1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 234 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തിയത്. 416 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 143 പേർക്കാണ് രോഗമുക്തി. ആലപ്പുഴ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 87 എണ്ണം.

കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം ജില്ലയിലാണ് സമ്പർക്ക വ്യാപന ഭീഷണി അതി രൂക്ഷമായിരുന്നത്. എന്നാൽ ഇന്ന് ആലപ്പുഴ, മലപ്പുറം, പത്തനംതിട്ട എറണാകുളം ജില്ലകളിലും സമ്പർക്കബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. ഒപ്പം തൃശൂർ കോഴിക്കോട്, കാസർഗോഡ്, കൊല്ലം ജില്ലകളിലും ഉറവിടം അറിയാത്ത രോഗവ്യാപനത്തിന്റെയും സമ്പർക്കത്തിലൂടെയുള്ള രോഗബാധയുടെയും ഭീഷണിയുണ്ട്. പാലക്കാട് ജില്ലയിൽ ഇന്ന് ആകെ രോഗം ബാധിച്ചവരുടെ എണ്ണം അൻപതിനടുത്തെത്തിയതും ആശങ്ക വർധിപ്പിക്കുന്നു.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്:

സംസ്ഥാനത്ത് 488 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. 143 പേരാണ് രോഗമുക്തി നേടിയത്. രണ്ട് പേർ കൊവിഡ് മൂലം മരണമടഞ്ഞു. തിരുവനന്തപുരത്ത് 66കാരനായ സെയ്ഫുദ്ദീനും എറണാകുളത്ത് 79 കാരനായ പികെ ബാലകൃഷ്ണനുമാണ് മരിച്ചത്.

രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 76 പേരും സമ്പർക്കം മൂലം 234 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഐടിബിപി രണ്ട്, ബിഎസ്എഫ് രണ്ട്, ബിഎസ്ഇ നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.12104 സാമ്പിളുകൾ 24 മണിക്കൂറിനിടെ പരിശോധിച്ചു.

ഇന്ന് രോഗമുക്തിനേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് – തിരുവനന്തപുരം ആറ്, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം ആറ്, ഇടുക്കി നാല്, എറണാകുളം മൂന്ന്,തൃശ്ശൂർ 17, പാലക്കാട് ഏഴ്, മലപ്പുറം 15, കോഴിക്കോട് നാല്, കണ്ണൂ ഒന്ന് -. 1

3694 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 570 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 233809 സാമ്പിളുകൾ പരിശോധനക്കയച്ചു. 6449 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 73768 സാമ്പിളുകൾ ശേഖരിച്ചു. 66636 സാമ്പിളുകൾ നെഗറ്റീവായി.
സംസ്ഥാനത്തെ ഹോട്സ്പോട്ടുകൾ 195 ആയി. പുതുതായി 16 ഹോട്സ്പോട്ടുകളാണ് നിലവിൽ വന്നത്.

ഇന്ന് ലഭിക്കുന്ന കണക്കുകൾ സംസ്ഥാനത്താകെ രോഗവ്യാപനം വർധിക്കുന്നതിന്റെ സൂചന. തിരുവനന്തപുരത്ത് 69 പേർക്ക് ഇന്ന് രോഗബാധ. 46 പേർ സമ്പർക്ക രോഗികൾ. പുറമെ, എവിടെ നിന്ന് ബാധിച്ചതെന്ന് അറിയാത്ത 11 കേസുകളും ഉണ്ട്. ജില്ലയിൽ നിരീക്ഷണം ശക്തമായി തുടരുന്നു

ഒൻപത് തദ്ദേശ സ്ഥാപനങ്ങളിലെ 45 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടുണ്ട്. സാമൂഹിക അവബോധം വർധിപ്പിക്കാൻ നോട്ടീസ് വിതരണം, മൈക്ക് അനൌൺസുമെന്റ് തുടങ്ങിയവ നടത്തുന്നു. ഇവിടെ കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് റവന്യു-പൊലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് ദ്രുത പ്രതികരണ വിഭാഗത്തെ നിയോഗിച്ചു.

