1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2020

സ്വന്തം ലേഖകൻ: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സൌദിയിലെ ജിദ്ദയില്‍ അടുത്ത 15 ദിവസത്തേക്ക് കര്‍ഫ്യൂ ഇളവ് ഭാഗികമായി പിന്‍വലിച്ചു. നാളെ മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും. നാളെ മുതല്‍ ജൂണ്‍ 20 വരെ വൈകുന്നേരം മൂന്ന് മണി മുതല്‍ കര്‍ഫ്യൂ ആയിരിക്കും. രാവിലെ ആറ് വരെ കര്‍ഫ്യൂ തുടരും. എന്നാല്‍‌ രാവിലെ ആറ് മുതല്‍ വൈകീട്ട് മൂന്ന് വരെ പുറത്തിറങ്ങാം. പള്ളികളിലെ നമസ്കാരവും നിര്‍‌ത്തി. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ പാടില്ല.

കര്‍ഫ്യൂ ഇല്ലാത്ത സമയങ്ങളില്‍ ജിദ്ദക്ക് അകത്തേക്ക് പ്രവേശിക്കാനും പുറത്ത് പോകാനും തടസ്സമില്ല. വിമാനങ്ങളും ട്രെയിനും റോഡ് ഗതാഗതവും തുടരും. ഹോട്ടലുകള്‍ക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും വിലക്കി. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിയാല്‍ നടപടിയുണ്ടാകും. പിടിയിലായാല്‍ വിദേശികളാണണെങ്കില്‍ നാടു കടത്തും.

കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടും ജനങ്ങള്‍ നിബന്ധന പാലിക്കാതിരുന്നതാണ് കോവിഡ് വ്യാപിക്കാന്‍ കാരണമായത്. റിയാദിലും കേസുകള്‍ വര്‍ധിക്കുന്നുണ്ട്. റിയാദില്‍‌ സ്വീകരിക്കേണ്ട നടപടി ആലോചനയിലാണ്. ബാക്കി നഗരങ്ങളിലും കാര്യങ്ങള്‍ സ്ഥിതിഗതി നോക്കി തീരുമാനിക്കും.

കുവൈത്തില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ ചാവക്കാട് മുനക്കക്കടവ് സ്വദേശി ജലാലുദ്ധീൻ പോക്കാക്കില്ലത്ത് (46) ആണ് മരിച്ചത്. കോവിഡ് ബാധിച്ചു അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. യർമൂഖിൽ സ്വദേശി വീട്ടിൽ പാചകക്കാരനായിരുന്നു.

ഇത്തിഹാദ് എയർവേയ്സ് ഈ മാസം 10ന് അബുദാബി വഴി 20 നഗരങ്ങളിലേക്കു സർവീസ് ആരംഭിക്കുന്നു. യൂറോപ്, ഏഷ്യ, ഓസ്ട്രേലിയ രാജ്യങ്ങളിലെ നഗരങ്ങളിലേക്കായിരിക്കും സർവീസ്. മെൽബൺ, സി‍ഡ്നി, യുകെ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചിരുന്നു. ജക്കാർത്ത, കറാച്ചി, ക്വലാലംപൂർ, മനില, മെൽബൺ, സിയോൾ, സിംഗപ്പൂർ, സിഡ്നി, ടോക്യോ, ആംസ്റ്റർഡാം, ബാർസിലോണ, ബ്രസൽസ്, ഡബ്ലിൻ, ഫ്രാങ്ക്ഫർട്ട്, ജനീവ, ലണ്ടൻ ഹീത്രൂ, മാഡ്രിഡ്, മിലാൻ, പാരിസ്, സൂറിച്ച് എന്നീ സെക്ടറിലേക്കാണ് സർവീസ്.

നാട്ടിലേക്ക് മടങ്ങാനാകാതെ കിര്‍ഗിസ്താനില്‍ 250 ഓളം മലയാളി വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുന്നതായി മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു. വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിലും രാജ്യത്ത് നിന്ന് വിമാന സര്‍വീസ് ഇല്ലാത്തതാണ് വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തുന്നത്.

