1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചു. 111 പേര്‍ രോഗമുക്തരായി. 157 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 38 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി 68 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതീവ ഗുരുതരമായ സ്ഥിതിയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി.

സമ്പര്‍ക്കം വഴി ഏറ്റവും അധികം രോഗികൾ ഉള്ള ദിവസം ആണ് ഇന്ന്. കുറെ കൂടി ഗൗരവമായി കാര്യങ്ങൾ കാണേണ്ട ഘട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തി മാത്രമെ മുന്നോട്ട് പോകാനാകു. സമ്പര്‍ക്ക വ്യാപനം അതീവ ഗുരുതര സാഹചര്യമാണ്. രോഗികളുമായി പാലിക്കേണ്ട അകൽച്ച ആവശ്യമായ സുരക്ഷ പാലിക്കാത്തത് എല്ലാം കാരണമാണ്. ഈ സ്ഥിതി വിശേത്തിൽ നല്ല രീതിയിൽ മാറ്റം വരണം.

നിയന്ത്രണങ്ങളിൽ അയവ് വന്നപ്പോഴുള്ള പ്രത്യേകതകളിലേക്കാണ് രോഗവ്യാപന സാധ്യത വിരൽചൂണ്ടുന്നത്. ഇന്ന് ഫലം പോസിറ്റീവായവര്‍ മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, കണ്ണൂർ 19, ആലപ്പുഴ 18, കോഴിക്കോട് 15, കാസർഗോഡ് 13, പത്തനംതിട്ട 12,കൊല്ലം 11, തൃശൂർ 10, കോട്ടയം 3 ,വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ്.

169 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്താകെ ഉള്ളത്. പുതിയതായി 18 ഹോട്ട് സ്പോട്ടുകൾ കൂടി സംസ്ഥാനത്തുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 7516 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് മാത്രം 378 പേരെ ആശുപത്രിയിലാക്കിയിട്ടുണ്ട്. 3034 പേര്‍ ആശുപത്രിയിൽ കഴിയുന്നുണ്ട്. 5454 സാമ്പിളുകളുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്.

വിദേശത്ത് നിന്ന് അടക്കം ഏറ്റവും കൂടുതൽ പേര്‍ എത്തിയത് മലപ്പുറം ജില്ലയിലേക്കാണ്. രണ്ടാം സ്ഥാനത്ത് കണ്ണൂരും മൂന്നാം സ്ഥാനത്ത് എറണാകുളവും ആണ് ഉള്ളത്. ഏറ്റവും കുറവ് ആളുകളെത്തിയത് വയനാട്ടിലേക്കാണ്. സംസ്ഥാനം തിരിച്ചുള്ള കണക്ക് നോക്കിയാൽ ഏറ്റവും അധികം പേര്‍ കേരളത്തിലേക്ക് എത്തിയത് തമിഴ്നാട്ടിൽ നിന്നാണ് തൊട്ടു പിന്നിൽ കര്‍ണാടകയാണ്.

അന്താരാഷ്ട്ര യാത്രക്കാരിൽ ഏറ്റവും കൂടുതൽ പേർ വന്നത് യുഎഇയിൽ നിന്നാണ്. ഏറെക്കുറെ മൊത്തം യാത്രക്കാരിൽ പകുതിയോളം. പിന്നെ വന്നത് സൗദിയിൽ നിന്നാണ്. ഖത്തറിൽ നിന്നാണ് പിന്നീട് ഏറ്റവും കൂടുതൽ പേർ വന്നത്.

ആഭ്യന്തരയാത്രക്കാരിൽ 64.05 ശതമാനം പേരും വന്നത് റെഡ് സോണിൽ നിന്നാണ്. റോഡുകളിലൂടെയാണ് ഭൂരിഭാഗം പേരും എത്തിയത്. ആകെ വന്നതിന്‍റെ 62.55 ശതമാനം. വ്യോമമാർഗം വന്നത് 19.11 ശതമാനം. റെയിൽവേ വഴി 14.82 ശതമാനം. ബാക്കി വന്നത് കപ്പൽ വഴിയാണ്.

