1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ആദ്യമായാണ് 200 കടന്നത്. രോഗബാധിതരില്‍ 138 പേര്‍ വിദേശത്ത് നിന്നും 39 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ സെക്രട്ടേറിയറ്റിന് പുറത്തെ സുരക്ഷാ ഉദ്യോഗസ്ഥനുമുണ്ട്. ആറ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചു.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശ്ശൂർ 21, കണ്ണൂർ 18, എറണാകുളം 17, തിരുവനന്തപുരം 17, പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസർകോട് 7, പത്തനംതിട്ട 2, ഇടുക്കി 2, വയനാട് 1.

നെഗറ്റീവായവരുടെ കണക്കുകള്‍: തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശ്ശൂർ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂർ 13, കാസർകോട് 12.

കഴിഞ്ഞ 24 മണിക്കൂറില്‍ 7306 സാമ്പിളുകൾ പരിശോധിച്ചു 4966 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ചികിത്സയിൽ ഉള്ളത് 2098 പേരാണ്. 2894 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഇന്ന് 378 പേരെ ആശുപത്രിയിലാക്കി. ഇതുവരെ 1,71773 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 4834 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ സെന്‍റിനൽ സർവൈലൻസ് വഴി 53,922 സാമ്പിളുകൾ ശേഖരിച്ചു. അതിൽ 51,840 നെഗറ്റീവായി.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്,

സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയാണ്. സംസ്ഥാനത്ത് ഇത് വരെ 2,53,011 പേർക്കാണ് റുട്ടീൻ, സെന്‍റിനൽ, സിബിനാറ്റ്, ട്രൂനാറ്റ് ടെസ്റ്റുകൾ നടത്തിയത്. സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകൾ 130 ആയി. പതിനാല് ജില്ലകളിലും രോഗബാധിതർ കൂടി. നഗരങ്ങളിലും ഗ്രാമങ്ങളിലും കൊവിഡ് ബാധിതരുണ്ട്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം പൊന്നാനി താലൂക്കിലും ഗുരുതര സാഹചര്യമാണ്. ഈ അനുഭവങ്ങൾ സൂചിപ്പിക്കുന്നത് ജാഗ്രത എന്നത്തേക്കാളും കൂടുതൽ വേണം എന്നതാണ്. എല്ലാവരും ഒത്തൊരുമിച്ച് പോരാടുകയാണ്. അതിന്‍റെ ഫലമായാണ് ലോകത്തിന് തന്നെ മാതൃകയാകും വിധം ഇത് വരെ നമുക്ക് ഈ മഹാമാരിയെ പിടിച്ച് നിർത്താൻ കഴിഞ്ഞത്.

എന്നാല്‍ യശസ്സിന് കളങ്കം വരുന്ന ചില വാർത്തകൾ കഴിഞ്ഞ ദിവസം വരുന്നു. അന്യദേശങ്ങളിൽ നിന്ന് കേരളത്തിലെത്തിയവരിൽ ചിലർക്ക് ദുരനുഭവങ്ങളുണ്ടായി. ക്വാറന്‍റീനിൽ കഴിയുന്നവരെ ഒറ്റപ്പെടുത്തുക, ഊരുവിലക്ക് പോലെ അകറ്റി നിർത്തുക, ചികിത്സ കഴിഞ്ഞവർക്ക് വീട്ടിൽ പ്രവേശനം നിഷേധിക്കുക പോലുള്ള സംഭവങ്ങളുണ്ടായി. കോട്ടയത്ത് വിഷമകരമായ അനുഭവമുണ്ടായി. ബെംഗളുരുവിൽ നിന്ന് എത്തിയ 14 ദിവസം ക്വാറന്‍റീൻ പൂർത്തിയാക്കിയ യുവതിയും മക്കളും വീട്ടിൽ കയറാനാകാതെ എട്ട് മണിക്കൂറോളം കഴിയേണ്ടി വന്നു. ഒടുവിൽ അവർ കളക്ടറേറ്റിൽ അഭയം തേടി. സ്വന്തം വീട്ടുകാരും ഭർതൃവീട്ടുകാരും ഇവരെ വീട്ടിൽ സ്വീകരിച്ചില്ല. ഇത്തരം അനുഭവങ്ങൾ മനുഷ്യത്വം എവിടെ എന്ന് നമ്മളെ ഓർമിപ്പിക്കുകയാണ്.

