1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2020

സ്വന്തം ലേഖകൻ: അമേരിക്കയിൽ കോവിഡ് മരണം 11,000 പിന്നിടുകയും രോഗികൾ 4 ലക്ഷത്തോട് അടുക്കുകയും ‌ചെയ്യുമ്പോഴും ചില സംസ്ഥാനങ്ങളിൽ രോഗവ്യാപനത്തിന്റെ തോത് കുറയുന്നതു പ്രതീക്ഷയേകുന്നു. ന്യൂയോർക്ക്, ന്യൂജഴ്സി, ലൂസിയാന എന്നിവിടങ്ങളിൽ രോഗം മൂർധന്യാവസ്ഥയിലെത്തിയെന്നും ഇനി രോഗികളുടെ എണ്ണം കുറയാനാണു സാധ്യതയെന്നുമാണു വിലയിരുത്തൽ.

എന്നാൽ മൊത്തം മരണസംഖ്യ കണക്കാക്കുമ്പോൾ രാജ്യം നിർണായകമായ ഘട്ടത്തിലേക്കു കടന്നിരിക്കയാണെന്നും അതീവജാഗ്രത പുലർത്തേണ്ടതുണ്ടെന്നും ഈ സംസ്ഥാനങ്ങളിലെ ഗവർണർമാർ ചൂണ്ടിക്കാട്ടി.

പുതിയ സാഹചര്യത്തിൽ രാജ്യത്തെ മൊത്തം മരണസംഖ്യ ലക്ഷത്തിൽ താഴെയായിരിക്കുമെന്നാണ് വൈറ്റ് ഹൗസ് ടാസ്ക്ഫോഴ്സിന്റെ പുതിയ പ്രവചനം. 2 ലക്ഷത്തിനടുത്തെത്തുമെന്നായിരുന്നു മുൻ പ്രവചനം. മൻഹാറ്റനിലെ സെന്റ് ജോൺസ് കത്തീഡ്രലിൽ ആശുപത്രിയൊരുക്കി. ഇവിടെ 200 രോഗികളെ ചികിത്സിക്കാൻ സൗകര്യമുള്ള 9 കൂടാരങ്ങൾ ഉയർന്നു. മുൻപ് പ്ലേഗ് പടർന്നപ്പോഴും ഇവിടം ചികിത്സയ്ക്കു വിട്ടുനൽകിയിരുന്നു.

രാജ്യത്തെ മൊത്തം മരണ സംഖ്യയുടെ 45 % ന്യൂയോർക്കിലാണ്. രോഗികളുടെ എണ്ണം 7 % വർധിച്ചെങ്കിലും ശ്വാസകോശ സംബന്ധമായ ചികിത്സയ്ക്ക് എത്തിയവർ മുൻദിവസങ്ങളെ അപേക്ഷിച്ച് കുറഞ്ഞു. ഗുരുതര രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. ന്യൂജഴ്സിയിൽ രോഗികളുടെ വർധന മാർച്ച് 30 നെ അപേക്ഷിച്ച് പകുതിയായി. ഇതേസമയം, ടെക്സസിൽ പുതിയ കേസുകളിൽ 7 % വർധന.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനുമായി കോവിഡ് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചർച്ച നടത്തി. ബറാക് ഒബാമയുടെ കാലത്ത് സമാന പ്രതിസന്ധി കൈകാര്യം ചെയ്തു പരിചയിച്ചതിൽനിന്നു ലഭിച്ച വിവരങ്ങൾ ട്രംപുമായി പങ്കിടാൻ ആഗ്രഹിക്കുന്നതായി നേരത്തേ ബൈഡൻ പറഞ്ഞിരുന്നു.

ഇന്ത്യയിൽ നിന്ന് 1,300 യുഎസ് പൗരന്മാരെ മടക്കിക്കൊണ്ടുവരാൻ നടപടി സ്വീകരിച്ചെന്നും കൂടുതൽ വിമാനങ്ങൾ ഏർപ്പാടു ചെയ്തിട്ടുണ്ടെങ്കിലും മടങ്ങാൻ പലരും മടിക്കുന്നെന്ന് അധികൃതർ വ്യക്തമാക്കി.

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരില്‍ ഭൂരിഭാഗവും ആഫ്രോ അമേരിക്കകാരെന്ന് റിപ്പോര്‍ട്ടുകള്‍. ആരോഗ്യസംവിധാനങ്ങളുടെ അപര്യാപത തമൂലമാണ് ഇത് സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിക്കാഗോയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരില്‍ 70 ശതമാനവും ആഫ്രോ അമേരിക്കന്‍ വംശജരെന്ന് റിപ്പോര്‍ട്ടുകള്‍. ചിക്കാഗോയില്‍ മൊത്തം ജനസംഖ്യയിലെ 30 ശതമാനം മാത്രമാണ് ആഫ്രോ അമേരിക്കക്കാര്‍ ഉള്ളത്. മില്‍വാക്കിയില്‍ 27 ശതമാനമാണ് ആഫ്രോ അമേരിക്കക്കാരുള്ളത്. അവിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 81 ശതമാനമാണ്.

കൊവിഡ് സ്ഥിരീകരിച്ചവരുടെ വംശത്തെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ യു.എസ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഇത്തരത്തില്‍ പുറത്തു വിടാതിരിക്കുന്നത് രാജ്യത്തുടനീളം ഈ കണക്കുകളില്‍ എത്രത്തോളം വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കണ്ടെത്താന്‍ പ്രയാസം സൃഷ്ടിക്കുമെന്നണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവരങ്ങള്‍ സര്‍ക്കാരിനോട് പുറത്തുവിടണമെന്നും അല്ലാത്ത പക്ഷം കൃത്യമായി മരുന്നുകളോ കാര്യങ്ങളോ വിതരണം ചെയ്യാന്‍ സാധിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

അതേസമയം അമേരിക്കയിലെ ഒമ്പതോളം ഗവര്‍ണര്‍മാരാണ് ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പിലാക്കാന്‍ വിസമ്മതിക്കുന്നത്. നോര്‍ത്ത് ഡകോറ്റ, ലോവ, അര്‍കനസസ്, നെബ്രസ്‌ക എന്നീ സേറ്റുകളില്‍ ഇതുവരെയും ആളുകള്‍ക്ക് പുറത്തിറങ്ങുന്നതിന് നിയന്ത്രണമില്ല.

ഗവര്‍ണര്‍മാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ വിസമ്മതിച്ച ചില സ്റ്റേറ്റുകളില്‍ ഇവിടത്തെ ലോക്കല്‍ നേതാക്കളാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് അല്‍ ജസീര റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റേറ്റുകളില്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ അടച്ചിടുകയും ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചെങ്കിലും ജനങ്ങള്‍ക്ക് ഇതുവരെയും പുറത്തിറങ്ങുന്നത് പൂര്‍ണമായും നിയന്ത്രിക്കുന്ന ‘സ്റ്റേ അറ്റ് ഹോം’ ഓര്‍ഡറുകള്‍ നല്‍കിയിട്ടില്ല .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.