1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2020

സ്വന്തം ലേഖകൻ: വന്ദേഭാരത് ദൗത്യത്തിന്റെ 4ാം ഘട്ടത്തിൽ ഒമാനിൽ നിന്നു കേരളത്തിലേക്കടക്കം 14 സർവീസുകൾ. കേരളത്തിലേക്ക് 8 വിമാനങ്ങളുണ്ടാകും. 9 മുതൽ 23 വരെയുള്ള സർവീസുകളാണ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തവരില്‍ നിന്നു മുന്‍ഗണനാ ക്രമത്തിലാണു യാത്രക്കാരെ തിരഞ്ഞെടുക്കുക.

10: സലാല – കൊച്ചി, മസ്‌കത്ത് – കോഴിക്കോട്, 12: മസ്‌കത്ത് – തിരുവനന്തപുരം, 14: മസ്‌കത്ത്-കണ്ണൂർ, 18: മസ്‌കത്ത് – തിരുവനന്തപുരം, 19: മസ്‌കത്ത്-കൊച്ചി, 21: മസ്‌കത്ത്-കൊച്ചി, 23: മസ്കത്ത്-കോഴിക്കോട്.

മറ്റു സർവീസുകൾ

9: മസ്കത്ത്-വിജയവാഡ, 11: മസ്കത്ത്-ഡൽഹി, 13: മസ്കത്ത്-കോയമ്പത്തൂർ, 15: മസ്കത്ത്-ലക്നൗ, 16: മസ്കത്ത്-മുംബൈ, 17: മസ്കത്ത്-ബെംഗളൂരു- മംഗളൂരു.

യുഎഇയിൽനിന്ന് കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ

യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി. കേരളം ഉൾപെടെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ചാർട്ടേർഡ് വിമാനങ്ങളിൽ കമ്പനികൾ നേരിട്ടു നടത്തുന്നവയും വിവിധ സംഘടനകൾ നടത്തുന്നവയും ഉൾപെടും.

വന്ദേഭാരത് മിഷൻ പദ്ധതിയുടെ പുതിയ പട്ടികയനുസരിച്ച് കേരളത്തിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കുറഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കുന്നതിനിടെയാണ് കൂടുതൽ ചാർട്ടർ സർവീസുകൾക്ക് അനുമതി. തൊഴിലാളികളെ നാട്ടിലെത്തിക്കാൻ കമ്പനികൾ ചാർട്ടർ ചെയ്ത വിമാനത്തിൽ യുഎഇയിൽ നിന്ന് 2681 പേർ ഇന്ത്യയിലെത്തി.

ഇന്നലെ മാത്രം അബുദാബിയിൽനിന്ന് 6 ചാർട്ടർ വിമാനങ്ങളിലായി 1113 തൊഴിലാളികളാണ് യാത്ര തിരിച്ചത്. വിവിധ എമിറേറ്റിൽനിന്ന് മൊത്തം 15 വിമാനങ്ങളിലാണ് ഇത്രയും പേരെ നാട്ടിലെത്തിച്ചതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷന് 5 വിമാനങ്ങൾ

പ്രവാസികൾക്ക് നാട്ടിലേക്കു പോകാൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ 5 ചാർട്ടേഡ് വിമാന സർവീസുകൾ നടത്തും. അന്തിമ അനുമതി കഴിഞ്ഞ ദിവസം ലഭിച്ചു. കേരളത്തിലെ നാലു വിമാനത്താവളങ്ങളിലേക്കും സർവീസ് നടത്തുന്നതിനുപുറമെ ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലേക്കും വിമാനം ഏർപ്പെടുത്തുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൺ അറിയിച്ചു.

പത്തു മുതൽ സർവീസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. നിരക്കിൽ അന്തിമ തീരുമാനം ആയിട്ടില്ല. എയർ അറേബ്യ അടക്കമുള്ള വിമാനക്കമ്പനികളുമായി ചർച്ച നടക്കുകയാണ്. റജിസ്ട്രേഷൻ നടത്താനുള്ള വെബ്സൈറ്റ് പ്രസിദ്ധീകരിച്ചു. ആദ്യ സർവീസിൽ അസോസിയേഷൻ അംഗങ്ങൾക്കും മാനേജിങ് കമ്മിറ്റി നിർദ്ദേശിക്കുന്നവർക്കുമാകും മുൻഗണന.

എംബസിയിൽ പേര് റജിസ്റ്റർ ചെയ്തിരിക്കണം. നാട്ടിലേക്കു മടങ്ങാൻ ദിനം പ്രതി ആയിരങ്ങളാണ് അസോസിയേഷനോട് സഹായം അഭ്യർഥിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും കോൺസുലേറ്റും പൂർണ പിന്തുണ നൽകുന്നുണ്ടെന്നും നന്ദി അറിയിക്കുന്നതായും ഇ.പി ജോൺസൺ പറഞ്ഞു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.