1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2020

സ്വന്തം ലേഖകൻ: 75 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ക്വാറന്റീൻ ഇളവ് നൽകി ബ്രിട്ടൻ. ഈ രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് വെള്ളിയാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് ക്വാറന്റീനിൽ കഴിയേണ്ട ആവശ്യമില്ല. ബ്രിട്ടന് പുറത്തുള്ള ബ്രിട്ടീഷ് അധീന പ്രദേശങ്ങളിൽ നിന്നുള്ളവർക്കും ഇളവ് ബാധകമാണ്.

ഇംഗ്ലണ്ടും വെയിൽസും വടക്കൻ അയർലൻഡും ഇളവുകളുമായി മുന്നോട്ട് പോകുമ്പോൾ സ്പെയിനിൽ നിന്നെത്തുന്ന സന്ദർശകർക്ക് സ്കോട്ട്ലൻഡ് ക്വാറന്റീൻ നിബന്ധന തുടരും. ക്രൂയിസ് അവധി ആഘോഷങ്ങൾ അരുതെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ വിലക്കും നിലവിൽ പിൻ‌വലിക്കില്ല.

വെള്ളിയാഴ്ച മുതൽ ഫ്രാൻസ്, ഇറ്റലി, ബെൽജിയം, ജർമ്മനി എന്നീ രാജ്യങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് യുകെയിൽ എത്തുന്ന ആളുകൾക്ക് ഇനി 14 ദിവസം ക്വാറന്റീനിൽ ചെലവഴിക്കേണ്ടി വരില്ല. എന്നാൽ കഴിഞ്ഞ രണ്ടാഴ്ച്ചകൾക്കുള്ളിൽ ഈ രാജ്യങ്ങളിൽ നിന്ന് എത്തിയ ആളുകൾ ക്വാറന്റീൻ കാലാവധി പൂർത്തിയാക്കണമെന്ന് സർക്കാർ അറിയിച്ചു.

വെള്ളിയാഴ്ച മുതൽ കടകളിൽ മാസ്ക് നിർബന്ധമാക്കിയ സ്‌കോട്ട്‌ലൻഡ് കൊവിഡ് രൂക്ഷമായ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ക്വാറന്റീനിൽ പോകണമെന്ന നിബന്ധന തുടരുമെന്നും അറിയിച്ചു.

അതിനിടെ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവച്ചിരുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് ബ്രിട്ടൻ പുനരാരംഭിച്ചു. നീണ്ട മൂന്നു മാസത്തെ കാത്തിരിപ്പിന് ശേഷം കേരളത്തിൽ നിന്നുള്ള ആദ്യ സംഘം നഴ്സുമാർ കഴിഞ്ഞ ദിവസം ബ്രിട്ടനിലെത്തി. മലയാളികളായ 23 പേരടങ്ങിയ നഴ്സുമാരുടെ സംഘമാണ് ഇന്നലെ വൈകുന്നേരം ലണ്ടനിലെ ഹിത്രൂവിൽ വിമാനമിറങ്ങിയത്.

ഇന്ത്യയിൽ നിന്നുള്ളവർക്ക് നിർബന്ധമായ 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയായാൽ ഉടൻ ഇവർ ജോലിയിൽ പ്രവേശിക്കും. കോവിഡിന്റെ സാഹചര്യത്തിൽ നിർത്തി വച്ചിരുന്ന യുകെ റിക്രൂട്ട്മെന്റുകൾ വീണ്ടും തുടങ്ങിയത് ബ്രിട്ടനിൽ നഴ്സിങ് ജോലി സ്വപ്നം കണ്ടിരിക്കുന്ന ആയിരക്കണക്കിന് നഴ്സുമാർക്കും റിക്രൂട്ട്മെന്റ് നടപടികൾ പാതിവഴിയിൽ മുടങ്ങിപ്പോയവർക്കും ആശ്വാസമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.