1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2020

സ്വന്തം ലേഖകൻ: കേരളത്തിലേക്ക് വിമാനം വരേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്ദേഭാരതിന്റെ ഭാഗമായി വിമാനങ്ങള്‍ വരുന്നതിന് കേരളം ഒരു നിബന്ധനയും വെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം ആവശ്യപ്പെട്ട എല്ലാ വിമാനത്തിലും കേരളം സമ്മതം നല്‍കി. വന്ദേഭാരതിന്റെ രണ്ടാം ഘട്ടത്തില്‍ ജൂണ്‍ മാസം ഒരു ദിവസം 12 വിമാനമുണ്ടാകുമെന്നാണ് വിദേശമന്ത്രാലയം പറഞ്ഞത്. സംസ്ഥാനം അതിന് പൂര്‍ണ്ണസമ്മതം അറിയിച്ചു. അത് പ്രകാരം ജൂണില്‍ 360 വിമാനങ്ങളാണ് വരേണ്ടിയിരുന്നത്.

എന്നാല്‍ ജൂണ്‍ 10 വരെ 36 വിമാനങ്ങള്‍ മാത്രമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. അതിനര്‍ത്ഥം കേരളം അനുമതി നല്‍കിയ 324 വിമാനങ്ങള്‍ ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ട് എന്നാണ്. മെയ് 7 മുതലാണ് വിദേശത്തുനിന്ന് ‘വന്ദേഭാരത്’ മിഷന്‍ പ്ലൈനുകള്‍ വരാന്‍ തുടങ്ങിയത്. ഇതുവരെ 140 വിമാനങ്ങളാണ് കേരളത്തിലെത്തിയത്.

കേരളത്തിലേക്ക് ഇതുവരെ വിദേശത്ത് നിന്ന് എത്തിയവരുടെ കണക്ക് 25,821 ആണ്. ഇതില്‍ വിമാനം വഴി എത്തിയവര്‍ 24,333 പേരും കപ്പല്‍ വഴി എത്തിയത് 1488 പേരുമാണ്.

‘വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ കൊണ്ടുവരുന്നതിന് തൊഴിലുടമകളോ ഏതെങ്കിലും ഗ്രൂപ്പോ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നുണ്ടെങ്കില്‍ ഒരു നിബന്ധനയും സംസ്ഥാനം പറഞ്ഞിട്ടില്ല. എന്നാല്‍ യാത്രക്കാരില്‍ നിന്ന് പണം ഈടാക്കി ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ കൊണ്ടുവരികയാണെങ്കില്‍ അതിന് സര്‍ക്കാര്‍ നിബന്ധന വെച്ചിട്ടുണ്ട്.

ഒന്ന്, വിമാന നിരക്ക് ഏകദേശം വന്ദേഭാരത് നിരക്കിന് തുല്യമായിരിക്കണം. രണ്ട്, സീറ്റ് നല്‍കുമ്പോള്‍ മുന്‍ഗണനാ വിഭാഗത്തില്‍ വരുന്നവരെ ആദ്യം പരിഗണിക്കണം. ജോലി നഷ്ടപ്പെട്ടവര്‍, വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, മറ്റു രോഗങ്ങളുള്ള വയോധികര്‍, കുടുംബത്തില്‍ നിന്ന് വേര്‍പെട്ടുപോയ കുട്ടികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. മറ്റു വ്യവസ്ഥകളൊന്നുമില്ല.

ഈ രണ്ടു നിബന്ധനകള്‍ തന്നെ, പ്രവാസികളുടെ താല്‍പര്യം പരിഗണിച്ചാണ്. ചില സ്വകാര്യ വിമാന കമ്പനികള്‍ പ്രവാസികളെ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിന് അനുമതി ചോദിച്ചിട്ടുണ്ട്. അതിനും സര്‍ക്കാര്‍ അനുമതി നല്‍കുന്നതാണ്.

സ്‌പൈസ് ജെറ്റിന് കേരളത്തിലേക്ക് 300 ഫ്‌ളൈറ്റിന് അനുമതി നല്‍കിയിട്ടുണ്ട്. ഒരുദിവസം പത്ത് എന്ന തോതില്‍ ഒരുമാസം കൊണ്ടാണ് ഇത്രയും ഫ്‌ളൈറ്റ് വരിക. അബുദാബി കെ.എം.സി.സിക്ക് 40 ചാര്‍ട്ടേഡ് ഫ്‌ളൈറ്റിനും അനുമതി കൊടുത്തിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ വിമാനസര്‍വീസ് ഓപ്പറേറ്റ് ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. തില്‍ കുറ്റപ്പെടുത്താനാകില്ല. രാജ്യവ്യാപക ദൗത്യമായതുകൊണ്ട് ചില പ്രയാസങ്ങളുണ്ടാകും. കേരളത്തെ സംബന്ധിച്ച് ഇപ്പോള്‍ അനുമതി നല്‍കിയ 324 ഷെഡ്യൂള്‍ ചെയ്താല്‍ ഇനിയും അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതിനിടെ ഖത്തറില്‍ നിന്നും വിവിധ സംഘടനകളും സ്ഥാപനങ്ങളും പ്രഖ്യാപിച്ചിരുന്ന ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ ഉടന്‍ ഉണ്ടായേക്കില്ല. അപേക്ഷിച്ചവരില്‍ ആര്‍ക്കും ഇതുവരെ ഇന്ത്യന്‍ എംബസി അനുമതി നല്‍കിയിട്ടില്ല. വന്ദേഭാരത് മിഷന്‍ അനുസരിച്ചുള്ള ടിക്കറ്റ് നിരക്കിന് മുകളില്‍ യാത്രാക്കൂലി ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനാലാണ് ആര്‍ക്കും അനുമതി നല്‍കാത്തതെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.