സാധാരണ നിലയ്ക്ക് ക്വാറന്‍റീന്‍ പൂർത്തിയാക്കിയാൽ മറ്റ് അപകടങ്ങളില്ലെന്ന് വ്യക്തമായവരെ അകറ്റി നിർത്തരുത്. അവരെ ശാരീരികാകലം പാലിച്ച് നല്ല രീതിയിൽ സംരക്ഷിക്കണം. റൂം ക്വാറന്‍റീന്‍ ആണ് അവർ‍ക്ക് നി‍ർദേശിച്ചത്. ഒരേ വീട്ടിൽ അങ്ങനെ നിരവധിപ്പേർ കഴിയുകയല്ലേ? ഒറ്റപ്പെട്ട ഇത്തരം ചില മനോഭാവങ്ങൾ നമ്മുടെ സമൂഹത്തിന്‍റെ പൊതുനിലയ്ക്ക് അപകീർത്തികരമാണ്.

വിദേശങ്ങളിൽ നിന്ന് വരുന്നവരെ സ്വീകരിക്കുകയും ആവശ്യമായ സൗകര്യങ്ങൾ നൽകുകയുമാണ് നമ്മുടെ നാടിന്‍റെ ഉത്തരവാദിത്തം. അതിന് പകരം അവരെ വീട്ടിൽ കയറ്റാതെ ആട്ടിയോടിക്കുന്ന നടപടികൾ മനുഷ്യർക്ക് ചേർന്നതല്ല. വരുന്നവരിൽ ചിലർക്ക് രോഗമുണ്ടാകാം. അത് പകരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അതിനാണ് ക്വാറന്‍റീന്‍. സർക്കാർ നിർദേശം കൃത്യമായി പാലിക്കണം. ക്വാറന്‍റീന്‍ എന്നത്, അതിൽ കഴിയുന്നവർക്ക് വിഷമകരമാണ്. പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ച് കഴിയണം. നമ്മുടെ സഹോദരങ്ങൾ അതിന് തയ്യാറാകുന്നത് അവരുടെ മാത്രമല്ല എല്ലാവരുടെയും സുരക്ഷ കരുതിയാണ്.

തൊഴിലുൾപ്പെടെ നഷ്ടപ്പെട്ട് കടുത്ത സമ്മർദ്ദം നേരിടുന്ന അവസ്ഥയിലാണ് വലിയൊരു ശതമാനം പ്രവാസികളും തിരികെ വരുന്നത്. അവർക്കാവശ്യമായ മാനസിക പിന്തുണ നമ്മൾ നൽകണം. അതിന് നാം ബാധ്യസ്ഥരാണ്. ശാരീരികാകലം പാലിക്കുക. രോഗവ്യാപനസാധ്യത ഒഴിവാക്കുക. കൊവിഡ് രോഗവ്യാപനത്തിന്‍റെ സ്വഭാവം മനസ്സിലാക്കിയാണ് റൂം ക്വാറന്‍റീന്‍ നി‍ർദേശിച്ചത്. വീട്ടിലുള്ളവർ തന്നെ മാസ്ക് ധരിക്കുക, ശാരീരികാകലം പാലിക്കുക എന്നതൊക്കെ ഇതിന്‍റെ ഭാഗമാണ്. ക്വാറന്‍റീനില്‍ തുടരുന്നവരെ സഹായിക്കാൻ വാർഡ് തല കമ്മിറ്റികളും ദിശയും ഇ സഞ്ജീവനി ടെലിമെഡിസിൻ പദ്ധതിയുമുണ്ട്. രോഗം ഭേദമായാൽ പിന്നെ മറ്റൊരാളിലേക്ക് പകരില്ല. രോഗം മാറി വീട്ടിലെത്തിയവരെ മാറ്റി നിർത്തരുത്. ഇത് തെറ്റായ ധാരണയാണ്. ഇവർക്ക് ആരോഗ്യം ശരിയായി വീണ്ടെടുക്കാൻ സഹായം വേണം.

