1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 608 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ മാത്രം 201 പേർക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. സൗദിയിൽ നിന്നും വന്ന ആലപ്പുഴ സ്വദേശിയായ പ്രവാസി ഇന്ന് കൊവിഡ് രോ​ഗം ബാധിച്ചു മരിച്ചു.

സമൂഹവ്യാപനഭീതി ശക്തിപ്പെടുത്തി കൊണ്ട് പേർക്കാണ് ഇന്ന് 306 പേ‍‍ർക്ക് സമ്പർക്കം വഴി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ കൊവിഡ് രോ​ഗികളിൽ 26 പേരുടെ വൈറസ് ഉറവിടം വ്യക്തമല്ല എന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു. ആകെ കൊവിഡ് ബാധിതരിൽ 130 പേർ വിദേശത്ത് നിന്നും വന്നവരാണ്. 68 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

സംസ്ഥാനം സമൂഹവ്യാപനത്തിന്റെ വക്കിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. “കേരളത്തിൽ മൂന്നാംഘട്ട രോഗവ്യാപനമാണ് ഇപ്പോൾ നടക്കുന്നത്. വർഷാവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം സാധ്യമാകൂ. മാസങ്ങളായി അത്യധ്വാനം ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കൊപ്പം സഹകരിക്കണം. പലരും ഈ മഹാമാരിയെ ഗൗരവമായി കാണുന്നില്ല. പലയിടത്തും രോഗവ്യാപനം രൂക്ഷമാകാൻ കാരണം ആളുകളുടെ ജാഗ്രത കുറവാണ്,” മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്:

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 608 പേർക്ക്. ഇതുവരെയുള്ള ഏറ്റവും വലിയ കണക്കാണിത്. ആശങ്കയുളവാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തിരുവനന്തപുരത്ത് മാത്രം 201 പേർക്ക് രോഗബാധയുണ്ടായി. ഇതുവരെയുള്ള ഏറ്റവും വലിയ കണക്കിനർത്ഥം നമ്മുടെ സംസ്ഥാനം അനുദിനം കൊവിഡ് വ്യാപനത്തിന്‍റെ രൂക്ഷതയിലെത്തുന്നു എന്നാണ്.

ഒരു കൊവിഡ് മരണവുമുണ്ട്. ആലപ്പുഴ ചുനക്കര 47 വയസ്സുള്ള നസീർ ഉസ്മാൻകുട്ടിയാണ് മരിച്ചത്. അദ്ദേഹം വിദേശത്ത് നിന്ന് വന്നതാണ്. ഇന്ന് രോഗം ബാധിച്ചവരിൽ 130 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 68 പേർ. സമ്പർക്കം 396. ഹെൽത്ത് വർക്കർമാർ 8, ബിഎസ്എഫ് 1, ഐടിബിപി 2, സിഐഎസ്എഫ് 2, സമ്പർക്കരോഗബാധ വന്നവരിൽ 26 പേരുടെ ഉറവിടം അറിയില്ല.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 70, മലപ്പുറം, കോഴിക്കോട് 58, കാസർകോട് 44, തൃശ്ശൂർ 42, ആലപ്പുഴ 34, പാലക്കാട് 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂർ 12, പത്തനംതിട്ട 3. 181 പേർ ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടിയിട്ടുണ്ട് നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 17, കോട്ടയം 5, തൃശ്ശൂർ 9, പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂർ 49, കാസർകോട് 5.

കഴിഞ്ഞ 24 മണിക്കൂറിൽ 14,227 സാമ്പിളുകൾ പരിശോധിച്ചു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേർ ആശുപത്രികളിലാണ്. ഇത് വരെ രോഗം സ്ഥിരീകരിച്ചത് 8930 പേർക്കാണ്. ഇന്ന് മാത്രം 720 പേരെ ആശുപത്രികളിലാക്കി.

രോഗവ്യാപനം കൂടുന്നതിനാൽ ജില്ലകളിലെ പ്രവർത്തനത്തിൽ സഹായിക്കാൻ 14 ഐഎഎസ് ഉദ്യോഗസ്ഥരെ നൽകി. തിരുവനന്തപുരം കെ ഇമ്പശേഖർ, എസ് ചിത്ര കൊല്ലം, എസ് ചന്ദ്രശേഖർ പത്തനംതിട്ട, തേജ് രോഹിത് റെഡ്ഡി ആലപ്പുഴ, രേണു രാജ് കോട്ടയം, ഇ ആർ പ്രേമകുമാർ ഇടുക്കി, ജെറോമിക് ജോർജ് എറണാകുളം, ജീവൻ ബാബു തൃശ്ശൂർ, എസ് കാർത്തികേയൻ പാലക്കാട്, എൻഎസ്കെ ഉമേഷ് മലപ്പുറം, വീണ മാധവൻ വയനാട്, വി വിഘ്നേശ്വരി കോഴിക്കോട്, പിആർകെ തേജ കണ്ണൂർ, അമിത് മീണ കാസർകോട്.