കിര്‍ഗിസ്താനിലെ ഓഷ് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ 250 ഓളം മെഡിക്കല്‍ വിദ്യാര്‍‌ഥികളാണ് നാട്ടിലേക്ക് മടങ്ങാനാകെ കുടുങ്ങി കിടക്കുന്നത്. വന്ദേഭാരതിന്റെ മൂന്നാം ഘട്ടത്തില്‍ പതിനൊന്നോളം വിമാനങ്ങളാണ് കിര്‍ഗിസ്ഥാനില്‍ നിന്നും ചാര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ കേരളത്തിലേക്ക് ഇത്തവണയും ഒരു സര്‍വീസ് പോലുമില്ല.

ദിനം പ്രതി രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇവരുടെ കോളേജ് ക്യാമ്പസ് നിലവില്‍ ഐസോലേഷന്‍ വാര്‍ഡ് ആയി പ്രവര്‍ത്തിക്കുകയാണ്. നാട്ടിലേക്ക് തിരിച്ചെത്താന്‍ സൌകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരടക്കമുളളവരെ ഇവര്‍ നിരവധി തവണ ബന്ധപ്പെട്ടിരുന്നു. ഉടന്‍ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളി വിദ്യാര്‍ഥികള്‍.

വന്ദേ ഭാരത് നാലാംഘട്ട വിമാന സർവീസുകളുടെ പട്ടിക പുറത്തിറക്കി. ഇൗ മാസം 9 മുതൽ 23 വരെ യുഎഇയിൽ നിന്ന് കേരളത്തിലേയ്ക്ക് 9 വിമാനങ്ങള്‍ മാത്രമാണ് പറക്കുക. അതും ര‌ണ്ടും മൂന്നും ദിവസങ്ങള്‍ ഇടവിട്ട്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലും യുഎഇയിൽ നിന്നായിരുന്നു ഏറ്റവും കൂടുതൽ വിമാനങ്ങൾ കേരളത്തിലേയ്ക്ക് പറന്നത്. ഏതാണ്ട് അമ്പതിലേറെ വിമാനങ്ങളിൽ ആയിരക്കണക്കിന് പേർ നാട്ടിലെത്തി.

മേയ് 7നായിരുന്നു വന്ദേ ഭാരത് മിഷൻ ആരംഭിച്ചത്. ഇന്ത്യൻ എംബസിയിൽ പേര് റജിസ്റ്റർ ചെയ്യുന്നവരിൽ ഗർഭിണികൾ, രോഗികൾ, വയോജനങ്ങൾ, ദുരിതത്തിലായ തൊഴിലാളികൾ, സന്ദർശക വീസയിൽ വന്ന് കുടുങ്ങിയവർ, ജോലി നഷ്ടപ്പെട്ടവർ, ഇവരുടെ കുടുംബങ്ങൾ എന്നിങ്ങനെ പ്രാധാന്യം നോക്കിയാണ് യാത്രക്കാരെ തിരഞ്ഞെടുക്കുന്നത്. എന്നാൽ, അർഹത ഇല്ലാത്തവരും പട്ടികയിൽ കയറിക്കൂടിയതായി പരാതികൾ ഉയർന്നിരുന്നു.

നാലാം ഘട്ട സർവീസുകൾ.

ജൂൺ 9ന് അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്ക് – ഐഎക്സ് 1452–രാവിലെ 10.45ന്

ദുബായിൽ നിന്ന് കോഴിക്കോട്ടേയ്ക്ക്– െഎഎക്സ്–1344–വൈകിട്ട് 3.30ന്

ജൂൺ 11ന്–അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക്–ഐഎക്സ്–1538–വൈകിട്ട് 5.05ന്

ജൂൺ 12ന്–അബുദാബിയിൽ നിന്ന് കോഴിക്കേട്ടേയ്ക്ക്– ഐഎക്സ് 1348–രാവിലെ 11.20ന്

ജൂണ്‍ 15ന്–അബുദാബിയിൽ നിന്ന് കോഴിക്കേട്ടേയ്ക്ക്–ഐഎക്സ്–1348– വൈകിട്ട് 5.20ന്

ജൂൺ 16ന്–അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്ക്– ഐഎക്സ്–1452–ഉച്ചയ്ക്ക് 1.30ന്

ജൂൺ 17ന്–ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് –ഐഎക്സ് –1434 –രാവിലെ 11.10ന്

അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് –ഐഎക്സ്–1538– രാത്രി 8.30ന്
ജൂൺ 19ന്– ദുബായിൽ നിന്ന് കണ്ണൂരിലേയ്ക്ക് –ഐഎക്സ്–1746– ഉച്ചയ്ക്ക് 12.55ന്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.