ഈ മഹാമാരിയെ തടഞ്ഞ് നിർത്താൻ നമുക്ക് വേണ്ടത് മനുഷ്യത്വമാണ്. ഈ ഘട്ടത്തെ കടന്ന് പോകേണ്ടതുണ്ട്. ഓർക്കേണ്ടത് ഈ രോഗം ചിലപ്പോൾ നാളെ ആർക്കും വരാം. അപ്പോൾ രോഗികളെ ശത്രുക്കളായി കാണരുത്. രോഗമാണ് ശത്രു. ഇത് മറക്കരുത്. ക്വാറന്‍റീനില്‍ കഴിയുന്നവർ വിലക്ക് ലംഘിച്ച് പുറത്ത് പോകാൻ പാടില്ല എന്നത് നി‍ർബന്ധമാണ്. ക്വാറന്‍റീനില്‍ കഴിയുന്നവരെ ശല്യപ്പെടുത്തും വിധം പെരുമാറുകയുമരുത്. അങ്ങനെയുണ്ടായാൽ ശക്തമായ നടപടിയുണ്ടാകും. ഇത് ജനങ്ങളുടെ മൊത്തം ഉത്തരവാദിത്തമാണ്. തിരുവനന്തപുരത്ത് വിവിധ തുറകളിൽ പെട്ട നിരവധിയാളുകൾ വന്ന് പോകുന്നുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച പാളയത്തെ സാഫല്യം കോംപ്ലക്സിലെ ജീവനക്കാരൻ, വഞ്ചിയൂർ ലോട്ടറി വിൽപന നടത്തിയ ആൾ, മത്സ്യക്കച്ചവടക്കാരൻ എന്നിവര്‍ നിരവധിപ്പേരുമായി സമ്പർക്കത്തിലേർപ്പെടുന്നവരാണ്. തിരുവനന്തപുരത്ത് നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകേണ്ടതുണ്ട്. അതുണ്ടാകും.

അത്യാവശ്യമല്ലാത്ത ഒരു യാത്രയും ഇവിടെ ഉണ്ടാകരുത്. സെക്രട്ടേറിയറ്റിൽ കർശന നിയന്ത്രണം ഉണ്ടാകും. ഇ ഫയൽ ഉപയോഗം കൂട്ടും. സർക്കാർ ഓഫീസുകളിലെ സന്ദർശനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ 989 സാമ്പിളുകൾ പരിശോധിച്ചു. എടപ്പാളിലെ രണ്ട് പ്രധാന ആശുപത്രികളിലെ 681 ജീവനക്കാരുടെയും സമീപപ്രദേശങ്ങളിലെ 5 പഞ്ചായത്തുകളിലെ 308 പേരുടെയും ഫലം പരിശോധിച്ചു. ഇതിൽ 3 പേരുടെ ഫലം പോസിറ്റീവാണ്.

നിലവിൽ ഇവിടെ ട്രിപ്പിൾ ലോക്ക്ഡൗണാണ്. ജനങ്ങൾ പരമാവധി സഹകരിക്കണം. മാർച്ച് മുതൽ കൊവിഡ് പ്രതിരോധപ്രവർത്തനം വിശ്രമമില്ലാത്തതാണ്. ആരോഗ്യം, തദ്ദേശസ്വയംഭരണം, പൊലീസ്, ഫയർ ആന്‍റ് റെസ്ക്യൂ എന്നിവർ മുന്നിലുണ്ട്. ആശാവർക്കർമാരും കുടുംബശ്രീ പ്രവർത്തകരും എന്നുവേണ്ട സമൂഹത്തിന്‍റെ എല്ലാ തലത്തിലുമുള്ളവർ ഈ യ‍ജ്ഞത്തിൽ പങ്കാളികളാകുന്നു. അവർക്ക് ക്ഷീണം ഉണ്ടായേക്കാം. അത് ഒഴിവാക്കാൻ സർക്കാർ തലത്തിൽ ഇടപെടുന്നുണ്ട്. സമൂഹമെന്ന നിലയ്ക്ക് സർക്കാരിന് പിന്തുണ നൽകണം. വൈറസ് വ്യാപനം വർദ്ധിക്കുന്നതിനാൽ എല്ലാ ജില്ലകളിലും പൊലീസ് നിരീക്ഷണവും സുരക്ഷയും കർശനമാക്കി. വിവിധ ജില്ലകളിൽ ഐജി തലം മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചു. പൊന്നാനിയിൽ ഉത്തരമേഖലാ ഐജി, തിരുവനന്തപുരത്ത് കമ്മീഷണർ എന്നിവർ പൊലീസ് പ്രവ‍ർത്തനങ്ങൾക്ക് നേതൃത്വം നൽകും. വിദേശത്ത് നിന്ന് എത്തുന്നവർക്ക് എയർപോർട്ടിൽ ടാക്സി ഉറപ്പാക്കും.

മടങ്ങിയെത്തുന്നവർ വിമാനത്താവളങ്ങളിൽ നിന്നോ റെയിൽവേ സ്റ്റേഷനുകളിൽ നിന്നോ കൃത്യമായി വീട്ടിൽ പോകണം. റിവേഴ്സ് ക്വാറന്‍റീന്‍ ശക്തമാക്കണം. കൂടുതൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉൾപ്പടെയുള്ളവർക്ക് നിരീക്ഷണം ശക്തമാക്കണം. സന്നദ്ധ സേനയിൽ ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് മലപ്പുറത്താണ്. വിവിധ ജില്ലകളിലായി രണ്ടായിരത്തിൽപ്പരം വൊളണ്ടിയർമാർ പ്രവർത്തിക്കുന്നു. മാസ്ക് ധരിക്കാത്ത 4616 സംഭവങ്ങൾ സംസ്ഥാനത്തുണ്ടായി. ക്വാറന്‍റീന്‍ ലംഘിച്ച 10 പേർക്കെതിരെ കേസെടുത്തു.

സൗദിയിൽ നിന്ന് കൂടുതൽ വന്ദേഭാരത് മിഷൻ സർവീസ് വേണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. വിദേശത്ത് നിന്ന് നാട്ടിലെത്തിയ കുട്ടികളുടെ തുടർവിദ്യാഭ്യാസം തടസ്സപ്പെടില്ല. കഴിഞ്ഞ ദിവസം കെഎംസിസി പ്രതിനിധികൾ വന്ന് കണ്ടു. ഇത്തരം ചില പ്രശ്നങ്ങൾ ഉന്നയിച്ചു. ഉച്ചഭക്ഷണ പദ്ധതിയിൽപ്പെട്ട കുട്ടികൾക്ക് ഭക്ഷ്യഭദ്രതാ അലവൻസായി ഭക്ഷ്യകിറ്റുകൾ അടുത്തയാഴ്ച മുതൽ വിതരണം ചെയ്യും. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 26 ലക്ഷത്തിൽപ്പരം കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം കിട്ടും. കൃത്യമായ സാമൂഹികാകലം പാലിച്ച് ഇത് രക്ഷിതാക്കൾക്ക് വിതരണം ചെയ്യും. 81 കോടി 31 ലക്ഷം രൂപയാണ് ഇതിന് ചിലവ്.

നാളെ അന്താരാഷ്ട്ര സഹകരണദിനമാണ്. പലപ്പോഴും പ്രതിസന്ധിഘട്ടത്തിൽ നമുക്ക് ശക്തിയാകുന്നത് സഹകരണ മേഖലയാണ്. ഈ കൂട്ടായ്മയിൽ കേരളാ ബാങ്ക് പിറവിയെടുത്തത് അഭിമാനകരമായ നേട്ടമാണ്. ഉയർന്ന പ്രവർത്തനം സഹകരണമേഖല കാഴ്ച വച്ചു. 2000 വീടുകൾ പ്രളയവുമായി ബന്ധപ്പെട്ട് ഇവർ വച്ച് നൽകി. കൊവിഡ് കാലത്തും വലിയ പിന്തുണ ഇവർ സർക്കാരിന് നൽകി. നോട്ട് നിരോധകാലത്ത് സഹകരണമേഖല തകർക്കാനുള്ള ശ്രമമുണ്ടായി. വർത്തമാനകാലത്തും ഈ പ്രശ്നങ്ങൾ നിലനിൽക്കുന്നു. ഇതെല്ലാം മറികടന്നും സഹകരണമേഖല നിലനിൽക്കുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.