1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2020

സ്വന്തം ലേഖകൻ: രാജ്യത്തെ പ്രവാസി കേരളീയരെ സഹായിക്കുന്നതിനായി ചില പ്രധാന നഗരങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡെല്‍ഹി കേരള ഹൗസ്, മുംബൈ കേരള ഹൗസ്, ചെന്നൈയിലേയും ബാംഗ്ലൂരിലേയും നോര്‍ക്ക ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുക.

ഈ നാല് കേന്ദ്രങ്ങളിലും അതാത് സംസ്ഥാനങ്ങളിലുള്ള പ്രവാസി കേരളീയര്‍ക്കായി കോള്‍ സെന്ററുകളും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ എത്തിക്കാന്‍ സന്നദ്ധരായി ടൂറിസ്റ്റ് വാഹന ഓപ്പറേറ്റര്‍മാര്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും ടൂറിസം വകുപ്പ് ഇത്തരത്തില്‍ 493 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലോകത്തിന്റെ ഏതു ഭാഗത്ത് കുടുങ്ങിയ കേരളീയരെയും നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഏകോപിപ്പിക്കുന്നതിന്റെ ചുമതല എല്ലാ ജില്ലകളിലെയും നോഡല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും. വിമാനത്താവളത്തില്‍ എത്തുന്ന പ്രവാസികളെ കെഎസ്ആര്‍ടിസി ബസ്സുകളില്‍ അവര്‍ക്കുവേണ്ടി മുന്‍നിശ്ചയിച്ച താമസസ്ഥലങ്ങളിലെത്തിക്കും. എല്ലാ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും ഒരു ഡോക്ടറിന്റെ സേവനം ലഭ്യമാക്കും.

ക്വാറന്റീന്‍ കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരിക്കും. ക്വാറന്റീന്‍ കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തിനായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഉണ്ടാവും. കേന്ദ്രങ്ങളുടെ നടത്തിപ്പിനായി ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് 13,45,00,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈദ്യുതി ബോര്‍ഡും ജല അതോറിറ്റിയയും ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ വൈദ്യുതി – ശുദ്ധജല വിതണം ഉറപ്പാകക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് 207 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ട്. അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ പാകത്തിന് 125 സ്വകാര്യ ആശുപത്രികളും സജ്ജമാണ്. കോവിഡ് 19 രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ 27 ആശുപത്രികള്‍ കോവിഡ് ആശുപത്രികളാക്കി മാറ്റും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.