1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2020

സ്വന്തം ലേഖകൻ: അമേരിക്കയില്‍ മാത്രം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 6000 കവിഞ്ഞു. കോവിഡ് രോഗികൾ ലക്ഷങ്ങളായി പെരുകിയതോടെ രാജ്യത്ത് മാസ്ക്, ഗൗൺ, കയ്യുറകൾ എന്നീ അടിയന്തര മെഡിക്കൽ ഉപകരണങ്ങൾക്ക് ക്ഷാമം. വെന്റിലേറ്ററുകൾ അടക്കം 60 ടൺ മെഡിക്കൽ ഉപകരണങ്ങളുമായി റഷ്യൻ വിമാനം ബുധനാഴ്ച ന്യൂയോർക്കിലിറങ്ങി. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ ഇറക്കുമതിക്കു ധാരണയായിരുന്നു.

യുഎസ് സർക്കാരിന്റെ കരുതൽ ശേഖരത്തിലുണ്ടായിരുന്ന 1.6 കോടി എൻ 95 മാസ്കുകൾ, 2.2 കോടി കയ്യുറകൾ, 7140 വെന്റിലേറ്ററുകൾ എന്നിവ വിതരണം ചെയ്തു കഴിഞ്ഞതോടെയാണു വിദേശസഹായം തേടേണ്ടിവന്നത്. 11 കമ്പനികളാണു നിലവിൽ യുഎസിൽ വെന്റിലേറ്ററുകൾ നിർമിച്ചുകൊണ്ടിരിക്കുനത്. ഇവ അടുത്ത ആഴ്ചയോടെ ലഭ്യമാകുമെന്നാണു സൂചന.

അതേസമയം, ഫ്ലോറിഡ, ജോർജിയ, മിസിസിപ്പി, നെവാഡ എന്നീ സംസ്ഥാനങ്ങളിലും വീടിനു പുറത്തിറങ്ങുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ 80 % അമേരിക്കക്കാരും ലോക്ഡൗണിലായി. വൈറസ് വ്യാപനം ശക്തമായ മേഖലകളിലേക്കുള്ള ആഭ്യന്തര വിമാനസർവീസുകൾ നിർത്തിവയ്ക്കാൻ നീക്കമുണ്ട്.

80,000 ലേറെ രോഗികളാണു ന്യൂയോർക്കിലുള്ളത്. ന്യൂജഴ്സിയിൽ 22,000 കവിഞ്ഞു. കലിഫോർണിയ, മിഷിഗൻ എന്നീ സംസ്ഥാനങ്ങളിൽ രോഗികൾ പതിനായിരമായി. മറ്റു സംസ്ഥാനങ്ങളിൽ ശരാശരി അയ്യായിരത്തിലേറെ പേർക്കാണു രോഗം സ്ഥിരീകരിച്ചത്.

16,000 ന്യൂയോർക്ക് നിവാസികൾ മരിച്ചേക്കാമെന്ന് ആശങ്ക പ്രകടിപ്പിച്ച ഗവർണർ ആൻഡ്രൂ കൂമോ, മറ്റു സംസ്ഥാനങ്ങൾ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും അഭ്യർഥിച്ചു. ന്യൂയോർക്കിൽ രോഗികളായ 83,712 പേരിൽ 12,000 പേർ ആശുപത്രികളിലുണ്ട്.

ആഗോള തലത്തില്‍ മരണനിരക്ക് 53000 പിന്നിട്ടു.ഇതുവരെ 1,013000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്‌പെയിനില്‍ മരണനിരക്ക് പതിനായിരം കടന്നു. ഒരു ദിവസം ആയിരം പേരിലധികം മരിച്ചുവീഴുന്നതിനും സ്‌പെയിന്‍ സാക്ഷിയായി. ഇതുവരെ 10,348 പേരാണ് മരിച്ചത്. കഴിഞ്ഞദിവസം 1,12065 പേര്‍ക്കാണ് ഇതുവരെ സ്‌പെയിനില്‍ രോഗം സ്ഥിരീകരിച്ചത്. മരിച്ചുവീഴുന്നവരുടെയോ രോഗം ബാധിക്കുന്നവരുടെയോ കാര്യത്തില്‍ യാതൊരു കുറവും സ്‌പെയിനില്‍ രേഖപ്പെടുത്തിയിട്ടില്ല.

ഇറ്റലി കഴിഞ്ഞാൽ ഏറ്റവുമധികം മരണം സ്പെയിനിലാണ്. കൊറോണ വൈറസിന്റെ അതിവേഗ വ്യാപനത്തിലും മരണസംഖ്യ ഒരാഴ്ചയ്ക്കിടെ ഇരട്ടിയായതിലും ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ 5 ആഴ്ചയ്ക്കിടെയാണു വൈറസ് വ്യാപനം അതിവേഗമായത്.

ലാറ്റിനമേരിക്കൻ– കരീബിയൻ രാജ്യങ്ങളിലായി ആകെ രോഗികൾ 20,000 കവിഞ്ഞു. മരണം 500. ബ്രസീലിൽ ആണ് ഏറ്റവും കൂടുതൽ രോഗികൾ. ഇക്വഡോറിലെ തുറമുഖ നഗരമായ ഗുവാക്വിലിലെ വീടുകളിൽ നിന്നു സൈന്യം 150 മൃതദേഹങ്ങൾ കണ്ടെടുത്തു.

അതേസമയം ചൈനയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 3322 ആയി. നാല് പേര്‍ കൂടി മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പ്രകടമായ രോഗലക്ഷണങ്ങളൊന്നുമില്ലാത്ത 60 കേസുകളാണ് ചൈനയില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്.

ഇറാഖില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍ കൊറോണ കേസുകളുണ്ടെന്ന് ഡോക്ടര്‍മാര്‍. ഇതുവരെ 772 കേസുകളാണ് സ്ഥിരീകരിച്ചത്. ഒമ്പതിനായിരത്തോളം പേര്‍ക്ക് രോഗമുണ്ടെന്നാണ് ഇവര്‍ പറയുന്നത്. മെഡിക്കല്‍ സ്റ്റാഫുകള്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുവരെ 54 മരണങ്ങളാണ് ഇറാഖില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ കൂടുതല്‍ കേസുകളില്ലെന്നും എല്ലാ ആരോപണങ്ങളും തെറ്റാണെന്നും ഇറാഖ് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.