1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2020

സ്വന്തം ലേഖകൻ: വിനോദ സഞ്ചാരികൾക്കുള്ള യാത്രാ വിലക്ക് നീക്കിയ ദുബായിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ചൊവ്വാഴ്ച മുതൽ എത്തിത്തുടങ്ങി. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതോടെ സന്ദർശകരുെട എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. കോവിഡ് പശ്ചാത്തലത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിമാനത്താവളത്തിൽ സന്ദർശനം നടത്തി ക്രമീകരണങ്ങൾ വിലയിരുത്തി. എമിറേറ്റ്സും ഫ്ലൈ ദുബായിയും കൂടുതൽ സെക്ടറുകളിലേക്ക് സർവീസ് തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടുതൽ സഞ്ചാരികൾ എത്താനുള്ള സാധ്യത പരിഗണിച്ചാണിത്.

ലോകത്തെ ഏറ്റവും വലിയ ഇൻഡോർ തീപാർക്കുകളിൽ ഒന്നായ ഐഎംജി വേൾഡ് നാളെ മുതൽ തുറന്നു പ്രവർത്തിക്കും. യുഎഇ നിവാസികൾക്ക് 20 ദിർഹമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. റൈഡുകൾക്ക് ഒരോന്നിനും 25 ദിർഹവും എന്ന ഓഫറും ഏതാനും നാളത്തേക്ക് മാത്രം ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യാന്തര നിലവാരത്തിൽ സുരക്ഷ ഒരുക്കിയും ദുബായ് അധികൃതരുടെ നിർദേശങ്ങൾ പാലിച്ചുമാവും പ്രവർത്തിക്കുകയെന്ന് അധികൃതർ പറഞ്ഞു.

പഴയ ആഘോഷ നാളുകൾ മടങ്ങി വരുന്നതിന്റെ സൂചന നൽകി ദുബായ് സമ്മർ സർപ്രൈസസിനും ഇന്നു തുടക്കമാകുന്നു. അടുത്ത മാസം 29 വരെ നീളുന്ന മേളയിൽ വിവിധ മേഖലകളിൽ ഉല്ലാസ പരിപാടികൾ അരങ്ങേറും. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യമാനദണ്ഡങ്ങൾ പാലിച്ചാകും ആഘോഷം.

സ്വദേശിവത്ക്കരണത്തിന് ഒരുങ്ങി ഖത്തര്‍

ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാരിന് പങ്കാളിത്തമുള്ള കമ്പനികളിലും അറുപത് ശതമാനം സ്വദേശിവല്‍ക്കരണം കൊണ്ടുവരാനുള്ള കരട് ഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം. തൊഴില്‍ മന്ത്രാലയം സ്വദേശികള്‍ക്കായി നീക്കിവെക്കുന്ന ഉദ്യോഗങ്ങളില്‍ വിദേശികളെ നിയമിക്കുന്നത് പൂര്‍ണമായും വിലക്കണമെന്നും നിര്‍ദേശം.കരടിന് അനുമതി ലഭിച്ചതോടെ നിയമം ഉടൻ പ്രാബല്യത്തിൽ വരും.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തൊഴില്‍ മേഖലയിലെ സുപ്രധാന കരട് ഭേദഗതി പാസ്സാക്കിയത്. ഇതനുസരിച്ച് മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അറുപത് ശതമാനം ജീവനക്കാര്‍ ഖത്തരി സ്വദേശികളായിരിക്കണം. കൂടാതെ സര്‍ക്കാരിന് പങ്കാളിത്തമുള്ളതോടെ നിക്ഷേപമുള്ളതോ ആയ സ്ഥാപനങ്ങളിലും കമ്പനികളിലും സ്വദേശി വല്‍ക്കരണം അറുപത് ശതമാനമാക്കി ഉയര്‍ത്തും.

വിരമിക്കല്‍ പ്രായം, പെന്‍ഷന്‍ പ്രായം എന്നിവയില്‍ സര്‍ക്കാര്‍ നിയമങ്ങള്‍ പിന്തുടരുന്ന കമ്പനികളിലും ഇതേ നിയമം ബാധകമാക്കും. ഖത്തരി വനിതകളില്‍ പിറന്ന മക്കളും ഈ സംവരണത്തിന്‍റെ പരിധിയില്‍ വരും. തൊഴില്‍ മന്ത്രാലയം സ്വദേശികള്‍ക്കായി സംവരണം ചെയ്യുന്ന ഉദ്യോഗങ്ങളില്‍ വിദേശികളെ നിയമിക്കുന്നത് പൂര്‍ണമായും വിലക്കുന്നതായും കരട് ഭേദഗതിയിലുണ്ട്. 2004 ലെ തൊഴില്‍ നിയമം അനുസരിച്ചാണ് കരട് പ്രമേയം മന്ത്രിസഭ പാസ്സാക്കിയത്.

റിയാദ് മെട്രോ ഈ വര്‍ഷം അവസാനം

പണി പൂര്‍ത്തിയായി വരുന്ന റിയാദ് മെട്രോ റെയില്‍ ഈ വര്‍ഷാവസാനത്തോടെ ഓടിത്തുടങ്ങുമെന്ന് അതികൃതര്‍. പദ്ധതിയുടെ ഭാഗമായി ഇതിനകം പണി പൂര്‍ത്തിയ ലൈനുകളിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍ ആരംഭിക്കുക. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

കിംഗ് അബ്ദുല്‍ അസീസ് പബ്ലിക് ട്രാന്‍സ്പോര്‍ട്ടേഷന്‍ പദ്ധതിയുടെ ഭാഗമായ റിയാദ് മെട്രോയുടെ പൂര്‍ത്തിയായ ലൈനുകളാണ് രാഷ്ട്രത്തിന് സമര്‍പ്പിക്കുകയെന്ന് എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഫഹദ് അല്‍ റഷീദ് പറഞ്ഞു. 2014 പണിയാരംഭിച്ച മെട്രോ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ആറ് ലൈനുകളിലായി ബന്ധിച്ച് 176 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകും.

വികസിച്ചുവരുന്ന റിയാദ് നഗരത്തിന്റെ പൊതു ഗതാഗത ആവശ്യം പൂര്‍ത്തീകരിക്കുന്നതായിരിക്കും മെട്രോ ഉപപ്പെടുന്ന കിംഗ് അബ്ദുല്‍ അസീസ് പബ്ലിക് ട്രാന്‍സ്പോര്‍ട്ടേഷന്‍ പദ്ധതി. അമേരിക്ക, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഭീമന്‍ കമ്പനികളുടെ കൂട്ടായ്മയാണ് 27 ബില്യന്‍ ഡോളര്‍ പദ്ധതി ജോലികള്‍ കരാര്‍ എടുത്തിട്ടുള്ളത്.

റിയാദ് കേന്ദ്രമായി നടന്നുവരുന്ന 18 ഭീമന്‍ പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ റിയാദിലെ ജനസംഖ്യ ഇരട്ടിയാകുമെന്നും ഫഹദ് അല്‍ റഷീദ് പറഞ്ഞു. റിയാദ് ആര്‍ട്, ഗ്രീന്‍ റിയാദ്, ഖിദ്ദിയ, ദറഇയ തുടങ്ങിയ പദ്ധതികള്‍ ഇതിന്റെ ഭാഗമാണ്. നിലവില്‍ ഏഴ് ദശലക്ഷം താമസക്കാരുള്ള റിയാദ് ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള ലോക നഗരങ്ങളുടെ പട്ടികയിൽ 49 മതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല