1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2020

സ്വന്തം ലേഖകൻ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18552 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗബാധിതര്‍ 518,936 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 384 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 15,880 ആയി ഉയര്‍ന്നു.

കൊവിഡിനെ നിയന്ത്രിക്കാനായെന്ന് പ്രധാനമന്ത്രി

മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയ്ക്ക് രോഗവ്യാപനം നിയന്ത്രിക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷത്തിലേക്ക് എത്തിയത് 40 ദിവസത്തിലാണ്. കഴിഞ്ഞ ആറു ദിവസത്തിൽ മാത്രം ഒരു ലക്ഷം പേർ പുതുതായി രോഗബാധിതരായി.

ഈ മാസം 21നാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം നാലുലക്ഷം പിന്നിട്ടത്. ആറ് ദിവസം കൊണ്ട് ഒരു ലക്ഷം രോഗികൾ കൂടി. ആകെയുള്ള 518,936 കേസുകളിൽ 62 ശതമാനവും ഈ മാസമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ രോഗികളുടെ എണ്ണം കൂടുമ്പോഴും രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നത് ആശ്വാസകരമാണ്.

24 മണിക്കൂറിനിടെ 10224 പേർക്ക് രോഗം മാറി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 302,945 ആയി. ജനങ്ങളുടെ സഹകരണവും ലോക്ക്ഡൗണും രോഗബാധയെ ഇതുവരെ പിടിച്ച് നിര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പരിശോധനകൾക്കൊപ്പം ചികിത്സക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കി മരണനിരക്ക് ഉയരാതെ നോക്കുകയാണ് നിലവിൽ സർക്കാരിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.

ഗോവയില്‍ കൊവിഡ് സമൂഹ വ്യാപനം തുടങ്ങി

സംസ്ഥാനത്ത് കൊവിഡ് 19 സമൂഹവ്യാപനം ആരംഭിച്ചതായി വ്യക്തമാക്കി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗോവയിലെ എല്ലാ ഭാഗങ്ങളിലും കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് രോഗികളില്‍ നിന്ന് മറ്റ് രോഗികളിലേക്ക് അസുഖം പടരുന്നതിന്‍റെ സൂചനയാണ്. സാമൂഹ്യ വ്യാപനം ഉണ്ടായിട്ടുണ്ട് എന്നത് അംഗീകരിക്കാതെ വയ്യെന്നും ഗോവ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കി. സംസ്ഥാനത്ത് എത്തുന്ന എല്ലാവരും കൊവിഡ് 19 ടെസ്റ്റിന് വിധേയമാവുകയോ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീന്‍ പാലിക്കുകയോ ചെയ്യണമെന്ന നിര്‍ദേശം പിന്തുടരുന്ന സംസ്ഥാനമാണ് ഗോവ. സാമൂഹ്യ അകലം പാലിക്കപ്പെടുന്നുണ്ടെന്നും ആളുകള്‍ മാസ്ക് ധരിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണമെന്നും പൊലീസിന് പ്രമോദ് സാവന്ത് നിര്‍ദ്ദേശം നല്‍കി.

മാര്‍ക്കറ്റ് പോലെ ആളുകള്‍ കൂടുന്നയിടങ്ങളില്‍ സാമൂഹ്യ അകലം കര്‍ശനമായി പാലിക്കണമെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. മെയ് അവസാനം വരെ കൊവിഡ് 19 മുക്തമായ സംസ്ഥാനമായിരുന്നു ഗോവ. മെയ് അവസാന വാരത്തോടെയാണ് ഇവിടെ വീണ്ടും കൊവിഡ് 19 കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. 44 പുതിയ കേസുകള്‍ അടക്കം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 1039ആയിയെന്നാണ് ഗോവ ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്.

അതേസമയം രോഗികൾ കൂടുതലുള്ള മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട് സംസ്ഥാനങ്ങളിൽ പരിശോധന കൂടുതൽ വ്യാപകമാക്കുകയാണ്. ദില്ലിയിൽ രോഗവ്യാപനതോത് കണ്ടെത്താൻ സെറോളജിക്കൽ സർവേക്ക് തുടക്കമായി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം സന്ദർശനം തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.