1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2020

സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ്​ കേസുകളുടെ എണ്ണം ഒരുകോടി 10 ലക്ഷം കടന്നു. ജോൺസ്​ ഹോപ്​കിൻസ്​ സർവകലാശാല പുറത്ത്​ വിട്ട കണക്കുകൾ പ്രകാരമാണിത്​. നിലവിൽ 1,11,90,678 രോഗബാധിതരാണുള്ളത്​. 5,29113 പേർ രോഗം ബാധിച്ച്​ മരിച്ചു. 62,97,610 പേർ രോഗമു​ക്തരായി. 43,63,955 പേർ നിലവിൽ ചികിത്സയിലു​ണ്ട്​.

അമേരിക്കയിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്, 28,90,588 പേർ. 1,32,101 പേർ അമേരിക്കയിൽ കൊവിഡ്​ ബാധിച്ച്​ മരണത്തിന്​ കീഴടങ്ങി. അലബാമ, നോർത്ത്​ കരോലിന, സൗത്ത്​ കരോലിന, ടെന്നിസീ, അലാസ്​ക എന്നിവിടങ്ങളിൽ രോഗബാധ ക്രമാതീതമായി ഉയരുകയാണ്​.

പട്ടികയിൽ രണ്ടം സ്​ഥാനത്ത്​ നിൽക്കുന്ന ബ്രസീലിലും സ്​ഥിതിയിൽ മാറ്റമില്ല. ബ്രസീലിൽ കൊവിഡ്​ ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 42,223 പുതിയ കേസുകളാണ്​ റിപോർട്ട്​ ചെയ്​തത്​. ഇതോടെ രാജ്യത്തെ കൊവിഡ്​ ബാധിതരുടെ എണ്ണം 15,39,081 ആയി. മരണം 1290 എണ്ണം വർധിച്ച്​ 63,174 ആയി.

ബ്രസീലിയൻ നഗരങ്ങളിൽ ലോക്​ഡൗണിൽ ഇളവുകൾ വരുത്തിയതോടെ ബാറുകൾ, റസ്​റ്ററൻറുകൾ, ജിമ്മുകൾ എന്നിവ തുറന്നതിനാൽ രോഗബാധ ഇനിയും ഉയരാൻ സാധ്യതയുണ്ട്​. 6,49,889 കൊവിഡ്​ ബാധിതരുമായി ഇന്ത്യ പട്ടികയിൽ നാലാം സ്​ഥാനത്താണ്​.

137 കൊവിഡ് മരണങ്ങളാണ് ഇന്നലെ ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 44,131 ആയി. മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം ബ്രിട്ടനിൽ ഇന്ന് പബ്ബുകൾ തുറക്കുകയാണ്. ഞായറാഴ്ച മുതൽ പള്ളികളും തുറക്കും. ബാർബർ ഷോപ്പുകളും ഹോട്ടലുകളും റസ്റ്ററന്റുകളും ഉൾപ്പെടെയുള്ള വിവിധ ഹോസ്പിറ്റാലിറ്റി സർവീസുകളും ഇന്ന് പുനരാരംഭിക്കും.

സർക്കാർ നൽകുന്ന ഈ അവസരം അമിത സ്വാതന്ത്ര്യമായി ദുരുപയോഗിക്കരുതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭ്യർഥിച്ചു. ഈ വാരാന്ത്യത്തിൽ താനും നിർബന്ധമായും ഒരു പിന്റ് ബിയർ ആസ്വദിക്കുമെന്നും എല്ലാവരും സുരക്ഷിതമായി വേനൽക്കാലം ആസ്വദിക്കണമെന്നും ബോറിസ് അഭ്യർഥിച്ചു.

സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി ഉൾപ്പെടെ 59 രാജ്യങ്ങൾക്ക് ക്വാറന്റീൻ നിബന്ധനകൾ ഒഴിവാക്കി ബ്രിട്ടീഷ് സർക്കാർ ഉത്തരവിറക്കി. ട്രാവൽ, ടൂറിസം ഇൻഡസ്ട്രിയുടെ സമ്മർദമാണ് ഇത്തരത്തിൽ കൊവിഡ് കുറഞ്ഞ രാജ്യങ്ങൾക്ക് ക്വാറന്റീൻ ഇളവ് അനുവദിക്കാൻ ബ്രിട്ടനെ പ്രേരിപ്പിച്ചത്. നേരത്തെ യൂറോപ്പിലെ രാജ്യങ്ങളെ റെഡ്, ആംബർ, ഗ്രീൻ എന്നിങ്ങനെ മൂന്നു കാറ്റഗറിയാക്കി തിരിച്ച്, ഗ്രീനിൽ ഉൾപ്പെടുന്ന പത്തിലേറെ രാജ്യങ്ങളിലേക്ക് ട്രാവൽ കോറിഡോർ ഏർപ്പെടുത്താൻ സർക്കാർ ആലോചിച്ചിരുന്നു. ഇതിനു പകരമാണ് ഇപ്പോൾ 59 രാജ്യങ്ങൾക്ക് ഈമാസം 10 മുതൽ ക്വാറന്റീൻ ഉളവ് അനുവദിക്കുന്നത്.

ബ്രിട്ടൻ ഇളവ് അനുവദിച്ചെങ്കിലും ഗ്രീസ്, ഓസ്ട്രിയ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ബ്രിട്ടീഷുകാർക്ക് ഇളവ് അനുവദിച്ചിട്ടില്ല. ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ടർക്കി തുടങ്ങി മിക്കവാറും എല്ലാ യൂറോപ്യൻ രാജ്യങ്ങൾക്കും ഇളവ് ബാധകമാണ്. എന്നാൽ അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, സ്വീഡൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾക്ക് ഇളവില്ല. പുതിയ ഇളവുകൾ പ്രാബല്യത്തിലാകുന്നതോടെ യൂറോപ്പിലെ ടൂറിസം, വ്യോമയാന മേഖലകളിൽ വലിയ ഉണർവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.