1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2020

സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അമ്പത് ലക്ഷം കടന്നു. 5,017,897 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. കൊവിഡ് മരണം 325,624 ആയി. മൂന്നിലൊന്ന് രോഗികളും അമേരിക്കയിലാണ്. യൂറോപ്പും ആശങ്കപ്പെടുത്തുന്ന രോഗപ്പകർച്ചയിൽ വിറങ്ങലിച്ച് നിൽകുമ്പോൾ വാക്‌സിൻ യാഥാർഥ്യമാകും വരെ മുൻകരുതൽ അല്ലാതെ മറ്റു വഴിയില്ലെന്ന തിരിച്ചറിവിലാണ് ലോകം. 1,980,118 പേർക്കാണ് ഇതുവരെ രോഗമുക്തി.

ഏപ്രിൽ 21 ന് 25 ലക്ഷം ആയിരുന്നു കൊവിഡ് രോഗികൾ. 29 ദിവസം കൊണ്ട് രോ​ഗബാധിതരുടെ എണ്ണം‌ ഇരട്ടിയായി. ആകെ രോഗികളിൽ 15 ലക്ഷവും അമേരിക്കയിലാണ്. അമേരിക്കയിൽ മരണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 1,573,042 രോ​ഗബാധിതരാണ് അമേരിക്കയിൽ ഉള്ളത്.

93,652 മരണവുമായി അമേരിക്ക തന്നെയാണ് ഒന്നാമത്. അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് ബഹുമതിയായി കണക്കാക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധനകള്‍ നടക്കുന്നത് അമേരിക്കയിലാണെന്ന് തെളിയിക്കുന്നുവെന്നും ആ രീതിയില്‍ നോക്കുമ്പോള്‍ നല്ലകാര്യമാണെന്നുമാണ് ട്രംപ് വൈറ്റ് ഹൗസില്‍ പറഞ്ഞത്.

അതേസമയം ട്രംപിന്റെ അവകാശവാദത്തെ നിശിതമായി വിമര്‍ശിച്ച് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തി. നേതൃത്വം സമ്പൂര്‍ണ്ണ പരാജയമാണെന്ന് കാണിക്കുന്നതാണ് ഇതെന്നാണ് ഡെമോക്രാറ്റിക് നാഷണല്‍ കമ്മറ്റി ട്വീറ്റ് ചെയ്തത്.

ആകെ കോവിഡ് പരിശോധനയില്‍ ആഗോള തലത്തില്‍ മുന്നിലാണെങ്കിലും ജനസംഖ്യക്ക് ആനുപാതികമായി നോക്കിയാല്‍ അമേരിക്ക പതിനാറാമതാണ്. ഐസ്‌ലന്റ്, ന്യൂസിലന്റ്, റഷ്യ, കാനഡ തുടങ്ങി പല രാജ്യങ്ങളും അമേരിക്കക്ക് മുന്നിലുണ്ട്. കഴിഞ്ഞ ആഴ്ച്ചയില്‍ ശരാശരി മൂന്ന് ലക്ഷത്തിനും നാല് ലക്ഷത്തിനും ഇടക്കാണ് കോവിഡ് പരിശോധനകള്‍ അമേരിക്കയില്‍ നടന്നിട്ടുള്ളത്. ഇത് ഒമ്പത് ലക്ഷമാക്കി ഉയര്‍ത്തണമെന്നാണ് ഹാര്‍വാഡ് ഗ്ലോബല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആവശ്യപ്പെടുന്നത്.

കൊറോണയുടെ ഏറ്റവും പുതിയ ആഘാത കേന്ദ്രമായ ബ്രസീലില്‍ മരണ നിരക്ക് കുതിച്ചുയരുകയാണ്. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ ബ്രസീല്‍. ചൊവ്വാഴ്ച മാത്രം ബ്രസീലില്‍ 1179 പേര്‍ മരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന റെക്കോര്‍ഡ് മരണനിരക്കാണിത്‌. 881 മരണമായിരുന്നു ഇതിന് മുമ്പ് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ മരണ നിരക്ക്.

തീവ്രവലതുപക്ഷക്കാരനായ ബ്രസീലിയന്‍ പ്രസിഡന്റ് ജയിര്‍ ബോല്‍സൊണാരൊ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ എതിര്‍ക്കുന്നതിനിടയിലാണ്‌ രാജ്യത്ത് വൈറസ് വ്യാപകമാകുന്നത്‌. യുഎസിനും റഷ്യക്കും പിന്നാലെ രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമതുള്ള ബ്രസീലില്‍ പതിനെട്ടായിരത്തോളം പേര്‍ ഇതിനോടകം മരിച്ചു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ കൊറോണയുടെ ആഘാതം കുറഞ്ഞിട്ടുണ്ട്. 27,778 പേരുടെ ജീവനെടുത്ത സ്‌പെയിനില്‍ ആശ്വാസമായി 24 മണിക്കൂറിനിടെ 69 മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ 162 മരണവും റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ സ്ഥിരമായി ആയിരത്തിന് മുകളില്‍ മരണമുണ്ടായിരുന്ന ഈ രണ്ട് രാജ്യങ്ങളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മരണനിരക്ക് 200 നുള്ളിലാണ്. പുതിയ രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. അതേസമയം യുകെയില്‍ ചൊവ്വാഴ്ച 545 മരണം റിപ്പോര്‍ട്ട് ചെയ്തു.

റഷ്യ, ബ്രസീൽ, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. ആഫ്രിക്കയിൽ രോഗികളുടെ എണ്ണം ലക്ഷത്തിൽ താഴെ നിൽക്കുന്നത് പരിശോധനകൾ കുറവായതിനാലാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

കൊറോണവൈറസ് ബാധിതര്‍ ഒരു ലക്ഷം കടന്ന ഇന്ത്യ ഏഷ്യയില്‍ ഏറ്റവും വേഗതയില്‍ രോഗം പടരുന്ന രാജ്യമാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച ഘട്ടത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട്. 1,01,328 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മൂവായിരത്തിലധികം പേര്‍ മരിക്കുകയും ചെയ്തു.

സാമൂഹിക അകലം അല്ലാതെ തത്കാലം പ്രതിരോധം ഒന്നുമില്ലെന്ന് സമ്മതിച്ച ലോകാരോഗ്യ സംഘടനാ വൈറസ് ഉടനൊന്നും അപ്രത്യക്ഷമാകില്ലെന്ന നിലപാടിലാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലായി പുരോഗമിക്കുന്ന വാക്സിൻ ഗവേഷണങ്ങളിൽ മാത്രമാണ് ഇപ്പോൾ ലോകത്തിന്റെ പ്രതീക്ഷ.

കൊവിഡ് പ്രതിസന്ധി 60 മില്യണ്‍ ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോകബാങ്ക്. ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവിധ രാജ്യങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ഇന്നോളം ചെയ്തു വന്ന അനവധി പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതാണ് നിലവിലെ സാഹചര്യമെന്നും ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.