തിരുവനന്തപുരത്ത് കളക്ടറെ സഹായിക്കാൻ ഇതേപോലെ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. റിവേഴ്സ് ക്വാറന്‍റീനും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകളും നിർമിക്കാൻ ഇവർ കളക്ടർമാരെ സഹായിക്കും. തിരുവനന്തപുരത്ത് ഇന്ന് രോഗം ബാധിച്ച 201 പേരിൽ 158 പേർക്കും സമ്പർക്കം വഴിയാണ് രോഗം വന്നത്.

ഇവരിൽ പൂന്തുറ, കൊട്ടക്കൽ, വെങ്ങാനൂർ, പുല്ലുവിള ക്ലസ്റ്ററുകളിൽ ഉള്ളവരാണ്. നാല് ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ടായി. ഉറവിടം അറിയാത്ത 19 പേരുമുണ്ട്. ചില പ്രത്യേക പ്രദേശങ്ങളിൽ പ്രത്യേക നിയന്ത്രണമേർപ്പെടുത്തി. ആര്യനാട് ഗ്രാമപ‍ഞ്ചായത്തിലെ എല്ലാ വാർഡുകളെയും കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിന്ന് ഒഴിവാക്കി. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്‍റ് സോണുകളിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കി. സൗജന്യറേഷൻ വിതരണം പൂർത്തിയായി. എറണാകുളത്ത് സമ്പർക്കരോഗവ്യാപനം കൂടിയ ചെല്ലാനം, ആലുവ, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലും പ്രതിരോധപ്രവർത്തനം ശക്തമാക്കി. ടെസ്റ്റുകൾ കൂട്ടാൻ റാപ്പിഡ് ആക്ഷൻ ടീമിനെ നിയോഗിച്ചു. റേഷൻ എത്തിക്കാൻ സൗകര്യമൊരുക്കി. ചെല്ലാനത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററൊരുക്കും.

ആലപ്പുഴയിൽ ഇന്ന് 34 പേർക്ക് രോഗബാധയുണ്ടായി. ഇതിൽ 15 സമ്പർക്കം വഴിയാണ്. ഉറവിടം അറിയാത്ത 2 പേർ. കായംകുളം നഗരസഭ, ചേർത്തല താലൂക്ക്, ആറാട്ടുപുഴ, നൂറനാട്, പുളിങ്കുന്ന് എന്നീ പ‍ഞ്ചായത്തുകൾ പൂർണമായും കണ്ടെയ്ൻമെന്‍റ് സോണുകളായി.കൂടുതൽ കേസുകൾ സ്ഥിരീകരിച്ച ഐടിബിപി നൂറനാട്, കായംകുളം നഗരസഭ, ചേർത്തല പള്ളിത്തോട്, എഴുപുന്ന എന്നിവിടങ്ങളിൽ കർശനനിരീക്ഷണവും കൊവിഡ് ടെസ്റ്റിംഗും നടത്തുന്നുണ്ട്. ആകെ 130 ഐടിബിപി ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു. 201 സാമ്പിളുകളെടുത്തു. പോസിറ്റീവായവരെ ആശുപത്രിയിലാക്കി നെഗറ്റീവായവരെ നിരീക്ഷണത്തിലാക്കി. അലഞ്ഞുതിരിയുന്നവർ, അഗതികൾ എന്നിവരെയെല്ലാം സുരക്ഷിതമായി പാർപ്പിക്കും.

കോഴിക്കോട്ട് ഏറ്റവും കൂടുതൽ കേസുകൾ വന്നത് തൂണേരിയിലാണ്. ഇവിടെ ട്രിപ്പിൾ ലോക്ക് പ്രഖ്യാപിച്ചു. രണ്ട് പേരിൽ നിന്നാണ് 53 പേർക്ക് രോഗബാധയുണ്ടായത്. ഒരു സ്ത്രീക്കും പുരുഷനുമാണ് രോഗമുണ്ടായത്. ഇവരുമായി സമ്പർക്കം പുലർത്തിയവരെയാണ് ആന്‍റിജൻ ടെസ്റ്റിന് വിധേയരാക്കിയത്.

ഉപയോഗശൂന്യമായ മാസ്കുകൾ വലിച്ചെറിയരുത്. ഇത് മൂലം രോഗം പടർന്നേക്കും. പൊതുസ്ഥലങ്ങളിൽ വലിച്ചെറിയാതിരിക്കാൻ ശ്രദ്ധിക്കണം. ഡബ്ല്യുഎച്ച്ഒ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാല് ഘട്ടമുണ്ട്. രോഗികളില്ലാത്ത സ്ഥിതി, പുറത്തുനിന്ന് ആളുകളെത്തി രോഗം പടരുന്ന സ്ഥിതി, ക്ലസ്റ്റേഴ്സ് അടിസ്ഥാനപ്പെടുത്തി രോഗവ്യാപനം, സമൂഹവ്യാപനം.

