1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2020

സ്വന്തം ലേഖകൻ: ഇറ്റലിയിലും ജർമനിയിലും സ്പെയിനിലും മരണം കുറയുന്നതായി സൂചനകൾ. ലോകമൊട്ടാകെ കൊവിഡ് ബാധിതരുടെ എണ്ണം 1,363,606 ആയി. മരണം 76,403. രോഗം ഭേദമായത് 293,839 പേർക്കാണെന്നും ഏറ്റവും പുതിയ കണക്കുകൾ പറയുന്നു.

140,510 കൊവിഡ് രോഗബാധിതരുള്ള സ്പെയിനിൽ 13,798 പേർ മരിച്ചു. ഇറ്റലിയിൽ 16,523 പേരാണ് മരിച്ചത്. ആകെ രോഗികളുടെ എണ്ണം 132,547. ഫ്രാൻസിൽ കൊവിഡ് രോഗികളുടെ എണ്ണം 98,010 ആയപ്പോൾ 8,911 പേർ മരിച്ചു.

ഇറ്റലിയിൽ രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ് ഞായറാഴ്ച റിപ്പോർട്ടു ചെയ്തത്. 525 പേരാണ് ഞായറാഴ്ച രാജ്യത്ത് മരിച്ചത്. സ്‍പെയിനിൽ തുടർച്ചയായ നാലാംദിവസവും പ്രതിദിന മരണനിരക്കിൽ കുറവുണ്ടായി. തിങ്കളാഴ്ച സ്‌പെയിനിൽ 637 പേരാണ് മരിച്ചത്. ഫ്രാൻസിൽ മരണനിരക്ക് 2.9 ശതമാനമായും കുറഞ്ഞു. ഞായറാഴ്ച 357 പേരാണ് രാജ്യത്ത് മരിച്ചത്.

കിടക്കകളുടെ ലഭ്യതക്കുറവ്, വ്യക്തിസുരക്ഷാ ഉപകരണങ്ങളുടെ കുറവ്, ആശുപത്രി ജീവനക്കാർക്ക് രോഗം പടരുന്നത് തുടങ്ങി ജപ്പാനിലെ ആരോഗ്യ സംവിധാനത്തെ മുഴുവൻ പ്രതിസന്ധിയിലാക്കിയാണ് കൊറോണയുടെ വ്യാപനം. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ദിനംപ്രതി വർധിച്ചതിനുപിന്നാലെ കൊറോണയെ പിടിച്ചുകെട്ടാൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ജപ്പാൻ. 3,906 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മരണം 92.

ഒരു മാസത്തേക്കായിരിക്കും അടിയന്തരാവസ്ഥയെന്നും ആബെ ഷിൻസൊ പറഞ്ഞു. സ്‌കൂളുകളും വാണിജ്യ, വ്യാപാര സ്ഥാപനങ്ങളും അടയ്ക്കാൻ അതത് പ്രദേശത്തെ ഗവർണർമാർക്ക് അധികാരമുണ്ടാവും. എന്നാൽ, അടിയന്തരാവസ്ഥയിലും ജപ്പാനിൽ മറ്റുരാജ്യങ്ങളിലെപ്പോലെ നഗരങ്ങൾ പൂർണമായും അടച്ചിടില്ല. അത്തരം നടപടികൾ ആവശ്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വിദഗ്ധരുടെ ഉപദേശമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജപ്പാൻ സാമൂഹിക അകലം പാലിക്കൽ നിർബന്ധമാക്കാത്തതും വൈറസ് പരിശോധന വ്യാപകമാക്കാത്തതും പരക്കേ വിമർശിക്കപ്പെടുന്നുണ്ട്.

മൂന്ന് മരണം കൂടി സ്ഥിരീകരിച്ച സൌദിയിൽ മരണ സംഖ്യ 41 ആയി ഉയര്‍ന്നു. ഉച്ചക്ക് ശേഷമുള്ള 43 കേസുകളും രാവിലത്തെ 147 കേസുകളും അടക്കം ഇന്ന് മാത്രം 190 പേര്‍ക്ക് അസുഖം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗസംഖ്യ 2,795 ആയി ഉയര്‍ന്നു. ഇന്ന് മാത്രം 64 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 615 ആയി.