കേരളത്തിലേക്ക് എത്തിയവരിൽ ആശുപത്രിയിൽ അഡ്മിറ്റാകേണ്ടി വന്നത് 2583 പേരാണ്. അത് ഇതുവരെ വന്നതിന്‍റെ .51 ശതമാനമാണ്. അന്താരാഷ്ട്ര യാത്രക്കാരിൽ 1.11 ശതമാനം പേർ ആശുപത്രിയിലേക്ക്ണേടി വന്നു. ആഭ്യന്തരയാത്രക്കാരിൽ .15 ശതമാനം മാത്രമേ ആശുപത്രിയിലാക്കേണ്ടി വന്നുള്ളൂ.31 ശതമാനം പേർക്ക് രോഗലക്ഷണമുണ്ടായിരുന്നു. 1909 പേ‍ർ വിദേശത്ത് നിന്നും 80 മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്.

രാജ്യത്ത് ഏഴു ലക്ഷം കടന്ന് രോഗികൾ; മരണം 20,000

കോവിഡ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം ഏഴു ലക്ഷം കടന്നു. മരണം 20,000 കവിഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,252 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 7,19,665 ആയി. 467 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 20,160 ആയി. നിലവിൽ 2,59,557 പേർ ചികിത്സയിലാണ്. ഇതുവരെ 4,39,948 പേർ രോഗമുക്തരായി.

രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം മഹാരാഷ്ട്രയില്‍ ഇതുവരെ 2,11,987 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 9026 പേര്‍ മരിച്ചു. 87,699 ആക്ടീവ് കേസുകളുണ്ട് സംസ്ഥാനത്ത്. 1,15,262 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുമുണ്ട്.

തമിഴ്‌നാടും ഡല്‍ഹിയുമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 1,14,978 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 66,571 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 46,836 സജീവ കേസുകളും സംസ്ഥാനത്തുണ്ട്. തമിഴ്‌നാട്ടില്‍ ഇതുവരെ 1,571 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഡല്‍ഹിയില്‍ 1,00,823 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 72,088 പേര്‍ രോഗമുക്തി നേടി. 25,620 സജീവ കേസുകളുണ്ട്. ഇതുവരെ 3,115 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്.

ലോകത്ത് 24 മണിക്കൂറില്‍ 1.71 ലക്ഷം പേര്‍ക്ക് കൊവിഡ്, മരണം 3,519

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 3,519 പേര്‍. പുതിയതായി 1.71 ലക്ഷം ആളുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 214 രാജ്യങ്ങളിലായി ഇതുവരെ 1.17 കോടി ജനങ്ങള്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 5.41 ലക്ഷം ജനങ്ങള്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. 67.67 ലക്ഷം പേര്‍ രോഗമുക്തി നേടി. 44.83 ലക്ഷം പേരാണ് നിലവില്‍ വിവിധ രാജ്യങ്ങളിലായി ചികിത്സയില്‍ കഴിയുന്നതെന്നും വേള്‍ഡോമീറ്റേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു.

ബ്രസീലിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത്. 535 പേര്‍. ഇതുവരെ 16.06 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ബ്രസീലില്‍ 64,900 പേരാണ് ഇതുവരെ മരണടഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള അമേരിക്കയില്‍ ഇന്നലെ 234 പേര്‍ മാത്രമാണ് മരിച്ചത്. 29.81 ലക്ഷം ആളുകള്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചത്. ഇതില്‍ 1.32 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ 15.63 ലക്ഷം ആളുകള്‍ ചികിത്സയിലുണ്ട്.

കോവിഡി​​​െൻറ പുതിയ ക്ലസ്​റ്ററായി രേഖപ്പെടുത്തിയ മെക്‌സിക്കോയില്‍ 523, ഇറാനില്‍ 163, പെറുവില്‍ 177, ചിലിയില്‍ 116, സൗത്ത് ആഫ്രിക്കയില്‍ 173, കൊളംബിയയില്‍ 122 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്. ഫ്രാന്‍സ്, ചൈന, സ്‌പെയിന്‍, സ്വീഡന്‍ എന്നി രാജ്യങ്ങളില്‍ ഇന്നലെ കൊവിഡ് മരണങ്ങള്‍ ഉണ്ടായിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.