കേരളം ഇതിൽ മൂന്നാം ഘട്ടത്തിലാണ്. മലപ്പുറം, തിരുവനന്തപുരം അടക്കം പല ജില്ലകളിലും ക്ലസ്റ്ററുകളുണ്ട്. അടുത്ത ഘട്ടം സമൂഹവ്യാപനമാണ്. ഇത് തടയാൻ കൂടുതൽ ജാഗ്രത പുലർത്തണം. ഇതിന് മുമ്പ് നേരിടേണ്ടി വന്ന നിപ ഏകദേശം ഒരു മാസം നീണ്ടുനിന്നു. അത് നമ്മൾ തരണം ചെയ്തു. കൊവിഡ് പ്രതിരോധം തുടങ്ങിയിട്ട് ആറ് മാസമായി. ലോകത്തെ പലയിടങ്ങളിലും ഓരോ ദിവസം കഴിയുന്തോറും രോഗബാധ കൂടുന്നു.

ഈ വർഷാവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം കൈവരിക്കാനാകൂ എന്നാണ് ഒരു വിലയിരുത്തൽ. ഇത്ര ദീർഘകാലം കഠിനമായി പരിശ്രമിക്കേണ്ട ആരോഗ്യപ്രവർത്തകർക്ക് വരുന്ന തളർച്ചയുണ്ട്. അത് പോലെ രോഗപ്രതിരോധത്തിൽ ഉദാസീന സമീപനം നാട്ടുകാരിൽ ചിലരും സമീപിക്കുന്നു. സമ്പർക്കരോഗവ്യാപനം കൂടാൻ കാരണം നമ്മുടെ അശ്രദ്ധയാണ്. അതിനാൽ കൂടുതൽ ജാഗ്രതയോടെ മുന്നോട്ട് പോകുക.

പ്രതിരോധരംഗത്തെ മടുപ്പിനെക്കുറിച്ച് പറഞ്ഞിരുന്നു. തദ്ദേശസ്ഥാപനങ്ങളിൽ കൊവിഡ് പകർച്ച കൂടിയപ്പോൾ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. പഞ്ചായത്തുകളും നഗരസഭകളും ഓൺലൈനായി പ്രവ‍ർത്തിക്കുകയായിരുന്നു. കുടുംബശ്രീ അടക്കം എല്ലാവരെയും ഏകോപിപ്പിക്കേണ്ട ചുമതല ഇവർക്കുണ്ട്. കൊവിഡ് നിയന്ത്രണങ്ങളിൽ വാർഡ് കൗൺസിലർമാരുടെ പങ്ക് നിർണായകമാണ്. അവരവരുടെ പ്രദേശത്ത് നിരന്തരമായി ഇവർ ഇടപെടണം.

കൊവിഡ് ബാധ ഉണ്ടായാൽ അത് പടരാതിരിക്കാൻ ആ ഇടപെടൽ നിർണായകമാണ്. രോഗികൾക്ക് വൈദ്യസഹായം, മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ സഹായിക്കുക, സമൂഹത്തിലെ ഭീതി അകറ്റുക, പ്രതിരോധമാർഗങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുക, ബുദ്ധിമുട്ടുള്ളവരെ സംരക്ഷിക്കുക – ഇതിനെല്ലാം മുൻഗണന നൽകണം. ഇതിനായി തദ്ദേശീയമായി ലഭ്യമാകുന്ന മെഡിക്കൽ ഉൾപ്പടെയുള്ള വിഭവങ്ങൾ ഉപയോഗിക്കണം. ഇത്തരം പ്രാദേശികമാതൃകകൾ പങ്കുവയ്ക്കുന്നതിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കണം.

ഐടിബിപി ജവാൻമാർക്ക് രോഗബാധയുണ്ടായ സാഹചര്യത്തിൽ ഡിജിപി ഐടിബിപി ജനറലിനെ വിളിച്ചിരുന്നു. കേരളത്തിലെ ക്യാമ്പുകളിൽ സമൂഹ അകലം ഉൾപ്പടെയുള്ള പ്രോട്ടോക്കോളുകൾ പാലിക്കാൻ നടപടിയെടുക്കുമെന്ന് ഡിജി ഉറപ്പ് നൽകി. ട്രിപ്പിൾ ലോക്കുള്ള തീരദേശത്ത് സമൂഹ അകലം പാലിക്കാൻ ജനങ്ങൾ തയ്യാറാകുന്നെന്ന് ഉറപ്പാക്കാൻ ഡ്രോണുകൾ വിന്യസിച്ചു. സന്നദ്ധപ്രവർത്തകർ പൊലീസിനൊപ്പവും ആരോഗ്യവകുപ്പിനൊപ്പവും ജോലി ചെയ്യുന്നു. പൊലീസ് വളണ്ടിയർമാരുടെ സേവനം ഏകോപിപ്പിക്കാൻ അഡീ. എസ്പിമാരെ നോഡൽ ഓഫീസർമാരായി നിയോഗിച്ചു. ദൈനംദിന റിപ്പോർട്ട് ഈ ഓഫീസർ എല്ലാ ദിവസവും പൊലീസ് ആസ്ഥാനത്തിന് നൽകും.

