1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2020

സ്വന്തം ലേഖകൻ: ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ട സര്‍വീസുകള്‍ക്ക് തുടക്കമായി. മൊത്തം 214 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ കേരളത്തിലേക്കുള്ളത്. നാലാം ഘട്ടത്തില്‍ സൌദിയെ അവഗണിച്ചതിലുള്ള നിരാശയിലാണ് സൌദിയിലെ പ്രവാസികള്‍.

ജൂലൈ ഒന്ന് മുതല്‍ ആഗസ്ത് 15 വരെയുള്ള വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ലഭിച്ചത് ഖത്തറിലെ പ്രവാസികള്‍ക്കാണ്. മൊത്തം 151 സര്‍വീസുകളാണ് ഈ ഘട്ടത്തില്‍ ദോഹയില്‍ നിന്നും കേരളത്തിലേക്കുള്ളത്. ഏകദേശം ഇരുപത്തിയേഴായിരം പ്രവാസികള്‍ക്ക് ഇക്കുറി ഖത്തറില്‍ നിന്ന് മടങ്ങാം.

ഇതോടെ ഖത്തറില്‍ നിന്നും ഇനി ചാര്‍ട്ടര്‍ഡ് സര്‍വീസുകളുടെ ആവശ്യം വരില്ലെന്നാണ് വിലയിരുത്തല്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ഇത്തവണ ഇന്ത്യയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നടത്തുന്നത്. കേരളത്തിലേക്ക് ഇതാദ്യമായാണ് വന്ദേഭാരത് മിഷന്‍ സര്‍വീസ് ഇന്‍ഡിഗോ നടത്തുന്നത്.

അതേസമയം സൌദിയില്‍ നിന്ന് ആകെ 11 സര്‍വീസുകളാണ് കേരളത്തിലേക്കുള്ളത്. കുവൈത്തില്‍ നിന്ന് നിലവില്‍ പതിനൊന്ന് സര്‍വീസുകള്‍ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും കൂടുതല്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഒമാനില്‍ നിന്ന് ആകെ എട്ട് സര്‍വീസുകള്‍ മാത്രം. യു.എഇ.യില്‍ നിന്ന് മുപ്പത്തിമൂന്ന് സര്‍വീസുകള്‍. ഇതില്‍ ആദ്യത്തെ സര്‍വീസ് ഇന്ന് ദുബായ്യില്‍ നിന്നും കൊച്ചിയിലേക്ക് തിരിക്കും.

അതിനിടെ ഗള്‍ഫില്‍ ഇന്നലെ കൊവിഡ് ബാധിച്ച് ഏഴ് മലയാളികള്‍ മരിച്ചു. സൌദിയില്‍ ആറു പേരും ഒമാനില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ സൗദിയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം തൊണ്ണൂറ്റി ഏഴായി.

കൊവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മലയാളികളാണ് ഇന്നലെ മരിച്ചത്. ആലപ്പുഴ കായംകുളം ചാരുമൂട് സ്വദേശി സൈനുദ്ദീന്‍ സുലൈമാന്‍ റാവുത്തറാണ് അല്‍ഖോബാറില്‍ മരിച്ചത്. 47 വയസ്സ് പ്രായമായിരുന്നു.

കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുരേന്ദ്രന്‍ പുരുഷോത്തമന്‍ ആണ് ജുബൈലില്‍ മരിച്ചത്. 55 വയസ്സ് പ്രായമായിരുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട് ആലന്തറ സ്വദേശി അജി കുമാര്‍ – 50 വയസ്സ്, പാലക്കാട് പുതുക്കോട് മണപ്പാടം സ്വദേശി സതീഷ് ബാബു, 35 വയസ്സ് എന്നിവരാണ് അല്‍ഹസ്സയില്‍ മരിച്ചത്. കോട്ടയം അതിരമ്പുഴ സ്വദേശിയും 67കാരനുമായ നിരപ്പേല്‍ റാവുത്തര്‍, മലപ്പുറം ആനമങ്ങാട് സ്വദേശിയായ 50കാരന്‍ കല്ലന്‍കുഴിയില്‍ അബൂബക്കര്‍ എന്നിവരാണ് റിയാദില്‍ മരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.