ഇന്നലെ വരെയുള്ള ജില്ലയിലെ കണക്കനുസരിച്ച് 18828 പേർ വീടുകളിലും 1901 പേർ വിവിധ സ്ഥാപനങ്ങളിലും രുതൽ നിരീക്ഷണത്തിലാണ്. ഇതുവരെ പൂന്തുറയിൽ 1366 ആന്റിജൻ പരിശോധന നടത്തി. 262 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. പരിശോധന തുടരുന്നു. 150 കിടക്കകളുള്ള ട്രീറ്റ്മന്റ് സെന്റർ ഉടൻ അവിടെ സജ്ജമാക്കും. മൊബൈൽ മെഡിസിൻ ഡിസ്പെൻസറി സജ്ജീകരിച്ചു.

മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വർഡുകളിൽ രോഗവ്യാപനം വർധിച്ച സാഹചര്യത്തിലാണ് കർക്കശ നിലപാട് സ്വീകരിച്ചത്. ജനത്തിനുണ്ടാക്കുന്ന പ്രയാസം കണക്കിലെടുത്താണ് ഇവിടുത്തെ ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി വീതം വിതരണം ചെയ്യുന്നത്. മൂന്ന് വാർഡിലുമായി 8110 കാർഡ് ഉടമകളുണ്ട്. നിത്യോപയോഗ സാധനം എത്തിക്കാൻ അധിക സംവിധാനം ഒരുക്കി.

ആലപ്പുഴയിലാണ് ഇന്ന് ഏറ്റവും കൂടുതൽ പുതിയ രോഗികൾ. 87 പേർ. ഇതിൽ 51 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. താമരക്കുളം പഞ്ചായത്തിലെ ഐടിബിപി ക്യാംപ്, കായംകുളം മാർക്കറ്റ് ഇവ കേന്ദ്രീകരിച്ചാണ് കൂടുതൽ രോഗവ്യാപന സാധ്യത. ചെല്ലാനം ഹാർബറിൽ മത്സ്യബന്ധനത്തിന് പോയ രണ്ട് പേർക്കും ഇതിലൊരാളുടെ കുടുംബാംഗങ്ങൾക്കും രോഗം.

താമരക്കുളം, നൂറനാട്, കായംകുളം എന്നിവിടങ്ങളിൽ കൂടുതൽ നിയന്ത്രണം. ഐടിബിപി ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഇവിടെ എല്ലാവർക്കും വ്യക്തിഗത ക്വാറന്റൈൻ ഉറപ്പാക്കും. ക്യാംപിന് പുറത്ത് താമസിക്കുന്ന ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ക്വാറന്റൈനിൽ. പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകരെ സഹായിക്കാൻ വിവിധ വകുപ്പുകളിലെ ജീവനക്കാരെ കമ്യൂണിറ്റി സെന്ററിൽ നിയോഗിച്ചു.

പത്തനംതിട്ട ജില്ലയിൽ 54 പേർക്ക് പുതുതായി രോഗം ബാധിച്ചു. 25 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ ആന്റിജൻ ടെസ്റ്റിലൂടെ ജൂലൈ പത്തിന് നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവർ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം ഉള്ളവരാണ്. മലപ്പുറത്ത് 51 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 27ഉം സമ്പർക്കം മൂലമാണ്. മലപ്പുറത്ത് നാല് ക്ലസ്റ്ററുകളുണ്ട്. സമ്പർക്കത്തിലൂടെ പല മേഖലയിലും രോഗവ്യാപനം ഉണ്ടാകുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്.

പൊന്നാനിയിലെ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, മുനിസിപ്പൽ കൗൺസിലർമാർ തുടങ്ങി 25 ലേറെ പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇവയിലൊന്നും തന്നെ വൈറസ് ഉറവിടം വ്യക്തമല്ല. 7266 ആന്റിജൻ ടെസ്റ്റ് പൊന്നാനിയിൽ നടത്തി. 89 പോസിറ്റീവ് കേസുകൾ കണ്ടെത്തി. നഗരസഭാ പരിധിയിൽ ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. മെഡിക്കൽ ആവശ്യത്തിനും അത്യാവശ്യ കാര്യത്തിനുമല്ലാതെ ആരും പുറത്തിറങ്ങരുത്. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ റേഷൻ കാർഡ് കൈവശം വയ്ക്കുകയും വേണം.

