1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2020

സ്വന്തം ലേഖകൻ: യുഎഇയിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ആരാധനാലയങ്ങൾ ജൂലൈ 1 മുതൽ വീണ്ടും തുറക്കുന്നു. ഇതിന് മുന്നോടിയായി അണുനശീകരണം ഉൾപ്പെടെ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ നടത്തി. കടുത്ത നിയന്ത്രണങ്ങളോടെയാണ് പള്ളികളിലും മറ്റു ആരാധനാലയങ്ങളിലും ആളുകളെ പ്രവേശിപ്പിക്കുകയെന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച ജുമുഅ പ്രാർഥന മറ്റൊരു അറിയിപ്പ് വരുന്നതുവരെ ഉണ്ടായിരിക്കില്ലെന്നും വ്യക്തമാക്കി.

ഉൾപ്രദേശങ്ങൾ, വ്യവസായ മേഖല, ലേബർ സിറ്റികൾ, ഷോപ്പിങ് മാളുകൾ, പാർക്കുകൾ എന്നിവിടങ്ങളിലെ പള്ളികൾ മാത്രം നാളെ തുറക്കില്ലെന്ന് നാഷനൽ എമര്‍ജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി വക്താവ് ഡോ.സെയ്ഫ് അൽ ദാഹെരി പറഞ്ഞു. 30 ശതമാനം പേരെ മാത്രമേ പള്ളികളിൽ പ്രവേശിപ്പിക്കുകയുള്ളൂ. ഇമാമുമാർ, മറ്റു ജീവനക്കാർ എന്നിവർക്ക് യുഎഇ ആരോഗ്യ വകുപ്പ് അധികൃതർ ഇതിനകം പരിശോധനകൾ നടത്തി.

കൊവിഡ്–19 രോഗബാധിതരുമായി സമ്പർക്കമുള്ളവരെ പള്ളികളിൽ പ്രവേശിപ്പിക്കുകയില്ല. പൊതുജന ആരോഗ്യ സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായാണിത്. വയോജനങ്ങൾ, 12 വയസിന് താഴെയുള്ളവർ, മറ്റു അസുഖങ്ങളുള്ളവർ എന്നിവര്‍ക്കും പ്രവേശനം അനുവദിക്കില്ല. പള്ളിക്കകത്ത് കുറഞ്ഞത് മൂന്ന് മീറ്റർ സാമൂഹിക അകലം പാലിക്കണം.

അംഗശുദ്ധി(വുളു) വീടുകളിൽ നിന്ന് എടുത്തുവേണം വരാൻ. മുസല്ല കൊണ്ടുവരികയും തിരിച്ചു കൊണ്ടുപോവുകയും വേണം. സ്വന്തം ഇലക്ട്രോണിക് ഉപകരണത്തിലൂടെ മാത്രമേ ഖുർആൻ പാരായണം പാടുള്ളൂ. പള്ളികളിലെ ഖുർആൻ ഗ്രന്ഥങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഏതെങ്കിലും പള്ളികളിൽ പുതുതായി കൊവിഡ് റിപോർട്ട് ചെയ്താൽ ആ പള്ളി ഉടൻ അടയ്ക്കുമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.

ഡ്രൈവിങ് പഠിക്കാൻ എൻഒസി വേണ്ട

തൊഴിലുടമയുടെ എൻഒസി (അനുമതി) ഇല്ലാതെ തന്നെ യുഎഇയിൽ ആർക്കും ഡ്രൈവിങ് പഠിക്കാൻ അവസരം. നേരത്തെ തൊഴിലുടമയുടെ എൻഒസിയുള്ള 60 വിഭാഗം തസ്തികയിലുള്ളവർക്കു മാത്രമായിരുന്നു അനുമതി ലഭിച്ചിരുന്നത്.

ഐ ടെസ്റ്റ് ചെയ്ത ശേഷം പാസ്പോർട്ട്, വീസ പേജ്, എമിറേറ്റ്സ് ഐഡി എന്നിവയുടെ പകർപ്പും 2 ഫോട്ടോയുമായി ഏതെങ്കിലും ഡ്രൈവിങ് പരിശീലന കേന്ദ്രത്തിൽ എത്തി റജിസ്റ്റർ ചെയ്യാം. പുതിയ തീരുമാനം മലയാളികൾ ഉൾപ്പെടെ കുറഞ്ഞ വരുമാനക്കാരായ വിദേശികൾക്കു ഗുണം ചെയ്യും.

അബുദാബിയിലേക്ക് പ്രവേശിക്കാൻ കൊവിഡ് നെഗറ്റീവ് രേഖ നിർബന്ധം

യു എ ഇയിലെ മറ്റു എമിറേറ്റുകളിൽ നിന്ന് അബൂദബി എമിറേറ്റിലേക്ക് പ്രവേശിക്കാൻ കൊവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന രേഖ നിർബന്ധമാക്കി. 48 മണിക്കൂറിനിടയിൽ നടത്തിയ പരിശോധനയുടെ രേഖ ഹാജരാക്കിയാൽ മാത്രമേ പ്രവേശനം അനുവദിക്കൂ. ഇത് അൽഹുസൻ ആപ്പ് വഴിയോ, ആശുപത്രികൾ അയക്കുന്ന എസ് എം എസ് ആയോ അതിർത്തിയിൽ കാണിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.