1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2020

സ്വന്തം ലേഖകൻ: കൊറോണ കാട്ടുതീ പോലെ പടരുന്ന ബ്രിട്ടനിൽ മരണം 3,611 ആയി. 38,659 പേർക്കാണ് രാജ്യത്ത് രോഗം ബാധിച്ചിരിക്കുന്നത്. 205 പേർക്ക് രോഗം ഭേദമായി. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റം വരുത്തുവാനുദ്ദേശിച്ചുകൊണ്ട് സർക്കാർ പുതിയ കർമ്മ പദ്ധതി തയ്യാറാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി മാറ്റ് ഹാൻകോക്ക് അറിയിച്ചു.

ഇതിന്റെ ഭാഗമായി നാഷണൽ ഹെൽത്ത് സർവീസിന്റേയും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെയും ലാബുകൾ കൊറോണ സ്വാബ് ടെസ്റ്റിന് സജ്ജമാക്കും. സർവകലാശാലകളെയും, സ്വകാര്യ സ്ഥാപനങ്ങളെയും മറ്റ് വാണിജ്യ പങ്കാളികളെയും ഏകോപിപ്പിച്ചുകൊണ്ട് കൂടുതൽ സ്വാബ് ടെസ്റ്റുകൾ ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കും. പൊതുജനങ്ങൾക്കായി കോവിഡ്-19 പിടിപെട്ടോ എന്ന് തിരിച്ചറിയാനുള്ള പുതിയ ആന്റിബോഡി ടെസ്റ്റുകൾക്കു തുടക്കം കുറിക്കും.

പകർച്ച വ്യാധിയുടെ തോതും രാജ്യത്ത് ഇത് എങ്ങിനെയാണ് പടർന്നു പിടിക്കുന്നതെന്ന് അറിയാനുമുള്ള പഠന-നിരീക്ഷണങ്ങൾ ശക്തമാക്കും. സ്വയം വികസനം സാധ്യമാകുന്ന തരത്തിലുള്ള വിപുലമായ രോഗലക്ഷണ പ്രതിപാദനത്തിനായുള്ള വ്യവസായ ശൃംഖലകൾ തുടങ്ങുന്നതുവഴി ഏപ്രിൽ അവസാനത്തോടെ ദിവസേന 100,000 ടെസ്റ്റുകൾ കൈവരിക്കാനുള്ള ഊർജിത ശ്രമം നടത്തും.

അതിനിടെ കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിൽൽ കുട്ടികൾക്കു നേരെയുള്ള ലൈംഗിക അതിക്രമ ഭീഷണി വർധിച്ചതായി റിപ്പോർട്ട്. ലോക്ക്ഡൗണിന്റെ സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുന്ന, കുട്ടികളോട് ലൈംഗികാകർഷണം പുലർത്തുന്ന (പീഡോഫൈൽ) മൂന്നു ലക്ഷത്തോളം പേരുണ്ടെന്നാണ് ബ്രിട്ടന്റെ നാഷണൽ ക്രൈം ഏജൻസി (എൻസിഎ)യുടെ വിലയിരുത്തൽ.

കുട്ടികൾ അടക്കമുള്ളവർ വീടുകളിൽ കഴിയാൻ നിർബന്ധിതരാകുന്ന സാഹചര്യം പ്രയോജനപ്പെടുത്തിയാണ് ഓൺലൈനിലൂടെയും നേരിട്ടും കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്യുന്നതെന്ന് എൻസിഎ മുന്നറിയിപ്പു നൽകുന്നു. സ്കൂളുകൾ അടച്ചതോടെ കുട്ടികൾ വീടുകളിലാണ് സമയം ചെലവഴിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളിൽ ഇന്റർനെറ്റ് ഉപയോഗവും വളരെയധികം വർധിച്ചിട്ടുണ്ട്. ഈ സാഹചര്യമാണ് കുറ്റവാളികൾ പ്രയോജനപ്പെടുത്തുന്നത്.

കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതിന് അവസരമൊരുക്കാൻ ശ്രമിക്കുന്നവരുടെ ഓൺലൈൻ ചാറ്റുകളും സന്ദേശങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ വഴിയുള്ള ലൈംഗിക ചൂഷണത്തിന്റെ തോത് പൊടുന്നനെ വർധിച്ചതായും എൻസിഎ വ്യക്തമാക്കുന്നു. കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം സംബന്ധിച്ച് ശ്രദ്ധപുലർത്താനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവർക്കായുള്ള വെബ്സൈറ്റുകളിലെ യൂസർ അക്കൗണ്ടുകളിൽ വൻ വർധനവാണ് അടുത്തിടെ ഉണ്ടായതെന്ന് എൻസിഎപുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 140,000ൽനിന്ന് 250,000ലേക്ക് ആണ് ഉപയോക്താക്കളുടെ എണ്ണം പൊടുന്നനെ വർധിച്ചത്. വ്യാപിച്ചുകൊണ്ടിരിക്കുന്ന മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ ഇത്തരത്തില് ആളുകൾ ഓൺലൈനിൽ തക്കംപാർത്തിരിക്കുന്നതായുള്ള അറിവ് ഭയപ്പെടുത്തുന്നതാണെന്നും എൻസിഎ അധികൃതർ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.