1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രണ്ട് മരണവും ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. 167 പേ‍ർ രോ​ഗമുക്തി നേടി. രോ​ഗം ബാധിച്ചവരിൽ 92 പേ‍ർ വിദേശത്ത് നിന്നും വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 65 പേരും വന്നു.

സമ്പ‍ർക്കത്തിലൂടെ 35 പേ‍ർക്കാണ് രോ​ഗം പക‍ർന്നത്. രണ്ട് കൊവിഡ് മരണവും സംഭവിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ 82 വയസുള്ള മുഹമ്മദും കളമശ്ശേരി മെഡി. കോളേജിൽ 62 വയസുള്ള യുസഫ് സെയ്ഫൂദിനുമാണ് മരിച്ചത്. മുഹമ്മദ് സൗദിയിൽ നിന്നും വന്ന അ‍ർബുദ രോ​ഗിയാണ്. യൂസഫും നിരവധി രോ​ഗങ്ങൾക്ക് ചികിത്സയിലായിരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 7
കൊല്ലം – 11
പത്തനംതിട്ട – 26
ആലപ്പുഴ – 15
എറണാകുളം – 25
ഇടുക്കി – 6
കോട്ടയം – 6
തൃശൂർ – 14
പാലക്കാട് – 8
കോഴിക്കോട് – 15
വയനാട് – 8
മലപ്പുറം – 35
കണ്ണൂർ – 11
കാസർഗോഡ് – 6

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 7
കൊല്ലം – 10
പത്തനംതിട്ട – 27
ആലപ്പുഴ – 7
എറണാകുളം – 16
കോട്ടയം – 11
തൃശൂർ – 16
പാലക്കാട് – 33
കോഴിക്കോട് – 5
മലപ്പുറം – 13
കണ്ണൂർ – 10
കാസർഗോഡ് – 12

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്,

കഴിഞ്ഞ 24 മണിക്കൂറിൽ 9927 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ 5622 പേ‍ർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2252 പേരാണ്. 183291 പേരാണ് നിരീക്ഷണത്തിലുള്ളത്. 2075 ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇന്ന് 384 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതുവരെ 204052 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 4179 സാംപിളുകളുടെ ഫലം വരാനുണ്ട്.

ഇതുവരെ സെൻ്റിനൽ സ‍ർവ്വേയുടെ ഭാ​ഗമായി 60006 സാംപിളുകൾ ശേഖരിച്ചു അതിൽ 57804 എണ്ണം നെ​ഗറ്റീവാണ്. ടെസ്റ്റുകളുടെ എണ്ണം വ‍ർധിപ്പിച്ചു വരിയാണ്. 275773 പേ‍ർക്കാണ് പിസിആ‍ർ അല്ലാത്ത ടെസ്റ്റുകൾ നടത്തിയത്. 187 കൊവിഡ് ഹോട്ട് സ്പോട്ടുകളാണ് നിലവിലുള്ളത്. അത‍ി‍ർത്തി പ്രദേശത്ത് നിയന്ത്രണം ശക്തമാക്കും.

ജില്ലാ അതിർത്തി കടന്നുള്ള നിത്യേനയുള്ള പോക്കുവരവ് ഇനി സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേശ്വരത്ത് നിരവധി പേ‍ർ ദിവസവും മം​ഗലാപുരത്തേക്കും തിരിച്ചും പോയി വരുന്നുണ്ട് ഇതു രോ​ഗവ്യാപനത്തിന് ഇടയാക്കും എന്നതിനാൽ ദിവസേനയുള്ള പോക്കുവരവ് പറ്റില്ല. ജോലിയാവശ്യത്തിന് പോകുന്നുവെങ്കിൽ അവർ മാസത്തിൽ ഒരു തവണ വരുന്ന രീതിയിൽ യാത്ര ക്രമീകരിക്കണം. ഐടി മേഖലയിൽ മിനിമം പ്രവ‍ർത്തനം അനുവദിക്കാൻ സാഹചര്യമൊരുക്കും. ട്രിപ്പിൾ ലോക്ക് ഡൗൺ മൂലം ടെക്നോപാ‍ർക്കിലെ കമ്പനികൾ ബുദ്ധിമുട്ടുന്നു അവിടെ മിനിമം ജോലി സൗകര്യം അനുവദിക്കും.