മാസ്ക് ധരിക്കാത്ത 5338 സംഭവങ്ങൾ ഇന്നുണ്ടായി. ക്വാറന്‍റൈൻ ലംഘിച്ച 13 പേർക്കെതിരെ കേസെടുത്തു. വിഎച്ച്‍എസ്‍സി പരീക്ഷാഫലം നാളെ വരികയാണ്. മാർച്ച് 19-ന് പരീക്ഷ നിർത്തി വച്ചിരുന്നു. മെയ് 26-ന് ഇത് പുനരാരംഭിച്ചു. സംശയങ്ങൾ ഉയർന്നപ്പോഴും പരമാവധി സുരക്ഷയോടെ പരീക്ഷ നടത്തി. ലക്ഷദ്വീപിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് ചോദ്യപ്പേപ്പർ എത്തിച്ച് പരീക്ഷയെഴുതിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെയും പിടിഎയുടെയും ജനപ്രതിനിധികളുടെയും സഹായമുണ്ടായി. പരീക്ഷ പോലെത്തന്നെ മൂല്യനിർണയവും രണ്ട് ഘട്ടങ്ങളായി നടത്തി.3020 അധ്യാപകരെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൂല്യനിർണയം നടത്തിച്ചു. ജൂൺ 24-ന് ഇത് പൂർത്തിയാക്കി. വിദ്യാഭ്യാസവകുപ്പിനെയും അധ്യാപക, അനധ്യാപകരെയും വിദ്യാർത്ഥികളെയും ഈ നേട്ടത്തിൽ അഭിനന്ദിക്കുന്നു.

2020-21 വർഷത്തെ എഞ്ചിനീയറിംഗ്, ഫാർമസി പരീക്ഷ ജൂലൈ 16-നാണ് നടത്തുക. എല്ലാ ജില്ലകൾക്കും പുറമേ ദില്ലി, മുംബൈ, ദുബൈ എന്നിവിടങ്ങളിലായി വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നു. ഏപ്രിലിൽ നടത്തേണ്ട പരീക്ഷയാണിത്. കണ്ടെയ്ൻമെന്‍ര് സോൺ, ഹോട്ട്സ്പോട്ട് എന്നിവിടങ്ങൾക്ക് പുറമേ ട്രിപ്പിൾ ലോക്ക് മേഖലകളിലും കൊവിഡ് വ്യാപനം തടയാനുള്ള മുൻകരുതലെടുത്ത് സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ട്. കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തും. പരീക്ഷാ കേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലുമുള്ള തിരക്ക് ഒഴിവാക്കും. പൊലീസ് ഇടപെടും. പരീക്ഷയ്ക്ക് ശേഷം ഫയർഫോഴ്സ് എല്ലാ കേന്ദ്രങ്ങളും അണുവിമുക്തമാക്കും. മൂവായിരത്തോളം സന്നദ്ധസേനാ പ്രവർത്തകരെ വിനിയോഗിക്കും. തെർമൽ സ്കാനിംഗ്, സാനിറ്റൈസേഷൻ ചുമതല ഇവർക്കാകും.

ക്വാറന്‍റീനിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യമുണ്ടാകും. കെഎസ്ആർടിസി പ്രത്യേകസർവീസുണ്ടാകും. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം സ്പെഷ്യൽ സർവീസുണ്ടാകും. ബസ് ഓൺ ഡിമാൻഡ് പദ്ധതിയും ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ സൂപ്പർ സ്പ്രെഡ് മേഖലകളിലെ 70 വിദ്യാ‍ർത്ഥികൾക്ക് വലിയതുറ സെന്‍റ് ആന്‍റണീസ് എച്ച്എസ്എസ്സിൽ പരീക്ഷയെഴുതാം. ദില്ലിയിലെ വിദ്യാർത്ഥികൾക്ക് അവസാനനിമിഷം വരെ പരീക്ഷാകേന്ദ്രം കിട്ടിയില്ല. അതിനാൽ ഫരീദാബാദിലാണ് സെന്‍റർ. ഇതരസംസ്ഥാനങ്ങളിലെ കുട്ടികൾക്ക് ഷോർട്ട് ടൈം പാസ് ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല