1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2020

സ്വന്തം ലേഖകൻ: ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ആകെ രണ്ടുലക്ഷത്തോളം ആളുകളിൽ കൊവിഡ്-19 സ്ഥിരീകരിച്ചു. 2,08,864 പേർക്കാണ് ഒറ്റദിവസം രോഗം സ്ഥിരീരിച്ചത്. ഒറ്റ ദിവസം രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്‌. 10,982,236 ആളുകളിലാണ് ലോകത്ത് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,155 പേര്‍ രോഗം ബാധിച്ച് മരിച്ചു. ആകെ മരണം ഇതോടെ 5,23,947 ആയി ഉയർന്നു.

അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ ബ്രസീലിൽ സ്ഥിതി ഗുരുതരമാകുന്നുവെന്നാണ് വിവരം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,200 പേരാണ് അവിടെ രോഗം മൂലം മരണമടഞ്ഞത്. പുതുതായി 47,000 ലേറെ ആളുകളിൽ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 1,496,858 ആളുകളിലാണ് ഇതുവരെ ബ്രസീലിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 61,884 പേർ മരിക്കുകയും ചെയ്തു. 24 മണിക്കൂറിനിടെ കൂടുതൽ ആളുകൾ രോഗം ബാധിച്ച് മരിച്ച രണ്ടാമത്തെ രാജ്യം മെക്സിക്കോയാണ്. 741 പേരാണ് ഇവിടെ ഒറ്റദിവസം കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്.

അതേസമയം രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ ഗുരുതരമായ സ്ഥിതിവിശേഷത്തിന് മാറ്റമില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,000 ന് മുകളിലാണ് പുതിയതായി റിപ്പോർട്ട് ചെയ്ത കേസുകൾ. എന്നാൽ അമേരിക്കയിൽ മരണനിരക്ക് ഗണ്യമായി കുറഞ്ഞു എന്നതാണ് ആശ്വാസം നല്‍കുന്നത്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ 615 പേർ മാത്രമാണ് അവിടെ രോഗബാധയേ തുടർന്ന് മരിച്ചത്. 2,735,554 ആണ് അമേരിക്കയിൽ ഇതുവരെ സ്ഥിരീകരിച്ച കേസുകൾ. 1,28,684 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. റഷ്യയിലും ഇന്ത്യയിലും സ്ഥിതിഗതികൾ രൂക്ഷമാണ്. രണ്ടുരാജ്യങ്ങളിലും ആറ് ലക്ഷത്തിന് മുകളിലാണ് സ്ഥിരീകരിച്ച കൊവിഡ് കേസുകൾ ഉള്ളത്.

വാണിജ്യ സ്ഥാപനങ്ങൾ തുറന്ന് ദോഹ

കൊവിഡ്-19 നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ 2-ാം ഘട്ടം ആരംഭിച്ചതോടെ ദോഹയിലെ ജനജീവിതത്തിൽ തിരക്കേറി തുടങ്ങി. രാജ്യത്തുടനീളം ഒട്ടേറെ വാണിജ്യ, സേവന സ്ഥാപനങ്ങളാണു പ്രവർത്തനം പുനരാരംഭിച്ചത്.

262 പള്ളികൾ കൂടി തുറന്നതോടെ കൂടുതൽ വിശ്വാസികൾക്ക് പള്ളികളിൽ പ്രാർഥനയ്ക്കു സൗകര്യമൊരുങ്ങി. വൈകുന്നേരങ്ങളിൽ പാർക്കുകളിലും ബീച്ചുകളിലും സന്ദർശക തിരക്ക് വർധിച്ചു തുടങ്ങി. ഷോപ്പിങ് മാളുകൾ 50 ശതമാനത്തിൽ താഴെ ശേഷിയിലാണു പ്രവർത്തിക്കുന്നത്. കൊവിഡ് പ്രതിരോധ, മുൻകരുതൽ വ്യവസ്ഥകൾ പാലിച്ചു കൊണ്ടാണു മാളുകളുടെയും വാണിജ്യ കേന്ദ്രങ്ങളുടെയും പ്രവർത്തനം.

കൊവിഡ് അപകട നിർണയ ആപ്ലിക്കേഷനായ ഇഹ്‌തെറാസിലെ ആരോഗ്യനില സൂചിപ്പിക്കുന്ന പ്രൊഫൈൽ നിറം പച്ചയായിരിക്കണം എന്നതാണ് എല്ലായിടങ്ങളിലെയും പ്രവേശന വ്യവസ്ഥ.

കത്താറ, പേൾ ഖത്തർ, അൽ വക്ര സൂഖ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഏറെ സന്ദർശകർ എത്തി തുടങ്ങി. നീണ്ട മൂന്നര മാസങ്ങൾക്ക് ശേഷം ദോഹ കോർണിഷ്, കത്താറ ബീച്ചുകളിൽ വിശ്രമത്തിനും ജലസ്‌കൂട്ടർ സവാരിക്കുമെല്ലാം കുട്ടികളും കുടുംബങ്ങളും സജീവമാണ്.

