1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2020

സ്വന്തം ലേഖകൻ: കോവിഡ് ബാധ പ്രതിരോധിക്കാൻ രാജ്യത്ത് 21 ദിവസം സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഒരു കർഫ്യൂ പോലെയാകും. 22 ന് ജനകീയ സഹകരണത്തോടെ നടപ്പാക്കിയ ജനതാ കർഫ്യൂവിനെക്കാൾ കർശനമായി ഇത് നടപ്പാക്കും. – രാജ്യത്തോട് ചൊവ്വാഴ്ച രാത്രി എട്ടിനു നടത്തിയ അഭിസംബോധനയിൽ പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യരംഗം ശക്തിപ്പെടുത്തുന്നതിനായി 15,000 കോടി രൂപയുടെ പ്രത്യേക പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആവശ്യമായ കൊറോണ വൈറസ് പരിശോധനാ സംവിധാനങ്ങൾ, സുരക്ഷാ വസ്ത്രങ്ങൾ, ഐസലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവ ഉടൻ ഉറപ്പാക്കാനാണ് ഈ തുക വിനിയോഗിക്കുക.

വരുന്ന 21 ദിവസം നമുക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ കൊറോണ വൈറസ് വ്യാപന ചക്രം തകർക്കാൻ 21 ദിവസമെങ്കിലും ആവശ്യമാണ്. സമ്പൂർണ ലോക്ക്ഡൗണിലൂടെ രാജ്യത്തിന് അധിക സാമ്പത്തിക ഭാരമുണ്ടാകും. എന്നാൽ ഓരോ ഇന്ത്യക്കാരുടെയും ജീവൻ രക്ഷിക്കുകയെന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത് – പ്രധാനമന്ത്രി വിശദീകരിച്ചു. അഭ്യൂഹങ്ങൾക്കും അന്ധവിശ്വാസങ്ങളിലും വിശ്വസിക്കരുതെന്നും ഡോക്ടർമാരുടെ നിർദ്ദേശം തേടാതെ മരുന്നുകൾ കഴിക്കരുതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

നിങ്ങൾ ഒരു കാര്യം മാത്രം ചെയ്യൂ. വീട്ടിൽ തുടരൂ. രാജ്യമാകമാനം നടത്തുന്ന ഈ ലോക്ക്ഡൗൺ നിങ്ങളുടെ വീട്ടിന്റെ വാതിലിനു ചുറ്റുമുള്ള ലക്ഷ്മണരേഖയായി കാണണം. രോഗബാധയുള്ളയാളെ ആദ്യം‌ തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല. തുടക്കത്തിൽ ഇവർ ആരോഗ്യത്തോടെയുണ്ടാവാം. അതിനാൽ മുൻകരുതൽ സ്വീകരിച്ച് വീട്ടിൽ തന്നെ തുടരുക. കൊറോണബാധ ആദ്യത്തെ ലക്ഷം പേരിലെത്താൻ 67 ദിവസമെടുത്തു. 11 ദിവസം കൂടി കഴിഞ്ഞപ്പോൾ അത് അടുത്ത ലക്ഷം പേരിലേക്കു കൂടി വ്യാപിച്ചു. പിന്നീട് നാലു ദിവസം മാത്രമാണ് മൂന്നു ലക്ഷം പേരിലേക്ക് രോഗമെത്താൻ എടുത്തതെന്നത് ഗൗരവമായി കാണണം.

ഈ സമയത്ത് നിങ്ങളുടെ തീരുമാനമാകും എല്ലാം നിശ്ചയിക്കുക. ആ തീരുമാനമാകും ഈ വലിയ വിപത്തിനെ ചെറുക്കുന്നതിൽ നിർണായകം. അതിനാൽ അച്ചടക്കവും ക്ഷമയും പുലർത്തുക. വീട്ടിൽ തുടരുക– പ്രധാനമന്ത്രി അഭ്യർഥിച്ചു. ഈ 21 ദിവസം നമുക്ക് കൈകാര്യം ചെയ്യാനായില്ലെങ്കിൽ 21 വർഷമാകും രാജ്യം പിന്നോട്ടു പോകുക. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യത്തെ മുന്നണിപ്പോരാളികളായ ഡോക്ടർമാരെയും നഴ്സുമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും ഈ അവസരത്തിൽ നാം ഓർക്കണം. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായിരിക്കാനും സമൂഹം സുരക്ഷിതമായിരിക്കാനും ശ്രമിക്കുന്നവർക്കായി പ്രാർഥിക്കാം. 24 മണിക്കൂറും കൃത്യമായ വാർത്ത നിങ്ങളിലെത്തിക്കാൻ ജീവൻ പണയം വച്ചും പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരെയും ഓർമിക്കാം. – പ്രധാനമന്ത്രി പറ‍ഞ്ഞു.

മാർച്ച് 22 ന് നടത്തിയ ജനതാ കർഫ്യു വിജയിപ്പിച്ച പൗരന്മാരോട് നന്ദി രേഖപ്പെടുത്തിയാണ് പ്രധാനമന്ത്രി അഭിസംബോധന തുടങ്ങിയത്. തികഞ്ഞ ഉത്തരവാദിത്തത്തോടെയാണ് രാജ്യമൊട്ടാകെ ജനതാ കർഫ്യു ഏറ്റെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പാക്കേജ് ഉടനെന്ന പ്രഖ്യാപനവുമായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സാമ്പത്തിക പാക്കേജ് തയ്യാറാക്കാനുള്ള നടപടികള്‍ തുടരുകയാണ്. ആദായ നികുതി, ജിഎസ്‍ടി എന്നിവയില്‍ വരുത്തുന്ന ക്രമീകരണങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ബാങ്കിംഗ് മേഖലയിലെ ക്രമീകരണങ്ങളും പ്രഖ്യാപിക്കും. അടുത്ത മൂന്നുമാസത്തേക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാം. അധികചാര്‍ജ് ഈടാക്കുകയില്ല.

2018 -19 ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടി. വൈകിയതിനുള്ള പലിശ 12 ശതമാനത്തില്‍ നിന്ന് ഒമ്പത് ശതമാനമാക്കി. ആദായ നികുതി ഒടുക്കുന്നതില്‍ വൈകിയതിനുള്ള പലിശയും ഒമ്പത് ശതമാനമാക്കി. ആധാര്‍ – പാന്‍ ബന്ധിപ്പിക്കലിനും ജൂണ്‍ 30 വരെ സമയം അനുവദിച്ചു. 2020 മാര്‍ച്ച് ഏപ്രില്‍ മെയ് മാസങ്ങളിലെ ജി.എസ്.ടി റിട്ടേണ്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സമയം നല്‍കി. അഞ്ച് കോടി വരെ വിറ്റുവരവുള്ള കമ്പനികള്‍ക്ക് ജിഎസ്‍ടി കുടിശ്ശികയില്‍ പിഴയില്ലെന്നും കേന്ദ്രധനമന്ത്രി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.