1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. കൊവിഡ് സ്ഥിരീകരിച്ച രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതില്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് രോഗം ബാധിച്ചശേഷം നടത്തുന്ന ആദ്യ പിസിആര്‍ പരിശോധന ഫലം നെഗറ്റീവായാല്‍ ഉടൻ ഡിസ്ചാര്‍ജ് ചെയ്യാം. ഏത് വിഭാഗത്തില്‍ പെട്ട രോഗികളും രണ്ടാമത്തെ പരിശോധനയില്‍ പോസിറ്റീവെന്ന് കണ്ടെത്തിയാല്‍ നെഗറ്റീവ് ആകും വരെ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ പിസിആര്‍ പരിശോധന നടത്തണം. ഡിസ്‌ചാർജ് കഴിഞ്ഞാൽ 7 ദിവസം നിരീക്ഷണം തുടരണം.

പാലക്കാടും മലപ്പുറത്തും ഒരു മാസത്തിലേറെയായി രോഗികൾ ആശുപത്രിയിൽ തുടരുന്ന സാഹചര്യത്തിൽ ആണ് പ്രോട്ടോക്കോളിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. രോഗലക്ഷണം ഇല്ലാത്തവർക്ക് ഫലം നെഗറ്റീവായാൽ ഉടൻ ഡിസ്‍ചാർജ് ചെയ്യാമെന്നാണ് തീരുമാനം.

ഒരു ലക്ഷണവും കാണിക്കാത്ത കൊവിഡ് രോഗികള്‍ക്കും വളരെ ചെറിയ ലക്ഷണങ്ങൾ മാത്രമുണ്ടായിരുന്നവര്‍ക്കും രോഗം സ്ഥിരീകരിച്ച് പത്താം ദിവസം വീണ്ടും പിസിആര്‍ പരിശോധന നടത്തണം. നെഗറ്റീവായാൽ ഡിസ്ചാര്‍ജ് ചെയ്യും. പനി, തൊണ്ടവേദന അടക്കം ലക്ഷണങ്ങളോടെ കാറ്റഗറി ബി യില്‍ പെടുന്ന രോഗികള്‍ക്ക് ലക്ഷണം മാറിയാൽ പതിനാലാം ദിവസം പരിശോധന നടത്തണം. നെഗറ്റീവ് ആയാല്‍ അവരേയും ഡിസ്ചാര്‍ജ് ചെയ്യാം.

ന്യുമോണിയ അടക്കം ലക്ഷണങ്ങളോടെ എത്തുന്ന രോഗികളോ ഗുരുതരാവസ്ഥയിലുളളവരോ ആണെങ്കില്‍ പതിനാലാം ദിവസം വീണ്ടും പിസിആര്‍ പരിശോധന നടത്തണം. അല്ലെങ്കില്‍ രോഗ തീവ്രത കുറയുന്ന മുറയ്ക്കോ ചികില്‍സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരമോ പരിശോധന നടത്തണം. പരിശോധന ഫലം നെഗറ്റീവ് ആയാൽ രോഗിയുടെ ആരോഗ്യനില പരിഗണിച്ച് ഡിസ്ചാര്‍ജ് ചെയ്യാം.

രണ്ടാം പിസിആര്‍ പരിശോധനയിലും പോസിറ്റീവാകുന്ന രോഗികള്‍ക്ക് നെഗറ്റീവ് ഫലം കിട്ടിയ ശേഷമേ ഡിസ്ചാര്‍ജ് ചെയ്യൂ. ചികിത്സയിലുള്ള രോഗികളുടെ 48 മണിക്കൂർ ഇടവിട്ടുള്ള തുടർച്ചയായ രണ്ട് ഫലങ്ങൾ നെഗറ്റീവ് ആയാൽ മാത്രം ഡിസ്ചാര്‍ജ് എന്ന രീതിയാണ് സംസ്ഥാനം പിന്തുടര്‍ന്നിരുന്നത്. ചികില്‍സയിലുള്ള കൊവിഡ് രോഗികള്‍ക്ക് ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ വീണ്ടും പിസിആര്‍ പരിശോധന നടത്താതെ തന്നെ പത്താം ദിവസം ഡിസ്ചാര്‍ജ് ചെയ്യാൻ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.