1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2020

സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. 2 സ്ലാബായാണ് ടിക്കറ്റ് നിരക്ക് മാറ്റിയതെന്നാണ് എയർലൈന്റെ വിശദീകരണം. എന്നാൽ 750 ദിർഹത്തിന്റെ ആദ്യത്തെ സ്ലാബിൽ നാമമാത്ര ടിക്കറ്റ് നൽകിയ ശേഷം ശേഷിച്ച ടിക്കറ്റുകളെല്ലാം 950 ദിർഹമിനാണു വിറ്റഴിക്കുന്നത്.

ക്രെഡിറ്റ് കാർഡ് വഴിയാണെങ്കിലും ട്രാവൽ ഏജൻസി വഴിയാണെങ്കിലും 30 ദിർഹം സർവീസ് ചാർജ് ഇനത്തിലും നൽകണം. ഇതോടെ ഏതാണ് 1000 ദിർഹത്തോളം നൽകിയാലേ ടിക്കറ്റ് ലഭിക്കൂ. യുഎഇയിൽ വന്ദേഭാരത് മിഷൻ നാലാം ഘട്ടംവരെ 750 ദിർഹമായിരുന്നു കേരളത്തിലെ ഏതു സെക്ടറിലേക്കും ഈടാക്കിയിരുന്നത്.

ജോലി നഷ്ടപ്പെട്ടും സന്ദർശക വീസയിലെത്തി വീസാ കാലാവധി കഴിഞ്ഞും നാട്ടിലേക്കു മടങ്ങുന്നവർക്കു നിരക്കു വർധന ഇരുട്ടടിയാകും. പുതിയ രീതിയോടെ വന്ദേഭാരത് ടിക്കറ്റ് നിരക്ക് ചില ചാർട്ടേ‍ഡ് വിമാനക്കമ്പനികളുടെ നിരക്കിനു സമാനമാവുകയോ അതിനെക്കാൾ കൂടുകയോ ചെയ്തിട്ടുണ്ട്.

സൗദിയിൽ നേരത്തെ 950 റിയാലുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് മൂന്നാം ഘട്ടത്തിൽ 1750 വരെയാക്കി വർധിപ്പിച്ചിരുന്നെങ്കിലും പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നിരക്ക് കുറച്ചിരുന്നു. വന്ദേഭാരതിന് ഇപ്പോൾ 908 റിയാലാണ് നിരക്ക്. ഒമാൻ ഒഴികെയുള്ള മറ്റു ജിസിസി രാജ്യങ്ങളിൽനിന്നുള്ള വന്ദേഭാരത് ടിക്കറ്റുകളുടെ നിരക്ക് ഉയർന്നിട്ടുണ്ട്.

അതിനിടെ യുക്രെയ്ൻ, ന്യൂയോർക്ക്, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ 12 വിമാനങ്ങൾ പ്രവാസികളുമായി ഇന്ന് കൊച്ചിയിലെത്തും. 2,500 പേരോളം ഈ വിമാനങ്ങളിലെത്തും. യുക്രെയ്നിലെ കീവിൽ നിന്നുള്ള എയർഇന്ത്യ വിമാനം രാവിലെ 5.30നെത്തും.

എയർഇന്ത്യയുടെ ലണ്ടൻ വിമാനം മുംബൈ, ചെന്നൈ വഴി വൈകിട്ട് നാലിനും ന്യൂയോർക്കിൽ നിന്നുള്ള എയർഇന്ത്യ വിമാനം ഡൽഹി വഴി രാത്രി 7.45നും എത്തും. മറ്റു സർവീസുകൾ: എമിറേറ്റ്സിന്റെ ദുബായ് വിമാനം പുലർച്ചെയും രണ്ടാമത്തെ വിമാനം രാവിലെ 9നും എത്തും.

ഇൻഡിഗോ– ദുബായ് വൈകിട്ട് 5.00, ഇത്തിഹാദ്– അബുദാബി 6.00, ഫ്ലൈ ദുബായ്– ദുബായ് 6.45, സ്പൈസ്ജെറ്റ്– റിയാദ് രാത്രി 8.15, എയർഇന്ത്യ എക്സ്പ്രസ്– ദുബായ് 8.45, സ്പൈസ്ജെറ്റ്– റാസൽഖൈമ 9.50, എയർ അറേബ്യ– ഷാർജ 11.20.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.