ്ട് വീടുകളില്‍ നിന്നുള്ള എട്ട് പേര്‍ക്ക് വരെ ഒരുമിച്ച് ചേരാം. വെയില്‍സില്‍ രണ്ട് വീടുകളിലെ എത്ര പേര്‍ക്ക് വേണമെങ്കിലും ഒത്തുകൂടാം. നോര്‍തേണ്‍ അയര്‍ലന്‍ഡില്‍ ആറു പേര്‍ക്കാണ് ഒത്തുകൂടാൻ അനുമതി. ഇംഗ്ലണ്ടിലും നോര്‍തേണ്‍ അയര്‍ലന്‍ഡിലും ആളുകള്‍ക്ക് പുറത്ത് എവിടെയും പോകാം. സ്‍കോട്ട്ലന്‍ഡിലും വെയില്‍സിലും അഞ്ച് മൈല്‍ അകലെ വരെ പോകാനാണ് അനുമതിയുള്ളത്. വെയില്‍സിലും നോര്‍തേണ്‍ അയര്‍ലന്‍ഡിലും ഇളുവുകള്‍ പ്രാബല്യത്തിലായി. ഇംഗ്ലണ്ടിലും വെയില്‍സിലും ജൂണ്‍ ഒന്ന് മുതലാണ് ഇളവുകള്‍.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്ത പ്രധാനമന്ത്രിയുടെ ഉപദേശകനെതിരെ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി തെരേസ മേയ് രംഗത്തെത്തി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ മുഖ്യ ഉപദേഷ്‍‍ടാവായ ഡൊമിനിക് കമ്മിങ്സ് ലോക്ക് ഡൗണ്‍ ലംഘിച്ച് വീട്ടില്‍ നിന്ന് 260 മൈല്‍ അകലേക്ക് ഭാര്യക്കൊപ്പം പോയിരുന്നു. കമ്മിങ്സിനിന് കൊവിഡ് ലക്ഷണങ്ങളുമുണ്ടായിരുന്നു. ജനങ്ങള്‍ക്ക് വീട്ടിലിരിക്കാന‍് നിര്‍ദേശം നല്‍കിയിരുന്ന മാര്‍ച്ച് മാസത്തിലായിരുന്നു കമ്മിങ്സിന്‍റെ യാത്ര. 15 ദിവസം മുമ്പ് 50 മൈല്‍ അകലെയുള്ള ബെര്‍ണാഡ് കാസിലിലേക്കുള്ള കമ്മിങ്സിന്‍റെ യാത്രയും ലോക്ക് ഡൗണ്‍ ലംഘനമായിരുന്നു.

ലോക്ക്ഡൗൺ ചട്ടങ്ങളിൽ ബ്രിട്ടൻ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമ്പോഴും ദിവസനേ രണ്ടായിരത്തിലധികം പേർ രോഗികളാകുന്ന സ്ഥിതിയാണ് രാജ്യത്ത് നിലനിൽക്കുന്നത്. 2,095 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. എന്നാൽ ജർമനിയും ഇറ്റലിയും പോലുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ ആയിരത്തിൽ താഴെ ആളുകൾക്കു മാത്രം രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇറ്റലിയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 593 പേർക്കു മാത്രമാണ്. ജർമനിയിൽ 741 പേർക്കും.

വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് അതതു രാജ്യങ്ങളിലെ പാസ്പോർട്ട് പുതുക്കുന്നതിനൊപ്പം ഒസിഐ കാർഡ് പുതുക്കാതെ ഇന്ത്യയിലേക്ക് യാത്രചെയ്യാൻ അനുവദിച്ചിരുന്ന താൽകാലിക ഇളവിന്റെ തീയതി ജൂൺ 30ൽ നിന്നും ഡിസംബർ 31 വരെ നീട്ടി, വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. 20 വയസിനു മുമ്പും 50 വയസിനു ശേഷവും പാസ്പോർട്ട് പുതുക്കുന്നവർ അതിനൊപ്പം ഒസിഐ കാർഡ് കൂടി പുതുക്കണമെന്നാണ് നിലവിലുള്ള ചട്ടം. ഇതിനായി ജൂൺ 30 വരെ കാലാവധി അനുവദിച്ച് നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.

എന്നാൽ പല രാജ്യങ്ങളും ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ എംബസിയിലെത്തി പലർക്കും ഇക്കാലയളവിനുള്ളിൽ ഒസിഐ പുതുക്കൽ സാധ്യമാകാതെ വന്നു. ഇതു ചൂണ്ടിക്കാട്ടി അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെയും വിവിധ യൂറോപ്യൻ രാജ്യങ്ങളിലെയും ഇന്ത്യൻ സമൂഹം നിരന്തരം നടത്തിയ അഭ്യർഥന മാനിച്ചാണ് ഇതിനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടാൽ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.