സൌദിയില്‍ വരും ദിനങ്ങളില്‍ രോഗികളുടെ എണ്ണം കുത്തനെ അടുത്ത വാരം മുതല്‍ വര്‍ധിക്കുമെന്ന് സൌദി ആരോഗ്യ മന്ത്രി ഡോ.അബ്ദുള്ള അല്‍ റബീഅ ചൂണ്ടിക്കാട്ടി. മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് കര്ഡഫ്യൂ നീട്ടിയത്. രോഗികളുടെ എണ്ണം വരും ആഴ്ചകളില്‍ ഉയരും. കര്‍ഫ്യൂ നടപ്പാക്കിയ മേഖലകളില്‍ അണുമുക്തമാക്കുന്ന നടപടി തുടരും. റോഡുകളില്‍ വാഹനം ഇപ്പോഴും കുറഞ്ഞിട്ടില്ലെന്നും ഇത് ലക്ഷ്യം നേടുന്നതിന് വിഘാതമാമെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നത് അതത് സമയത്ത് മന്ത്രാലയം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കും.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ തന്ത്രപ്രധാന അവശ്യവസ്തുക്കളുടെ സംഭരണം ശക്തമാക്കാന്‍ യുഎഇ തീരുമാനം. താമസ വിസയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നത് ഈ വര്‍ഷം മുഴുവന്‍ വേണ്ടെന്നുവെക്കാനും യുഎഇ മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം ട്വിറ്ററിലൂടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പുതിയ തീരുമാനങ്ങള്‍ ജനങ്ങളുമായി പങ്കുവെച്ചത്.

2,076 കൊവിഡ് കേസുകളും 11 മരണവും റിപ്പോര്‍ട്ട് ചെയ്ത യുഎഇയില്‍ ആരോഗ്യ മേഖലയുടെ ആവശ്യങ്ങള്‍ക്ക് സമ്പൂര്‍ണമായ പിന്തുണ നല്‍കണമെന്ന് രാജ്യത്തെ ഫാക്ടറികള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതായി ഷേഖ് മുഹമ്മദ് അറിയിച്ചു. അതേസമയം ഏതൊക്കെ അവശ്യവസ്തുക്കളുടെ സംഭരണമാണ് വര്‍ധിപ്പിക്കുകയെന്നോ വിസ അനുബന്ധ പിഴകളുടെ കൂടുതല്‍ വിശദാംശങ്ങളോ ഷേഖ് മുഹമ്മദ് വ്യക്തമാക്കിയിട്ടില്ല.

കുവൈത്തിൽ 59 ഇന്ത്യക്കാർ ഉൾപ്പെടെ 78 പേർക്കാണ് ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് . ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 743 ആയും ഇന്ത്യക്കാരുടേത് 363 ആയും ഉയർന്നു. ഇന്ന് രണ്ടു പേർ കൂടി രോഗവിമുക്തി നേടിയതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 105 ആയി. പ്രവാസിയായ രണ്ടു വയസ്സുകാരനും 72 വയസ്സുള്ള കുവൈത്ത് പൗരനും ആണ് ചൊവ്വാഴ്ച രോഗമുക്തരായത്.

ബഹ്റൈനിൽ 31 പ്രവാസി തൊഴിലാളികൾക്ക് കൂടി കോവിഡ് ബാധിച്ചതോടെ ആകെ കേസുകളുടെ എണ്ണം 756 ആയി. സൽമാബാദിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസികളായ തൊഴിലാളികൾക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഈ ക്യാമ്പിൽ കഴിഞ്ഞ 113 പേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് താമസ സ്ഥലത്തുതന്നെ നിരീക്ഷണത്തിൽ കഴിഞ്ഞ ബാക്കിയുള്ളവരെ പ്രത്യേക ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. 4 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

അതിനിടെ കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനക്കിന്നലെ ആശ്വാസ ദിനമെന്ന് റിപ്പോര്‍ട്ട്. പുതുതായി ആര്‍ക്കും ഇന്നലെ കൊറോണ ബാധിച്ചില്ലെന്നതാണ് ചൈനക്ക് ആശ്വാസമായിരിക്കുന്നത്. ചൈനയുടെ ആരോഗ്യക്കമ്മീഷനാണ് പുതിയ വാര്‍ത്ത പുറത്തുവിട്ടത്. ജനുവരി മുതല്‍ എല്ലാ ദിവസവും കൊറോണ ബാധിതരും മരണവും പുറത്തുവന്നിരുന്ന ചൈനയില്‍ അതൊഴിവായ ആദ്യദിനമായിരുന്നു ഇന്നലെ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.