1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2020

സ്വന്തം ലേഖകൻ: എതിർപ്പുകൾ അവഗണിച്ച് ബ്രിട്ടനിലെ സ്‌കൂളുകള്‍ അടുത്ത മാസം തുറക്കാനുള്ള വിവാദ തീരുമാനത്തെ ന്യായീകരിച്ച് വിദ്യാഭ്യാസ സെക്രട്ടറി രംഗത്ത്. രാജ്യത്ത് കൊറോണ ഭീഷണി ശക്തമായി നിലനില്‍ക്കുമ്പോള്‍ സ്‌കൂളുകള്‍ തുറക്കുന്നത് കടുത്ത അപകടം വിളിച്ച് വരുത്തുമെന്ന് ടീച്ചിംഗ് യൂണിയനുകളില്‍ നിന്നും കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും കടുത്ത മുന്നറിയിപ്പ് ഉയര്‍ന്നിട്ടും അതിനെ അവഗണിച്ച് സ്‌കൂളുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

കൊറോണ ഭീഷണിയുണ്ടെങ്കിലും കുട്ടികള്‍ എത്രയും വേഗം സ്‌കൂളുകളിലേക്ക് തിരിച്ചെത്തേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ സമൂഹത്തിലെ പാവപ്പെട്ട കുട്ടികളെ അത് കൂടുതല്‍ പരിതാപകരമായ അവസ്ഥയിലേക്കെത്തിക്കുമെന്നുമാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും സൗജന്യ കൊറോണ വൈറസ് ട്രാക്ക് ആൻഡ് ട്രേസ് ടെസ്റ്റുകൾ, കുട്ടികൾക്ക് ക്‌ളാസ്സുകളിൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ഒരുക്കുമെന്ന് ഗവിൻ ഉറപ്പ് നൽകുന്നു.

അതേസമയം സ്‌കൂള്‍ തുറക്കുമ്പോള്‍ ടീച്ചർമാർ അടക്കമുള്ള ജീവനക്കാര്‍ക്ക് പഴ്സണല്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്റ്(പിപിഇ) നല്‍കാതിരിക്കുകയും സ്‌കൂളുകളില്‍ സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ കൊറോണ ദുരന്തം ഭീകരമാകുമെന്ന മുന്നറിയിപ്പാണ് ടീച്ചിംഗ് യൂണിയനുകളും രക്ഷിതാക്കളും സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. സ്‌കൂളുകള്‍ സുരക്ഷിതമാക്കാന്‍ ഒരു ക്ലാസില്‍ 15ല്‍ കൂടുതല്‍ കുട്ടികളെ ഇരുത്തില്ലെന്നും കര്‍ക്കശമായ രീതിയിലുള്ള ശുചിത്വ നിയമങ്ങള്‍ നടപ്പിലാക്കുമെന്നുമാണ് എഡ്യുക്കേഷന്‍ സെക്രട്ടറിയുടെ ഉറപ്പ്.

സര്‍ക്കാരിന്റെ പുതിയ തീരുമാനം അനുസരിച്ച് നഴ്സറി, പ്രീ സ്‌കൂള്‍, ഇയേര്‍സ് 1, 6 എന്നീ ക്ലാസുകളിലുള്ള കുട്ടികളാണ് ജൂണ്‍ ഒന്നിന് സ്‌കൂളുകളിലേക്ക് മടങ്ങിയെത്തുന്നത്. ഇയേര്‍സ് 10, 12 ക്ലാസുകളിലുള്ള കുട്ടികളെ പരിമിമതായ തോതില്‍ മാത്രമേ ക്ലാസുകളിലേക്ക് മടങ്ങിയെത്താന്‍ അനുവദിക്കുകയുള്ളൂവെന്നും എഡ്യുക്കേഷന്‍ സെക്രട്ടറി പറയുന്നു. പക്ഷേ സ്‌കൂളുകളില്‍ കുട്ടികളെ കര്‍ക്കശമായ രീതിയില്‍ സാമൂഹിക അകലം പാലിച്ചിരുത്താന്‍ സാധിക്കില്ലെന്നും കുട്ടികള്‍ പരസ്പരം അടുത്തിടപഴകി രോഗത്തിന്റെ രണ്ടാം ഘട്ടം പൊട്ടിപ്പുറപ്പെടുമെന്നുമാണ് ഡോക്ടര്‍മാരും ടീച്ചേഴ്സ് യൂണിയനുകളും രക്ഷിതാക്കളും വാദിക്കുന്നത്.

കൊറോണ വൈറസ് വാക്സിൻ വേഗത്തിൽ കണ്ടെത്താൻ ഒരു ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനുള്ള അടിയന്തിര സഹായമായി 93 മില്യൻ പൗണ്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ജൂലൈയിൽ ബ്രിട്ടീഷ് ജനജീവിതം ‘സാധാരണ നിലയിലേക്ക്’ കൊണ്ടുവരുമെന്നും ബോറിസ് പറഞ്ഞു. ടോറി എംപിമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

ലോക്ക്ഡൗൺ നിയമങ്ങൾ ലഘൂകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞ ബോറിസ്, നിലവിലെ ലോക്ക്ഡൗൺ നടപടികൾ എല്ലാവാരും കൃത്യമായി പാലിച്ചാൽ മാത്രം മതിയെന്നും കൂട്ടിച്ചേർത്തു. ജൂൺ രണ്ടിന് കോമൺസ് ചർച്ച പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം സമൂഹ മാധ്യമങ്ങളിൽ ഈയാഴ്ച ഏറ്റവുമധികം ലൈക്കും ഷെയറും നേടിയ വാർത്തകളിലൊന്നായി മാറിയിരിക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായുള്ള ഗാർഡിയൻ അഭിമുഖം. കൊറോണയുടെ ഘാതകയെന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ കേരളത്തിന്റെ റോക്ക് സ്റ്റാറെന്നാണ് ടീച്ചറെ വിശേഷിപ്പിച്ചിരിക്കുന്നത്.

മൂന്നരക്കോടി വരുന്ന കേരളീയരെ വൈറസിൽനിന്നും ടീച്ചർ സംരക്ഷിച്ചുനിർത്തുന്നതാണ്, ഇന്റർവ്യൂവിലൂടെ, ഗാർഡിയൻ ജേർണലിസ്റ്റായ ലോറ സ്പിന്നി ലോകത്തോടു പങ്കുവച്ചത്. കേവലം നാലുപേരുടെ മരണങ്ങളിൽ ഒതുക്കി, സമൂഹവ്യാപനമില്ലാതെ കേരളത്തിൽ കോവിഡിനെ പിടിച്ചു നിർത്തിയ രീതിയും അതിന് ആരോഗ്യമന്ത്രിയെന്ന നിലയിൽ ശൈലജ നൽകിയ നേതൃത്വവുമെല്ലാം റിപ്പോർട്ടിൽ വിശദമായുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.