1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2020

സ്വന്തം ലേഖകൻ: ഒമാനില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി. സുപ്രീം കമ്മിറ്റിയുടെ പ്രതിവാര വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരാഴ്ചക്കിടെ 9000 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 43 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ നടപടികള്‍ പാലിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ പിന്നോട്ട് പോയതാണ് ഇതിന് കാരണമെന്നും മന്ത്രി പറഞ്ഞു.

മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ വര്‍ധിപ്പിക്കാന്‍ ആലോചനയുണ്ടെന്ന് ഗതാഗത മന്ത്രി ഡോ. അഹമ്മദ് അല്‍ ഫുതൈസി പറഞ്ഞു. നിലവില്‍ 20 റിയാലാണ് പിഴ. പരിശോധനയും വ്യാപിപ്പിക്കും. പുതിയ സാഹചര്യത്തില്‍ വ്യോമയാന മേഖലയുടെ ചെലവ് കുറച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൈലറ്റുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ പിരിച്ചുവിട്ടതായും മന്ത്രി പറഞ്ഞു.

ദുബായിൽ കർഫ്യൂ പാലിക്കാത്തവരുടെ ചിത്രങ്ങൾ പുറത്ത്

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചവരുടെ ചിത്രങ്ങളും പിഴസംഖ്യയും ലംഘന വിവരങ്ങളും ദുബായ് അധികൃതർ പുറത്തുവിട്ടു. 2,000 മുതൽ 10,000 ദിർഹം വരെയാണ് പിഴ ചുമത്തിയത്. മാസ്ക് ധരിക്കാതിരിക്കൽ, കർഫ്യൂ നിയമം ലംഘിക്കൽ, സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിൽക്കൽ എന്നിവയാണ് റിപോർട് ചെയ്ത നിയമലംഘനങ്ങൾ. പൊതുജനരോഗ്യ സുരക്ഷയ്ക്കായുള്ള അധികൃതരുടെ പ്രയത്നത്തിന് കോട്ടമുണ്ടാക്കുന്നതാണ് നിയമലംഘനങ്ങളെന്നു വ്യക്തമാക്കി.

മാസ്ക് ധരിക്കാതെ സ്വകാര്യ വാഹനത്തിൽ സഞ്ചരിച്ചതിനാണ് മൂന്ന് ഏഷ്യക്കാർക്ക് പിഴ വിധിച്ചത്. രണ്ട് ഏഷ്യക്കാര്‍ക്കും ഒരു യുഎഇ സ്വദേശിക്കും കർഫ്യൂ സമയത്ത് വീടിന് പുറത്തിറങ്ങിയതിന് 3000 ദിർഹം വീതം പിഴ ചുമത്തി. ഒരു അറബ് പൗരന് 10,000 ദിർഹവും മൂന്ന് അറബ് പൗരന്മാർക്കും ഒരു ഏഷ്യക്കാരനും 5,000 വീതവും പിഴ ചുമത്തി. ഏഷ്യക്കാരനും അറബ് പൗരനും 2,000 ദിര്‍ഹം വീതവും പിഴ ചുമത്തിയെന്നും അധികൃതർ വ്യക്തമാക്കി.

വന്ദേഭാരത് ടിക്കറ്റിനായി തിരക്ക്; അബുദാബി എയർ ഇന്ത്യാ എക്സ്പ്രസ് ഓഫിസ് അടപ്പിച്ചു

വന്ദേഭാരത് മിഷൻ വിമാന ടിക്കറ്റ് വാങ്ങാനെത്തിയ വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ അബുദാബി ഖാലിദിയയിലെ എയർ ഇന്ത്യാ എക്സ്പ്രസ് ഓഫിസ് അടപ്പിച്ചു. 50 പേരിൽ കൂടുതൽ എത്താൻ പാടില്ലെന്ന് പല തവണ പൊലീസ് മുന്നറിയിപ്പു നൽകിയെങ്കിലും ജനങ്ങൾ പിരിഞ്ഞുപോകാൻ തയാറായില്ല. ഒടുവിൽ ഓഫിസ് അടയ്ക്കാൻ പൊലീസ് നിർദേശം നൽകുകയായിരുന്നു.

