1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2020

സ്വന്തം ലേഖകൻ: കൊവിഡ് 19 ലോകമൊട്ടാകെ മരണം വിതയ്ക്കുന്നത് തുടരുമ്പോൾ ആകെ രോഗബാധിതരുടെ എണ്ണം 1,288,504 ആയി. 70,569 പേരാണ് 208 രാജ്യങ്ങളിലായി ഇതുവരെ മരിച്ചത്. കോവിഡ് 19 ഏറ്റവും കൂടുതല്‍ നാശം വിതച്ച യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലിയും സ്പെയിനും മരണനിരക്കിൽ കുറവ് രേഖപ്പെടുത്തിയത് ആശ്വാസമായി.

24 മണിക്കൂറിനുള്ളില്‍ ആയിരത്തിനോടടുത്ത് മരണങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്ത ദിവസങ്ങള്‍ ഇരുരാജ്യങ്ങളിലുമുണ്ടായിട്ടുണ്ട്. ഇറ്റലിയില്‍ ഞായറാഴ്ച 525 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏറ്റവും കുറവ് മരണനിരക്ക് രേഖപ്പെടുത്തിയ ദിവസമായിരുന്നു ഇന്നലെ. ഇതുവരെ 15,887 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.ആകെ രോഗികളുടെ എണ്ണം 128,948. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിലും തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗികളുടെ എണ്ണത്തിലും കുറവുള്ളതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കഴിഞ്ഞ നാലാഴ്ചകളിലായി ലോക് ഡൌണിലാണ് രാജ്യം.

സ്പെയിനില്‍ 674 പേരാണ് ഞായറാഴ്ച കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചത്. മാര്‍ച്ച് ആദ്യം മുതലുള്ള കണക്ക് പരിശോധിച്ചാല്‍ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. ശനിയാഴ്ച 809 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 13,055 പേരാണ് സ്പെയിനില്‍ വൈറസ് ബാധിച്ച് മരണമടഞ്ഞത്. ആകെ രോഗികൾ 135,032. ഏറെ പ്രതീക്ഷയോടെയാണ് സ്പാനിഷ് അധികൃതര്‍ മരണനിരക്ക് കുറയുന്നതിനെ കാണുന്നത്.

അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 336,907 ആയി. 9,624 പേരാണ് ഇതുവരെ മരണപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതി മാറ്റി മറിച്ച പേള്‍ഹാര്‍ബര്‍ ആക്രമണത്തിന് സമാനമായ സാഹചര്യത്തെയാണ് അമേരിക്ക അഭിമുഖീകരിക്കാന്‍ പോകുന്നതെന്ന് അമേരിക്കന്‍ സര്‍ജന്‍ ജനറല്‍ ജെറോം ആദംസ് പറഞ്ഞു. വരുന്ന ആഴ്ചയില്‍ അമേരിക്കയില്‍ ഒട്ടേറെ മരണങ്ങളുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

“അടുത്തയാഴ്ചയെന്നത് നമ്മെ സംബന്ധിച്ച് പേള്‍ഹാര്‍ബര്‍ നിമിഷങ്ങളായിരിക്കും. അത് നമ്മുടെ 9/11 നിമിഷം പോലായിരിക്കും,” ജെറോം ആദംസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തങ്ങളുടെ ജീവിതത്തിനിടയില്‍ അമേരിക്കക്കാര്‍ നേരിടുന്ന ഏറ്റവും കഷ്ടതയേറിയ നിമിഷങ്ങളാവും ഇനി വരാന്‍ പോവുന്നത്. മരണനിരക്ക് കുത്തനെ ഉയരുന്നത് കുറച്ച്‌ ഇതിനെ മറികടക്കണമെങ്കില്‍ ഓരോരുത്തരും അവരവരുടെ കടമകള്‍ ചെയ്യേണ്ടതുണ്ടെന്നും ആദംസ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ പകര്‍ച്ചവ്യാധി വിഭാഗം മേധാവി അന്തോണി ഫൗസി ആവര്‍ത്തിച്ചതും വരാനിരിക്കുന്നത് ഏറ്റവും മോശമേറിയ ആഴ്ചയാണെന്നാണ്. രാജ്യം ഏറ്റവും പ്രയാസമേറിയ ആഴ്ചയിലൂടെയാണ്‌ കടന്നു പോകാനൊരുങ്ങുന്നതെന്നും ഇതിനെ താമസിയാതെ നമ്മള്‍ മറികടക്കുമെന്ന് ട്രംപും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകമെമ്പാടും പടരുമെന്ന സൂചന ലഭിച്ചിട്ടും അമേരിക്കൻ ഭരണകൂടം വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ലെന്ന ആരോപണം ശക്തമാവുന്നു. കാര്യഗൗരവത്തില്‍ പെരുമാറേണ്ടിയിരുന്ന രണ്ട് മാസം ട്രംപ് ഭരണകൂടം പാഴാക്കിയെന്നും ഈ സമയം കൊണ്ട് അവശ്യ മെഡിക്കല്‍ ഉപകരണങ്ങളും മറ്റും തയ്യാറാക്കാമായിരുന്നെന്നും ആരോപണമുണ്ട്.

മാധ്യമങ്ങളും ഡെമോക്രാറ്റുകളും നല്‍കിയ മുന്നറിയിപ്പുകള്‍ വ്യാജമാണെന്നും അതിശയോക്തി നിറഞ്ഞതാണെന്നുമെന്നായിരുന്നു ആദ്യഘട്ടത്തിലെ ട്രംപിന്റെ പ്രതികരണം. ലോകാരോഗ്യ സംഘടന കൊറോണ ആഗോള മാഹാമാരിയാണെന്ന മുന്നറിയിപ്പ് നല്‍കിയപ്പോഴും അമേരിക്കയില്‍ എല്ലാം നിയന്ത്രണവിധേയമാണെന്നും ശുഭപര്യവസായിയാകുമെന്നുമായിരുന്നു ട്രംപിന്റെ നിലപാട്.

ഇറാന്‍, വെനിസ്വേല തുടങ്ങിയ രാജ്യങ്ങള്‍ കൊവിഡ്-19 പ്രതിസന്ധിയിലായിരിക്കെ ഈ രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്ക ചുമത്തിയ വിലക്കുകള്‍ നീക്കാത്തതിനെ രൂക്ഷമായി വിമർശിച്ച് ഹോളിവുഡ് സംവിധായകന്‍ ഒലിവര്‍ സ്‌റ്റോണ്‍ രംഗത്തെത്തി. ഒപ്പം ക്യൂബ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ കൊവിഡ് പ്രതിരോധത്തിനായി മറ്റു രാജ്യങ്ങള്‍ക്കു നല്‍കുന്ന മെഡിക്കല്‍ സഹായങ്ങളെ ഇദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ് പത്രത്തില്‍ നല്‍കിയ ലേഖനത്തിലാണ് ഒലിവര്‍ സ്റ്റോണിന്റെ പ്രതികരണം.

“ഇറാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരോ 10 മിനുട്ടിലും ഒരാള്‍ മരിക്കുന്നുണ്ട്. ലക്ഷക്കണക്കിന് പേര്‍ മരിക്കുമെന്നാണ് അന്താരാഷ്ട്ര മെഡിക്കല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ ഭയപ്പെടുന്നത്. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ യു.എസ് ഗവണ്‍മെന്റ് ഇതിന്റെ ധാര്‍മ്മികവും നിയമപരവുമായ വലിയ ഉത്തപരവനാദിത്വം വഹിക്കേണ്ടി വരും,” ഒലിവര്‍ സ്റ്റോണ്‍ പറഞ്ഞു.

ഒപ്പം വെനിസ്വേല, ക്യൂബ, നിക്വാരാഗ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക വിളക്കുകളെയും ഇദ്ദേഹം വിമര്‍ശിച്ചു. അമേരിക്കയുടെ ഇടപെടല്‍ കാരണം കൊവിഡിനെ പ്രതിരോധിക്കാന്‍ ഐ.എം.എഫിനോട് വെനിസ്വേല ആവശ്യപ്പെട്ടിരുന്ന 5 ബില്യണ്‍ ഡോളര്‍ ഐ.എം.എഫ് നല്‍കാതിരുന്നതും ഒലിവര്‍ സ്റ്റോണ്‍ ചൂണ്ടിക്കാട്ടി.

കൊറോണ ബാധിച്ച് മരിച്ചക്കുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്ന ഇക്വഡോറിലെ ഗ്വയാക്വില്‍ നഗരത്തില്‍ അധികൃതര്‍ വിതരണം ചെയ്യുന്നത് മാസ്‌കുകളല്ല, മറിച്ച് ശവപ്പെട്ടികളാണ്. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ വീടുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഹെല്‍പ് ലൈന്‍ പോലും ആരംഭിച്ചുകഴിഞ്ഞു നഗരം.

ആശുപത്രികളും മോര്‍ച്ചറികളും നിറഞ്ഞുകവിഞ്ഞിരിക്കുന്നു. അതിനാല്‍ത്തന്നെ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വീടുകളില്‍ സൂക്ഷിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് നഗരവാസികള്‍. നടപ്പാതകളിലോ, വീടുകള്‍ക്ക് പുറത്തോ വലിച്ചെറിഞ്ഞ രീതിയില്‍ മൃതദേഹങ്ങള്‍ കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഇക്വഡോറിന്റെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇവിടെ കൊറോണ വൈറസ് ബാധ മൂലം മരിച്ചത് 180 പേരാണ്. എന്നാല്‍ യഥാര്‍ഥ മരണനിരക്ക് ഇതൊന്നുമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഔദ്യോഗികമായി 3,646 കൊറോണ കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഗ്വയാസിലെ യഥാര്‍ഥ മരണസംഖ്യയെ കുറിച്ച് വെളിപ്പെടുത്തരുതെന്ന ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം ലഭിച്ചിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.

കൊവിഡ്-19 സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടുകളില്‍ ഗാര്‍ഹിക പീഡനം ക്രമാതീതമായി ഉയര്‍ന്നതായി യു.എന്‍ സെക്രട്ടറി ജെനറല്‍ ആന്റോണിയോ ഗുട്ടറസ്. ഇതിനെതിരെ രാജ്യങ്ങള്‍ നടപടിയെടുക്കണെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു. പോര്‍ക്കളത്തില്‍ മാത്രമല്ല സംഘട്ടനം നടക്കുന്നതെന്ന് ഗുട്ടറസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.