ഗോൾഡ് സൂഖ്, അൽ ഗരാഫ മാർക്കറ്റ്, സൂഖ് അൽ അലി, സൂഖ് വാഖിഫ് എന്നിവിടങ്ങളിലെ എല്ലാ വിൽപന ശാലകളും പ്രവർത്തനം പുനരാരംഭിച്ചതോടെ വാണിജ്യ നിരത്തുകളും സജീവമായി.

ടെക്സാസിൽ കൊവിഡ് വ്യാപനം രൂക്ഷം; കൂടുതൽ നിയന്ത്രണങ്ങൾ

അമേരിക്കയിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊറോണ രോഗികളുടെ എണ്ണം 55,000 ത്തിനുമേൽ. ഫ്ലോറിഡ, ടെക്സസ്, കലിഫോർണിയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ പുതിയ രോഗികൾ റിപ്പോർട്ടു ചെയ്യുന്നത്.

ഫ്ലോറിഡയിൽ 10,109 പേരും, കലിഫോർണിയയിൽ 9,352 പേരും, ടെക്സസിൽ 7535 പേരും ഇന്ന് ഒരു ദിവസം മാത്രം രോഗം സ്ഥിരീകരിച്ചവരിൽപ്പെടും. വ്യാഴാഴ്ച വൈകിട്ടു വരെയുള്ള കണക്കിൽ അമേരിക്കയിൽ കൊറോണ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 1,31,485 ആയി. ഇത്തരത്തിൽ മുന്നോട്ടു പോയാൽ ജൂലൈ അവസാനത്തോടെ മരണനിരക്ക് ഒന്നരലക്ഷം കവിയുമെന്നാണ് സിഡിസി കണക്കുകൂട്ടൽ.

നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ പിന്നിലായിരുന്ന ടെക്സസ് സംസ്ഥാനത്ത് എല്ലാ പൊതുസ്ഥലങ്ങളിലും ഫെയ്സ് മാസ്ക്കുകൾ നിർബന്ധമാക്കി കൊണ്ട് ഗവർണർ ഗ്രെയിഗ് ആബട്ട് ഉത്തരവിറക്കി. ഫ്ലോറിഡയിൽ കർഫ്യൂ നിയന്ത്രണങ്ങളും പല ബീച്ചുകളും അടയ്ക്കുവാനും നടപടികളായി.

നിയന്ത്രണാതീതമായി കൊവിഡ് രോഗം പടരുന്ന 15 സംസ്ഥാനങ്ങളിൽ നിന്നും ഷിക്കാഗോയിലെത്തുന്നവർക്ക് 14 ദിവസം വരെ ക്വാറന്റീനു വിധേയരാകാനുള്ള ഷിക്കാഗോ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക്ക് ഹെൽത്തിന്റെ ഓർഡിനൻസ് നിലവിൽ വന്നു. ജൂലൈ 6 വരെയായിരിക്കും ഇതിന്റെ കാലാവധി.

സൌദിയിൽ 24 മണിക്കൂറിനിടെ 3383 പേർക്ക് കൊവിഡ്

സൗദിയിൽ കഴിഞ്ഞ ദിവസങ്ങളിൽ മരണ സംഖ്യ ഉയർന്നു തന്നെ തുടരുന്നു. ഇന്നു മാത്രം കോവിഡിന് കീഴടങ്ങിയത് 54 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3383 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവും ആശ്വാസം പകരുന്നതാണ്. ഇന്ന് 4909 പേര് കൊവിഡ് മുക്തരായി.

ഇതോടെ രാജ്യത്ത് ആകെ രോഗബാധിതർ 1,97,608 ഉം മരണസംഖ്യ 1752 ഉം രോഗമുക്തരുടെ എണ്ണം 1,37,669 ആയി ഉയർന്നു. 58,187 രോഗികളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 2287 രോഗികൾ തീവ്രപരിചരണ വിഭാഗത്തിൽ ആണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 198 പ്രദേശങ്ങളിൽ ഇതുവരെ കൊവിഡ് പടർന്നിട്ടുണ്ട്. 53214 പുതിയ പരിശോധനകൾ അടക്കം 17,27,701 കൊവിഡ് ടെസ്റ്റുകളാണ് സൗദിയിൽ ഇതുവരെ പൂർത്തിയാക്കിയത്.

കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 813 പേർക്ക് കൊവിഡ്

കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 813 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 886 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 48672ഉം രോഗമുക്തി നേടിയവരുടെ എണ്ണം 39276 ഉം ആയി ഉയർന്നു. ഇന്ന് ഒരു മരണം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ കൊവിഡ് മരണ സംഖ്യ 360 ആയി.

പുതിയ രോഗികളിൽ 428 പേർ കുവൈത്ത് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 191 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 87 പേർക്കും, അഹമ്മദിയിൽ നിന്നുള്ള 302 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 72 പേർക്കും ജഹറയിൽ നിന്നുള്ള 161 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

നിലവിൽ 9036 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 144 പേർ തീവ്ര പരിചരണവിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4149 പേരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 399498 കൊവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.