1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 65 കൊവിഡ് രോഗികൾ ഇന്ന് രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 1846 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 2006 ആയി ഉയർന്നു.

10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്കും (സി.ഐ.എസ്.എഫ്. കാരന്‍) വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനസാധ്യത കണക്കിലെടുത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ തലസ്ഥാന നഗരത്തിൽ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്.

കൂടുതൽ രോഗികൾ പാലക്കാടും ആലപ്പുഴയിലും

പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 6 പേര്‍ സി.ഐ.എസ്.എഫുകാരും 3 പേര്‍ ആര്‍മി ഡി.എസ്.സി. ക്യാന്റീന്‍ ജീവനക്കാരുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരില്‍ 2 പേര്‍ എയര്‍പ്പോര്‍ട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

കുവൈറ്റ്- 50, സൗദി അറേബ്യ- 15, യു.എ.ഇ.- 14, ഖത്തര്‍ – 6, ഒമാന്‍- 4, ശ്രീലങ്ക- 1, ഇറ്റലി- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. മഹാരാഷ്ട്ര – 15, ഡല്‍ഹി- 11, തമിഴ്‌നാട്- 10, ഹരിയാന- 6, കര്‍ണാടക- 2, ഉത്തര്‍പ്രദേശ്- 1, തെലുങ്കാന- 1, ജമ്മു കാശ്മീര്‍- 1, മധ്യപ്രദേശ്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

2 പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് പുതിയ 2 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2), ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം പാലക്കാട് ജില്ലയിലെ വല്ലാപ്പുഴയെ (വാര്‍ഡ് 2) കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 114 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 65 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേരുടെയും (പാലക്കാട്-2, കോഴിക്കോട്-1), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 10 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും, കണ്ണൂര്‍ (കാസറഗോഡ്-1) ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,63,944 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,61,547 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2397 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 312 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആഗസ്റ്റ് മാസത്തോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടുമെന്ന് നേരത്തെ ആസൂത്രണ കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യം ഇന്നലെ മുഖ്യമന്ത്രി തന്നെ വാർത്താ സമ്മേളനത്തിൽ പറയുകയും ചെയ്തു.

തിരുവനന്തപുരത്ത് അതീവ ജാഗ്രത

തിരുവനന്തപുരത്ത് വള്ളക്കടവ് സ്വദേശിയായ അറുപതുകാരന്‍റെയും മണക്കാട് സ്വദേശിയായ 41കാരന്‍റെയും രോഗ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. മണക്കാട് സ്വദേശികളായ മറ്റ് മൂന്ന് പേർക്കുംസമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

നേരത്തെ പോത്തൻകോട് മരിച്ചയാള്‍ക്ക് എവിടെ നിന്നാണ് രോഗബാധ ഉണ്ടായത് എന്നതിലും വ്യക്തതയുണ്ടായിരുന്നില്ല. കൂടുതല്‍ സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരത്ത് അതീവ ജാഗ്രത തുടരുകയാണ്.

മറ്റ് സംസ്ഥാനങ്ങളിൽ വിവാഹ ചടങ്ങിന് പോകുന്നവര്‍ക്ക് പാസ് നിര്‍ബന്ധം

കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനുളള യാത്രയ്ക്ക് പാസ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. വിവാഹ ചടങ്ങിന് പോകുന്നവര്‍ ജില്ലാ കളക്ടറില്‍ നിന്ന് പാസെടുക്കണമെന്നാണ് നിര്‍ദേശം. യാത്ര പോകുന്ന സംസ്ഥാനത്തിന്‍റെ പാസ് ഉണ്ടെങ്കിലേ കേരളം യാത്രാനുമതി നല്‍കൂ. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി.

മറ്റ് സംസ്ഥാനത്തെ പാസ് ലഭിച്ചവർക്ക് മാത്രമായിരിക്കും ജില്ലകളിൽ നിന്ന് പാസ് അനുവദിക്കുക. വിവാഹസംഘം സാമൂഹ്യഅകലം പാലിച്ചും മറ്റ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമായിരിക്കണം ചടങ്ങിൽ പങ്കെടുക്കേണ്ടത്. വിവാഹ വേദിയല്ലാതെയുള്ള സ്ഥലങ്ങൾ സന്ദർശിക്കരുത്. മറ്റു സംസ്ഥാനത്ത് കഴിഞ്ഞിരുന്നവർ വിവാഹ സംഘത്തിനൊപ്പം കേരളത്തിലേക്ക് വരികയാണെങ്കിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. വധൂവരൻമാർക്കും ഈ നിബന്ധന ബാധകമാണ്.

കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവർ രാത്രി തങ്ങിയ ശേഷം അടുത്ത ദിവസമാണ് മടങ്ങുന്നതെങ്കിൽ ക്വാറന്റീനിൽ കഴിയണം. മറ്റു സംസ്ഥാനത്തെ കണ്ടെയ്ൻമെന്റ് സോണുകളിലാണ് വിവാഹ ചടങ്ങ് നടക്കുന്നതെങ്കിൽ അനുമതി നൽകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.