പാലക്കാട് ഇന്ന് രോഗം സ്ഥിരീകരിച്ചത് 48 പേർക്കാണ്. ജില്ലാശുപത്രി കൊവിഡ് ആശുപത്രിയാണ്. പുറമെ പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജും പാങ്ങോട് മെഡിക്കൽ കോളേജും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി പ്രവർത്തിക്കുന്നു. മറ്റ് ആശുപത്രികളിലും ഐസൊലേഷൻ സജ്ജീകരിച്ചു. കഞ്ചിക്കോട് കിൻഫ്രയിൽ ആയിരം കിടക്കയുള്ള ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് ഒരുക്കും. പുതൂർ, അഗളി, അട്ടപ്പാടി മേഖലയിലും പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്.

എറണാകുളത്ത് 47 പേർക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 30 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. അഞ്ച് പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. 45 കണ്ടെയ്ൻമെന്റ് സോൺ നിലവിലുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീക്ക് രോഗം ബാധിച്ചതിനാൽ ചെല്ലാനത്ത് പരിശോധന കർശനമാക്കിയിട്ടുണ്ട്. ഇവർക്ക് 123 പ്രൈമറി കോണ്ടാക്ടും 243 സെക്കന്ററി കോണ്ടാക്ടും കണ്ടെത്തി. പ്രൈമറി കോണ്ടാക്ട് ടെസ്റ്റ് നടത്തി 13 പോസിറ്റീവ് കേസുകൾ ഇതുവരെ കണ്ടെത്തി. മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ജൂലൈ ഒൻപത്, പത്ത് തീയതികളിലായി ഫീൽഡ് ടീം ആ പ്രദേശം സന്ദർശിച്ച് കൊവിഡ് രോഗലക്ഷണമുള്ള 163 പേരെ കണ്ടെത്തി. ആലുവ മാർക്കറ്റിനോട് ബന്ധപ്പെട്ട് ജോലി ചെയ്ത മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിനാൽ ആലുവ മാർക്കറ്റിനെ ഒരു ക്ലസ്റ്ററായി പരിഗണിച്ചു. രോഗബാധയുള്ള വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി. ഇവിടെ 448 സാമ്പിളുകൾ ശേഖരിച്ചു. 24 പോസിറ്റീവ് കേസ് കണ്ടെത്തി.

തൃശ്ശൂരിൽ 29 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. നാട്ടികയിൽ എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം സെക്കന്റ് ലെയർ ട്രീറ്റ്മെന്റ് സെന്ററാക്കും. ഇവിടെ ആയിരം കിടക്കകൾ തയ്യാറാക്കും. മാർക്കറ്റുകളിൽ നിയന്ത്രണം കർശനമാക്കി. തൃശ്സൂർ പൊലീസ് ഓപറേഷൻ ഷീൽഡ് നടപ്പാക്കുന്നു. മെഡിക്കൽ കോളേജിൽ രണ്ട് നെഗറ്റീവ് പ്രഷർ ഓപ്പറേഷൻ തിയേറ്റർ സജ്ജീകരിച്ച് പ്ലാസ്മ ചികിത്സ ആരംഭിച്ചു.

കണ്ണൂരിൽ 19 പേർക്കാണ് ഇന്ന് രോഗബാധ. ആദ്യത്തെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററായി പരിയാരം മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങി. മാർക്കറ്റുകളിൽ ലോറി ജീവനക്കാർ വിശ്രമം ഒരുക്കും. കണ്ണൂർ മിംസ് ആശുപത്രി കൊവിഡ് ചികിത്സാ ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്. കാസർകോട് ജില്ലയിൽ 18 പേർക്ക് കൊവിഡ് ബാധിച്ചു. ഏഴ് പേർക്ക് സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. രണ്ട് പേർക്ക് എവിടെ നിന്ന് രോഗം ബാധിച്ചെന്ന് വ്യക്തമായിട്ടില്ല.

സംസ്ഥാനത്ത് കൊവിഡ് മൂന്നാം ഘട്ടം ആരംഭിച്ച ശേഷം ഇതാദ്യമായി കാസർകോട് വെള്ളിയാഴ്ച 12 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. നാല് പച്ചക്കറി കടകളിൽ നിന്നും ഒരു പഴക്കടയിൽ നിന്നുമാണ് ഇവർക്കെല്ലാം രോഗബാധയുണ്ടായത്. കാസർകോട് നിന്ന് മംഗലാപുരത്ത് പോയി പച്ചക്കറി കൊണ്ടുവരുന്ന വാഹനങ്ങൾക്ക് പ്രത്യേക പാസ് നൽകുന്നുണ്ട്. 540 പേരെ ചികിത്സിക്കാവുന്ന ടാറ്റ കൊവിഡ് ആശുപത്രി നിർമ്മാണം അവസാന ഘട്ടത്തിലാണ്. ആശുപത്രി നിർമ്മാണം ഈ മാസം കൊണ്ട് പൂർത്തിയാവും.

കൊല്ലത്ത് 18 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. മൂന്ന് മത്സ്യവിൽപ്പനക്കാർക്ക് രോഗബാധയുണ്ടായത് ആശങ്കയുണ്ടാക്കുന്നു. ഇവരിൽ നിന്ന് 15 ഓളം പേർക്ക് രോഗബാധയുണ്ടായി. ഇവർ മത്സ്യം വിറ്റ സ്ഥലത്തും ഇവരുടെ വാസ സ്ഥലത്തും അതീവ ജാഗ്രത തുടരുകയാണ്. സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കി സ്രവ പരിശോധന നടത്തി വരുന്നു. ജില്ലയിൽ ഇന്നലെയാണ് സമ്പർക്ക രോഗികൾ എണ്ണത്തിൽ മുന്നിൽ വന്നത്. കൊവിഡ് രോഗികളെ ചികിത്സിക്കാൻ പാരിപ്പള്ളി മെർിക്കൽ കോളേജിന് പുറമെ വാളകം ആശുപത്രിയും സജ്ജീകരിച്ചു.

കോഴിക്കോട് 17 പേർക്ക് കൊവിഡ് ബാധിച്ചു. സമ്പർക്കത്തിലൂടെ എട്ട് പേർക്ക്. നഗരത്തിലെ വലിയങ്ങാടി, പാളയം, എസ്എം സ്ട്രീറ്റ്, സെൻട്രൽ മാർക്കറ്റ് ഇവ നിയന്ത്രിത മേഖലകൾ. വാഹന ഗതാഗതത്തിനും പൊതുജനങ്ങളുടെ സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയത്ത് 15 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതിൽ നാലും സമ്പർക്കത്തിലൂടെയാണ്.

വയനാട്ടിൽ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കി. കോളനികളിൽ കേസ് റിപ്പോർട്ട് ചെയ്താൽ റിസ്ക് ഫാക്ടർ പരിശോധിച്ച് ആവശ്യമെങ്കിൽ എല്ലാവരെയും ക്വാറന്റൈനിലേക്ക് മാറ്റും. ഇടുക്കിയിൽ അഞ്ച് പേർക്ക് ഇന്ന് രോഗം സ്ഥിരീകകരിച്ചു. ജില്ലയിൽ ദിവസവും കൊവിഡ് കൂടിവരികയാണ്. മെഡിക്കൽ കോളേജിലും തൊടുപുഴ ജില്ലാ ആശുപത്രിയിലും ചികിത്സ സൗകര്യമൊരുക്കിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധത്തെ തകർക്കാൻ ശ്രമങ്ങളുണ്ടാവുന്നു. അതിന്റ പ്രത്യാഘാതം വലുതാകുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നും ചില കേന്ദ്രങ്ങളിൽ സുരക്ഷ കൂട്ടാക്കാതെ സമരം സംഘടിപ്പിച്ചു. ഇത് എന്തിന്റെ പേരിലായാലും അനുവദിക്കാനാവില്ല. പ്രകൃതി ദുരന്തവും മറ്റും വന്നപ്പോൾ മറ്റെല്ലാം മാറ്റിവച്ച് പ്രതിരോധത്തിന് ഒന്നിച്ച് ഇറങ്ങിയ നാടാണിത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരം നടത്തുന്നതും അതിനും നേതൃത്വം വഹിക്കുന്നതും കുറ്റകരമാണ്.

സമ്പർക്കത്തിലൂടെയുള്ള രോ​ഗവ്യാപനം ശക്തമായി തുടരുകയാണ്. ബ്രേക്ക് ദി ചെയ്ൻ ക്യാംപെയ്ൻ ശക്തമായി മുന്നോട്ട് പോകണം. സാമൂഹിക അകലം കർശനമായി പാലിക്കണം. കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ച് ശുചിയാക്കണം. പൊതു ഇടങ്ങളിൽ മാസ്ക് ഉപയോഗം പ്രധാനപ്പെട്ടത്. രോഗം ഒരാളിൽ നിന്ന് പകരാതിരിക്കാൻ മാസ്ക് സഹായിക്കുന്നു.

കൊവിഡ് ബാധിതനായ ഒരാളും മറ്റൊരു വ്യക്തിയും മാസ്കില്ലാതെ അടുത്തടുത്ത് വന്നാൽ രോഗം പകരാൻ സാധ്യത കൂടും. രണ്ടാളുകളും മാസ്ക് ധരിച്ചാൽ രോഗം പകരാനുള്ള സാധ്യത കുറയും. പൊതു സ്ഥലങ്ങളിൽ മാസ്കുകൾ നിർബന്ധമായും എല്ലാവരും ധരിക്കണം. എന്നാൽ മാസ്ക് ധരിച്ചത് കൊണ്ട് മാത്രം എല്ലാമാകില്ല. ശാരീരിക അകലം പാലിച്ചില്ലെങ്കിൽ മാസ്ക് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല.

നിരന്തരം ഇത് പറയുന്നത് നമ്മുടെ രോഗവ്യാപന തോത് കുറയ്ക്കാൻ ഇതേ മാർഗ്ഗമുള്ളൂ എന്നത് കൊണ്ടാണ്. വൈറസ് ബാധിതരിൽ നല്ലൊരു ഭാഗം യാതൊരു ലക്ഷണവും കാണിക്കുന്നില്ല. ലക്ഷണം ഇല്ലാത്തവരിൽ പോസിറ്റീവാകുന്നത് ടെസ്റ്റിന്റെ ബലഹീനതയല്ല. ചെറിയ അണുബാധ പോലും കണ്ടെത്താനുള്ള ടെസ്റ്റിന്റെ കഴിവാണിത്. ലക്ഷണം ഇല്ലാത്തവരിൽ നിന്ന് രോഗം പകരാം. ഇങ്ങിനെ ബാധിക്കുന്നവരിൽ ഗുരുതര ലക്ഷണം കാണിക്കാം.

കൊവിഡ് സംസ്ഥാനത്ത് ആകെ പടർന്നുപിടിക്കുന്ന സാഹചര്യം ഉണ്ടായാൽ രോഗം പടർന്നുപിടിക്കുന്നതിന് ബുദ്ധിമുട്ടാകും. കഴിയുന്നത്ര രോഗികളെ ടെസ്റ്റ് ചെയ്ത് കണ്ടെത്തേണ്ടതുണ്ട്. മറ്റ് പ്രദേശങ്ങളിലേക്ക് രോഗം പടർന്നു പിടിക്കുന്നത് തടയാനാണ് ശ്രമം. ഏറ്റവും ശാസ്ത്രീയമായ മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. ഉചിതമായ ടെസ്റ്റിങ് രീതികളാണ് ഉപയോഗിക്കുന്നത്. ഇതിനോട് എല്ലാവരും പൂർണ്ണ മനസോടെ സഹകരിക്കണം.

കൊവിഡ് പ്രതിരോധ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ധാരാളം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. രോഗികൾ വർധിക്കുന്നതും ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടും പൊലീസിന്റെ ജോലിഭാരം വർധിച്ചു. മണിക്കൂറുകളോളം തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്നു. ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർക്ക് സമയത്തിന് ജോലിക്കെത്താനാവുന്നില്ല.

പൊലീസുകാരെ ദിവസം കുറഞ്ഞത് രണ്ട് ഷിഫ്റ്റുകളിലായി ഡ്യൂട്ടിക്ക് നിയോഗിക്കാൻ നിർദ്ദേശം നൽകി. കുറേയിടത്ത് നേരത്തെ നടപ്പാക്കിയതാണ്. സ്പെഷൽ യൂണിറ്റിൽ നിന്ന് നിയോഗിച്ചവരെ താമസ സ്ഥലത്തിനടുത്ത് നിയോഗിക്കാൻ നിർദ്ദേശിച്ചു. എഡിജിപി കെ പദ്മകുമാർ എല്ലാ ജില്ലയും സന്ദർശിച്ച് ദിവസേന റിപ്പോർട്ട് നൽകും. പൊലീസിന് ആരോഗ്യസുരക്ഷാ ഉപകരണം ലഭ്യമാക്കും കുടിവെള്ളവും ഭക്ഷണവും ലഭ്യമാക്കും.

ഇന്ന് ഒരു പ്രധാന പത്രം വ്യാജ വാർത്ത നൽകിയത് ശ്രദ്ധയിൽ പെട്ടു. പൂന്തുറ പ്രദേശം ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായ ഘട്ടത്തിൽ ചിലർ അഭ്യൂഹം പരത്തി ജനത്തെ തെരുവിലിറക്കി. ജനങ്ങളെ ബോധവത്കരിച്ച് മഹാമാരിയിൽ നിന്ന് രക്ഷ നേടാനുള്ള പ്രവർത്തനത്തിൽ ഏഡപ്പെട്ട സന്നദ്ധ പ്രവർത്തകരും അതിലുണ്ടായിരുന്നു.

ഒരു മാധ്യമം ചിത്രം സഹിതം പ്രസിദ്ധീകരിച്ച വാർത്ത പ്രവർത്തകരെ മോശക്കാരനാക്കാനുള്ള പ്രവർത്തനമാണ്. വിശ്വാസികളായ പ്രദേശവാസികൾ പുരോഹിതരുടെ വാക്കുകൾക്ക് വില നൽകുന്നു. തെരുവിലിറങ്ങിയവരെ സമാധാനിപ്പിക്കാനും സത്യാവസ്ഥ ബോധിപ്പിക്കാനും പിന്തിരിപ്പിക്കാനും സർക്കാർ സാധ്യമായ രീതികളെല്ലാം തേടി. പുരോഹിതരുടെയും സാമൂഹ്യ നേതാക്കളെയും സമീപിച്ചു.

തീരദേശത്ത് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി വന്നത് ആരുടെയും കുറ്റം കൊണ്ടല്ല. ഏറ്റവും കൂടുതൽ ശ്രദ്ധയോടെയുള്ള ഇടപെടലാണ് ആവശ്യം. ദിവസവും കടലിൽ പോയി ജീവനോപാധി കണ്ടെത്തുന്ന സഹോദരങ്ങൾ കൊവിഡ് മൂലം വിഷമിക്കുന്നു. അവർക്ക് ആകാവുന്ന സഹായം നൽകേണ്ട ഘട്ടമാണ്. കേരളം മഹാപ്രളയം നേരിട്ടപ്പോൾ എല്ലാം മറന്ന് സ്വന്തം സൈന്യമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവരാണ് തീരദേശത്ത് ഇന്ന് ദുരിതം അനുഭവിക്കുന്നത്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവുന്നതെല്ലാം സർക്കാർ ചെയ്യും. ഈ ഘട്ടത്തിൽ അത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും സഹായിക്കണം. അവർക്ക് യോജിച്ച പിന്തുണ നൽകിയേ തീരൂ.

അതീവ ഗുരുതരമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. സൂപ്പർ സ്പ്രെഡ് എന്നത് സാമൂഹിക വ്യാപനത്തിന് തൊട്ടുമുൻപുള്ള അവസ്ഥയാണ്. ഇനി സാമൂഹിക വ്യാപനത്തിലേക്ക് സ്വാഭാവികമായും നീങ്ങും. അതിലേക്ക് പോകാതെ പിടിച്ചു നിർത്താനാവണം. പ്രതിദിന കേസുകൾ നാന്നൂറിൽ കൂടുന്നു. കുറച്ച് പേർക്കെങ്കിലും സ്രോതസ് അറിയില്ല. ഒരാളിൽ നിന്നും അനേകം ആളുകളിലേക്ക് പകരുന്ന സൂപ്പർ സ്പ്രെഡ് ഇപ്പോഴായി. ഇനിസാമൂഹിക വ്യാപനത്തിലേക്ക് എപ്പോൾ നീങ്ങും എന്ന് മാത്രമാണ് ആശങ്കപ്പെടുന്നത്. വളരെ കരുതലോടെ അത് ഒഴിവാക്കാനാണ് ശ്രമം. എല്ലാവരുടെയും സഹകരണം ആവശ്യം. നാടിന്റെ സംരക്ഷണം എല്ലാവരും ഓർക്കണം. പ്രത്യേക സാഹചര്യത്തിൽ ഒന്നിച്ച് പ്രതിരോധിക്കാനുള്ള ഇടപെടൽ വേണം.

ഞായറാഴ്ചത്തെ ലോക്ക്ഡൗൺ പൊതുവിൽ നിലവിലില്ല. എന്നാൽ നിശ്ചിത സ്ഥലങ്ങളിൽ അത് തുടരും. മാർക്കറ്റിലേക്ക് വാഹനം വരുന്നത് പ്രശ്നമാണ്. വാഹനം വരേണ്ടെന്ന നിലപാട് എടുക്കാനാവില്ല. ആയിരക്കണക്കിന് വാഹനങ്ങൾ മാ‍ർക്കറ്റുകളിലേക്ക് വരുന്നുണ്ട്. ചെക്ക്പോസ്റ്റിൽ വാഹനം എങ്ങോട്ട് പോകുന്നുവെന്ന് രേഖപ്പെടുത്തും. എത്തുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനം അവർക്കാവശ്യമായ വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കും.

മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ട് ചില രോഗവ്യാപന പ്രശ്നമുണ്ട്. ചില മാർക്കറ്റുകൾ അടക്കേണ്ടിവരും. തിരുവനന്തപുരത്ത് 11 മണി വരെയാണ് ഇപ്പോൾ കടകൾ തുറക്കുന്നത്. തിരുവനന്തപുരത്തെ ട്രിപ്പിൾ ലോക്ക്ഡൗൺ അങ്ങിനെ തന്നെ മുന്നോട്ട് പോകില്ല. ട്രിപ്പിൾ ലോക്ക്ഡൗൺ വേണ്ട സ്ഥലത്ത് മാത്രമായി അത് നിയന്ത്രിക്കും. ആ ഘട്ടത്തിൽ ഇളവുകൾ നൽകും.

സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സ ചർച്ച നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. സമരം ചെയ്യാനുള്ള അവകാശത്തെ ആരും ചോദ്യം ചെയ്യുന്നില്ല. നേതാക്കൾ ഇന്നത്തെ അവസ്ഥ പരിഗണിക്കണം. മഹാമാരി ആക്രമിക്കാൻ നിൽക്കുന്നു. വികസിത രാജ്യങ്ങളിൽ വ്യാപനം വന്നപ്പോഴുണ്ടായ ദുരവസ്ഥ നമ്മൾ കണ്ടതാണ്. ആശുപത്രികളിൽ പലയിടത്തും കിടക്കകൾ ഇല്ലായിരുന്നു.

രോഗികളെ പ്രവേശിപ്പിക്കാൻ കിടക്കകളുണ്ടായില്ല. ആർക്കാണ് വെന്റിലേറ്റർ കൊടുക്കേണ്ടതെന്ന് ചിന്തിക്കേണ്ടി വന്നു. ഡോക്ടർമാർ മാസികമായ പ്രയാസം അനുഭവിക്കുന്നു. വെന്റിലേറ്ററിൽ ഉള്ള രോഗികളെ മാറ്റി മറ്റൊരാളെ കയറ്റേണ്ട നില വന്നു. അങ്ങിനെ ആശുപത്രികൾ പോലും രോഗത്തിന്റെ കേന്ദ്രമായി മാറി. ആരോഗ്യപ്രവർത്തകർക്കും ഡോക്ടർമാർക്കും രോഗം ബാധിക്കുന്നു. ചികിത്സിക്കാൻ ആളുകളില്ലാത്ത സ്ഥിതിയുണ്ടായി. മരിച്ച ശേഷം ശരിയായ രീതിയിൽ മറവു ചെയ്യാൻ പോലും സാധിച്ചില്ല. ശ്മശാനങ്ങളിൽ കൂട്ടത്തോടെ കുഴിച്ചിടേണ്ട സ്ഥിതിയുണ്ടായി. ആ ചെറിയ ഭാഗം ഇവിടെ വന്നാൽ എന്താകും സ്ഥിതി? ഇത് കാണണം. നമുക്ക് മാത്രമായി പ്രത്യേക കവചകുണ്ഡലങ്ങളില്ല

സ്വർണക്കടത്തിൽ എൻഐഎ അന്വേഷണം നടത്തുന്നുണ്ട്. വിവാദ സ്ത്രീയുടെ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തും.
ആരോപണങ്ങൾക്കെതിരെ കഴിയുന്നത്ര കടുത്ത ഭാഷ ഉപയോഗിക്കാതിരിക്കാനാണ് ശ്രമം. മരണം നാട്ടിൽ വ്യാപിക്കണം എന്നാഗ്രഹിക്കുന്നില്ല. നി‍ർഭാ​ഗ്യവശാൽ അതുണ്ടായേക്കാം. ഒരു പ്രത്യേക സാഹചര്യം ഉണ്ടാവുമ്പോൾ ഒന്നിച്ച് നിന്ന് നേരിടണം. സുനാമി വന്നപ്പോൾ ഞങ്ങൾ പ്രതിപക്ഷത്തായിരുന്നു. പ്രക്ഷോഭത്തിലായിരുന്നു. എന്നാൽ അതെല്ലാം അന്നു നി‍ർത്തിവച്ചു.

കൊവിഡ് പ്രോട്ടോക്കോൾ ബാധകമല്ല എന്ന് പ്രഖ്യാപിക്കുന്നതിന്റെ മാനസിക നില എന്താണ്. വരട്ടെ എന്ന് പറയുന്നത് എന്തിന് വേണ്ടിയാണ്? സൂപ്പർ സ്പ്രെഡ് നല്ല പോലെ വരുന്നു. തീരദേശ മേഖലയിൽ ഉത്കണ്ഠാകുലമായ നിലയിലാണ്. ഒറ്റക്കെട്ടായി പിടിച്ചുനിൽക്കണം. കേരളത്തിന് അത് സാധിക്കും. അത് തെളിയിച്ചതാണ്. അതിനെല്ലാവരും ശ്രമിക്കണം. നിയമ നടപടി സ്വീകരിക്കൽ ഒരു മാർഗ്ഗമാണ്. അതല്ല വഴി. ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ജനങ്ങളെ കരുതി വേണം നടപടിയെടുക്കാൻ. ജനങ്ങളെ കരുതി ഇടപെടണം. ജനങ്ങളെ മറന്നുകൊണ്ട് ഇടപെടരുത്. മറ്റ് കാര്യങ്ങൾ പിന്നീട് നോക്കാം. ഈ ഘട്ടത്തെ ഒന്നിച്ച് നേരിടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.