1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2020

സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരി മൂലം തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി ഡ്രീം കേരള പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരി എല്ലാ രാജ്യങ്ങളിലേയും വ്യവസായ, വാണിജ്യ സംരംഭങ്ങളെ കാര്യമായി ബാധിച്ചുവെന്നും തൊഴില്‍ നഷ്ടപ്പെട്ട് കൂടുതല്‍ പ്രവാസികള്‍ നാട്ടിലേക്ക് വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രശ്‌നം സര്‍ക്കാര്‍ ഗൗരവമായി വിലയിരുത്തി.

അതിന്റെ അടിസ്ഥാനത്തിലാണ് ഡ്രീം കേരള എന്ന പദ്ധതി പ്രവാസികള്‍ക്കായി നടപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതുവരെ തിരിച്ചെത്തിയ 1,43,147 പ്രവാസികളില്‍ 52 ശതമാനം പേര്‍ തൊഴില്‍ നഷ്ടപ്പെട്ടവരാണ്. വിസ കാലാവധി തീര്‍ന്ന 46,257 പേരും തിരിച്ചെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തുനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചുവരുന്നവരില്‍ വലിയൊരു വിഭാഗം പ്രൊഫഷണുകള്‍ ഉണ്ട്. വിവിധ തൊഴിലുകളില്‍ അന്താരാഷ്ട്ര വൈദഗ്ദ്ധ്യം നേടിയവരും സംരംഭങ്ങള്‍ നടത്തി പരിചയമുള്ളവരുമാണ് ഇവരില്‍ നല്ല പങ്ക്. ഇവരുടെ കഴിവിനെ സംസ്ഥാനത്തിന്റെ ഭാവിക്കുവേണ്ടി ഉപയോഗിക്കുകയെന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയില്‍ കേരളത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ക്ക് ജനങ്ങളുടെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ അവസരം നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ എങ്ങനെ നടപ്പിലാക്കണം എന്നത് സംബന്ധിച്ച് ഹാക്കത്തോണ്‍ നടത്തും. ഓരോ ആശയവും നടപ്പിലാക്കുന്നതില്‍ വിദഗ്ധ ഉപദേശം നല്‍കുന്നതിന് യുവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതിക്ക് രൂപം നല്‍കും. ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സമയമാണ് നല്‍കുക.

നിര്‍ദ്ദേശങ്ങള്‍ വിദഗ്ദ്ധ സമിതി വിലയിരുത്തി അതത് വകുപ്പുകള്‍ക്ക് ശുപാര്‍ശ നല്‍കും. തിരഞ്ഞെടുക്കപ്പെട്ട ആശയങ്ങളില്‍ ഒരു ആഴ്ച്ചയ്ക്കുള്ളില്‍ വകുപ്പുകള്‍ തീരുമാനം എടുക്കും. അതിനായി ഒരു സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കും.

മുഖ്യമന്ത്രി ചെയര്‍മാനായ കമ്മിറ്റിയില്‍ നിയമസഭ സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെ കൃഷ്ണന്‍ കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എകെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. പദ്ധതി നടത്തിപ്പിന് ഡോക്ടര്‍ കെ എം അബ്രഹാം ചെയര്‍മാനായി വിദഗ്ദ്ധ സമിതി രൂപീകരിക്കും. മുരളി തുമ്മാരുകുടി, ഡോക്ടര്‍ സജി ഗോപിനാഥ്, എസ് ഡി ഷിബു ലാല്‍, സി ബാലഗോപാല്‍, സാജന്‍ പിള്ള, ബൈജു രവീന്ദ്രന്‍, അബ്ദുള്‍ റസാഖ് എന്നിവര്‍ ഈ സമിതിയില്‍ അംഗങ്ങളായിരിക്കും.

പദ്ധതി നടത്തിപ്പിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഡ്രീം കേരള പ്രചാരണം, ഐഡിയത്തോണ്‍ എന്നിവ ജൂലൈ 15 മുതല്‍ 30 വരെ. സെക്ടറല്‍ ഹാക്കത്തോണ്‍ ഓഗസ്ത് 1 മുതല്‍ 10 വരെ. തിരഞ്ഞെടുക്കപ്പെട്ട പദ്ധതികള്‍ വെര്‍ച്വല്‍ അസംബ്ലിയില്‍ അവതരിപ്പിക്കല്‍ ഓഗസ്ത് 14. പദ്ധതി നിര്‍വഹണത്തിന് 100 ദിവസം. 2020 നവംബര്‍ 15-ന് പൂര്‍ത്തിയാക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.