നഗരഹൃദയത്തിൽ സാമൂഹിക അകലം പാലിക്കാതെ 350ഓളം പേർ എത്തിയത് കൊവിഡ് നിയമത്തിന് എതിരാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇതുവരെ പ്രഖ്യാപിച്ച വന്ദേഭാരത് വിമാനങ്ങളിലേക്കുള്ള ടിക്കറ്റുകളെല്ലാം ഓൺലൈൻ വഴി വിറ്റു തീർന്നെന്നും ഇല്ലാത്ത ടിക്കറ്റിന്റെ പേരിലാണു ജനം എയർലൈൻ ഓഫിസിനു മുന്നിൽ തിരക്കുകൂട്ടിയതെന്നും അധികൃതർ അറിയിച്ചു.

കൊവിഡ് ഇളവുകൾ നീട്ടി നൽകാൻ സൌദി

കൊവിഡ് കരണമായുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ഏതാനും ഇളവുകൾ തുടരാൻ തീരുമാനിച്ചു. മാർച്ച് മുതൽ പ്രഖ്യാപിച്ച ഇളവുകൾ മൂന്ന് മാസം പിന്നിട്ട സാഹചര്യത്തിൽ സൗദി ഉന്നത സഭയാണ് ഇളവ് തുടരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലെയും രാജ്യത്തെ നിക്ഷേപകരെയും കൊറോണ കരണമായുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുക എന്നതാണ് ഇളവ് നീട്ടുന്നതിന്റെ ലക്ഷ്യം.

സ്വകാര്യ മേഖലയിലെ സ്വദേശി ജോലിക്കാർക്ക് ‘സാനിദ്’ സംവിധാനം ലഭിക്കുന്ന ഇളവ്, റിക്രൂട്ടിങ്ങിലുള്ള പിഴ ഒഴിവാക്കൽ, സ്വകാര്യ സ്ഥാപങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തതിനാലുള്ള സേവനം നിർത്തി വെക്കുന്നത് ഒഴിവാക്കൽ, വേതന സുരക്ഷാ നിയമം പാലിക്കാത്തതിലുള്ള നടപടി ഒഴിവാക്കൽ, കസ്റ്റംസ് തീരുവ ഒരു മാസത്തേക്ക് നീട്ടി നൽകൽ, മൂല്യ വർധിത നികുതി അടയ്ക്കുന്നതിന് സാവകാശം അനുവദിക്കൽ, ഇഖാമ തീർന്നവരുടെ ഒരു മാസത്തെ ലവിയിൽ അനിവാര്യമെങ്കിൽ ഇളവ് അനുവദിക്കാൽ എന്നിവ നീട്ടി നൽകിയ ആനുകൂല്യത്തിൽ ഉൾപെടും.

ഇതു സംബന്ധിച്ച വിശദാംശങ്ങളും നടപടിക്രമങ്ങളും ഉടന്‍ അതത് വകുപ്പുകള്‍ക്ക് കൈമാറുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൊവിഡ് പ്രതിസന്ധി ആരംഭിച്ച സാഹചര്യത്തിൽ 142 ഇനങ്ങളിലായി 214 ബില്യൻ റിയാലിന്റെ ഇളവാണ് സൗദി സർക്കാർ രാജ്യത്തെ സ്വകാര്യ മേഖലക്ക് ആശ്വാസമായി പ്രഖ്യാപിച്ചിരുന്നത്. ഇതിൽ ഏതാനും ഇളവുകളാണ് മൂന്ന് മാസത്തിന് ശേഷവും തുടരാൻ ഉന്നത സഭ തീരുമാനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.