മന്ത്രിമാരുടെ ഓഫീസുകളിൽ മിനിമം സ്റ്റാഫിനെ നിർത്തി വേണം പ്രവർത്തിക്കാൻ. നമ്മുടെ സംസ്ഥാനത്ത് പാരാമിലിറ്റിറി വിഭാ​ഗത്തിൽപ്പെട്ട് 104 പേ‍ർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. താമസത്തിനിടെ അവ‍ർക്ക് രോ​ഗം പകരാതിരിക്കാൻ ജില്ലാ ഭരണകൂടത്തിന് നി‍ർദേശം നൽകി.

മരണപ്പെട്ടവരുട‌െ കൊവിഡ് പരിശോധന പെട്ടെന്ന് പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാൻ നടപടി സ്വീകരിക്കാൻ നിർദേശിച്ചു. തിരുവനന്തപുരത്ത് കൊവിഡ് പ്രതിരോധത്തിനായി ശക്തമായ പ്രവർത്തനമാണ് ആദ്യം മുതൽ നടത്തി വന്നത്. തലസ്ഥാന ന​ഗരിയായതിനാൽ പല നാട്ടിൽ നിന്നുള്ളവർ തിങ്ങിപ്പാർക്കുന്ന ന​ഗരമാണ് തിരുവനന്തപുരം. അതോടൊപ്പം തമിഴ്നാടുമായും തിരുവനന്തപുരം അതിർത്തി പങ്കിടുന്നു. പലതരം ആവശ്യങ്ങൾക്കായി തമിഴ്നാട്ടിൽനിന്നും നിരവധി പേർ വരുന്നു.

ആദ്യ രണ്ട് ഘട്ടത്തിൽ തിരുവനന്തപുരത്ത് കൊവി‍ഡ് വ്യാപനം കുറവായിരുന്നു. ആദ്യം 17 പേർക്കാണ് അവിടെ കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 12 പേർ പുറത്തു നിന്നും വന്നതും അഞ്ച് പേർക്ക് വ്യാപനത്തിലൂടേയും കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ മെയ് 4 മുതൽ ഇതുവരെ 274 പേർക്കാണ് തിരുവനന്തപുരത്ത് രോ​ഗം ബാധിച്ചത്. അതിൽ 214 പേർ പുറത്തു നിന്നും വന്നതാണ് 61 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചു. അടുത്തിടെ മണക്കാട് പൂന്തുറ ഭാ​ഗത്ത് നിരവധി പേർക്കാണ് സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചത്.

ജനതിരക്കേറിയ പാളയം സാഫല്യം കോപ്ലക്സിലടക്കം രോ​ഗം സ്ഥിരീകരിച്ചു. 22 പേർക്കാണ് ഇന്നലെ സമ്പർക്കത്തിലൂടെ രോ​ഗം സ്ഥിരീകരിച്ചത്. അതിൽ പലതിലും ഉറവിടം കണ്ടെത്താനായില്ല. നൂറുകണക്കിന് ഓഫീസുകൾ തിരുവനന്തപുരത്തുണ്ട്. ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് കാര്യങ്ങൾ കൈവിടും അതിനാലാണ് സമൂഹിക വ്യാപനമുണ്ടാകും മുൻപ് തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

പൂന്തുറയിലെ മത്സ്യക്കച്ചവടക്കാരനിൽ നിന്നും ഒൻപത് പേർക്ക് രോ​ഗം ബാധിച്ചു അവരിൽ നിന്നും വേറെ ചിലരിലേക്കും രോ​ഗം പകർന്നു. തുടർച്ചയായി മത്സ്യം വാങ്ങിയിരുന്ന വ്യക്തി അതു വിൽക്കാൻ പലഭാ​ഗത്തും പോയിരുന്നു. അതിനാൽ വ്യാപകമായി ആൻ്റിജൻ ടെസ്റ്റ് നടത്തി രോ​ഗികളെ കണ്ടെത്താനാണ് ശ്രമം. ആറ്റുകാൽ,മണക്കടവ് അടക്കമുള്ള മേഖലകളിൽ ചിലർക്ക് കൊവിഡ‍് ലക്ഷണം കണ്ടതിനാൽ കൊവിഡ് സെൻ്ററിലേക്ക് മാറ്റി. മെഡിക്കൽ റെപ്പുമാർ, മത്സ്യത്തൊഴിലാളികൾ, ഫുഡ‍് ഡെലിവറി ബോയ്സ് എന്നിവരെ പ്രത്യേകമായി പരിശോധിക്കുന്നത് തുടരുകയാണ്.

നിലവിൽ രണ്ട് ശതമാനത്തിൽ താഴെ കേസുകളിൽ മാത്രമേ നമ്മുക്ക് രോ​ഗത്തിൻ്റെ ഉറവിടം കണ്ടെത്താനാകാതെ പോയിട്ടുള്ളൂവെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇന്ത്യയിൽ ഉറവിടം കണ്ടെത്താനാവാത്ത കേസുകൾ നാൽപ്പത് ശതമാനമാണെന്ന് ചൂണ്ടിക്കാട്ടി. ജൂൺ മുപ്പത് വരെ കേരളത്തിലുണ്ടായ 4442 കേസുകളിൽ 164 കേസുകളിൽ മാത്രമാണ് ആരംഭത്തിൽ അറിയാൻ സാധിക്കാതെ പോയത്. അവയിൽ 125 കേസുകളുടേയും ഉറവിടം പിന്നീട് കണ്ടെത്തുകയുണ്ടായി അവശേഷിക്കുന്ന 41 കേസുകളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. ജൂലൈ അഞ്ച് വരെ സംസ്ഥാനത്ത് 5429 കൊവിഡ് പൊസീറ്റീവ് കേസുകളാണ് ഉണ്ടായിരുന്നത് അതിൽ 4755 കേസുകൾ പുറത്തു നിന്നും വന്നതാണ്. 3228 പേ‍ർ വി​ദേശത്തു നിന്നും 1427 കേസുകൾ ഇതര സംസ്ഥാനത്ത് നിന്നും വന്നു. പുറത്തു നിന്നും വന്ന കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മലപ്പുറത്താണ്. 591 കേസുകൾ. പാലക്കാട് – 580, കണ്ണൂ‍ർ – 485, കാസ‍ർകോട് 422, തൃശ്ശൂർ 408 എന്നിങ്ങനെയാണ് പുറത്തു നിന്നു വന്ന കൊവിഡ് രോ​ഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്.

674 സമ്പർക്ക കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 109 സമ്പർക്ക കേസുകൾ കണ്ണൂരിലും 93 എണ്ണം കാസർകോടും 72 എണ്ണം തൃശ്ശൂരിലും 68 എണ്ണം മലപ്പുറത്തും 62 എണ്ണം തിരുവനന്തപുരത്തും റിപ്പോർട്ട് ചെയ്തു. ഉറവിടം അറിയാത്ത 41 കേസുകളാണ് ജൂൺ 30 വരെയുണ്ടായത്. ഇതിൽ 23 കേസുകളിൽ അന്വേഷണം തുടരുന്നു. 18 കേസുകളുടെ ഉറവിടം ഇപ്പോൾ അജ്ഞാതമാണ്.

അവയിൽ 3 കേസ് വീതം തിരുവനന്തപുരം, പാലക്കാട് കോട്ടയം മലപ്പുറം ജില്ലകളിലാണ്. രണ്ട് കൊല്ലം ഇടുക്കി ജില്ലകളിലാണ്. അന്വേഷണം പുരോ​ഗമിക്കുന്ന 23 കേസുകളിൽ 13 എണ്ണവും മലപ്പുറത്താണ്. മൂന്നെണ്ണം ഇടുക്കിയിലാണ്. പത്തനംതിട്ടയിലും കണ്ണൂരിലും രണ്ട് കേസുകൾ വീതം. ഇങ്ങനെ നോക്കുമ്പോൾ മൊത്തം കേസുകളിലെ ഒരു ശതമാനത്തിലും താഴെ മാത്രമാണ് നമ്മുക്ക് ഉറവിടം കണ്ടെത്താനാക്കാത്തത്. ആരോ​ഗ്യവകുപ്പിൻ്റേയും തദ്ദേശസ്വയംഭരണവകുപ്പിൻ്റേയും കൂട്ടായപ്രവർത്തനം മൂലമാണ് നമ്മുക്കിത് സാധിച്ചത്. എന്നാൽ കേസുകൾ കൂടുന്നതിനാൽ ജനങ്ങളുടെ പിന്തുണ കൂടി ഈ പ്രക്രിയ പൂർത്തിയാക്കാൻ വേണം. പോയ സ്ഥലവും എത്തിയ സമയവും എല്ലവരും എഴുതി സൂക്ഷിച്ചാൽ സമൂഹവ്യാപനം തടയുന്ന അവസ്ഥ സൃഷ്ടിക്കാം. അക്കാര്യത്തിൽ എല്ലാവരും നല്ല ശ്രദ്ധ പുലർത്തുക.

തിരുവനന്തപുരം ന​ഗരത്തിലെ ട്രിപ്പി(ൾ ലോക്ക് ഡൗണിനോട് ജനം നല്ല രീതിയിൽ സഹകരിക്കുന്നു. ഭക്ഷണം കിട്ടാത്ത പ്രശ്നം ചിലർ അറിയിച്ചിരുന്നു. അതിനാൽ സന്നദ്ധ സംഘടനകളും ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളും പ്രശ്നം പരിഹരിക്കാൻ ഇടപെടും. മറ്റു ജില്ലകളിൽ നിന്നും ​ഗുരുതരാവസ്ഥിയലുള്ള രോ​ഗികളെ കൊണ്ടു വരാൻ അനുവദിക്കും അടിയന്തര ആവശ്യത്തിന് പുറത്തു പോകാനും തടമസില്ല.

പലചരക്ക് കടകൾക്ക് വെളുപ്പിന് ഏഴ് മുതൽ രാവിലെ പതിനൊന്ന് വരെ പ്രവർത്തിക്കാം. ജനങ്ങൾക്ക് ഏറ്റവും അടുത്തുള്ള കടയിൽ നിന്നും സാധനം വാങ്ങാം അതിനായി അവർ സത്യവാങ്ങ് മൂലം കൈയിൽ കരുതണം. പരിസരത്ത് ലഭ്യമല്ലാത്ത മെഡ‍ിക്കൽ ആവശ്യങ്ങൾക്കും മറ്റു അടിയന്തര ആവശ്യങ്ങൾക്കും കൺട്രോൾ റൂമിൽ ബന്ധപ്പെടാം. മാസ്ക് ധരിക്കാതെ 4442 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രായമായവർ താമസിക്കുന്ന സ്ഥലങ്ങളിൽ ബ്രേക്ക് ദ ചെയിൻ നടപ്പാക്കാൻ പലവട്ടം നിർദേശിച്ചതാണ് എന്നാൽ പലരും അക്കാര്യം ശ്രദ്ധിക്കുന്നില്ല.

പൊന്നാനിയിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗൺ ഇന്ന് രാത്രിയോടെ പിൻവിക്കും എന്നാൽ അവിടെ കണ്ടൈൻമെൻ്റ് സോണായി തുടരും. അതിനാൽ അവിടെ നാട്ടുകാരും അധികൃതരും ജാ​ഗ്രത തുടരണം. പൊന്നാനിയിൽ വ്യാപകമായി പരിശോധന നടത്തിയതിൽ 0.4 ശതമാനം ആണ് രോ​ഗവ്യാപനം എന്നാണ് ആരോ​ഗ്യവകുപ്പ് അറിയിച്ചത്. ഈ സാഹചര്യത്തിൽ അവിടെ ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് ട്രിപ്പിൾ ലോക്ക് ഡൗൺ അവസാനിപ്പിക്കും.

കൊവിഡ് കേസുകളിൽ ഇന്ത്യ റഷ്യയെ മറികടന്ന് മൂന്നാമതെത്തി

വേൾഡോ മീറ്ററിന്റെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമതെത്തി. കൊവിഡ് വ്യാപന നിരക്ക് കുതിച്ചുയരുന്ന രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണം 6,97,413 ആയി. 24 മണിക്കൂറിനിടെ 24,248 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ സമയത്തിനുള്ളിൽ മാത്രം 425 പേരാണ് രോ​ഗം ബാധിച്ച് മരിച്ചത്. ഇതുവരെ 19,693 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

424,433 ആളുകൾ ഇതുവരെ രോ​ഗമുക്തി നേടിയിട്ടുണ്ടെന്നാണ് ഔദ്യോ​ഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. 61 ശതമാനമാണ് നിലവിൽ രോ​ഗമുക്തി നിരക്ക്. 2,53,287 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ കൊവിഡ് കേസുകളിൽ 25.85 ശതമാനം കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.