1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2020

സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍നിന്ന് മാറ്റി. കൊട്ടാര ജീവനക്കാരില്‍ ഒരാളുടെ കൊറോണ പരിശോധനാഫലം പോസിറ്റീവായതിനു പിന്നാലെയാണ് രാജ്ഞിയെ കൊട്ടാരത്തില്‍നിന്ന് മാറ്റിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാഴാഴ്ചയാണ് 93കാരിയായ രാജ്ഞിയെ മുന്‍കരുതലെന്നോണം വിന്‍ഡ്‌സോര്‍ കാസിലിലേക്ക് മാറ്റിയത്. എന്നുവരെയാണ് രാജ്ഞിയെ ഇവിടെ താമസിപ്പിക്കുക എന്ന കാര്യം വ്യക്തമല്ല. രാജ്ഞിയുടെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. നിലവില്‍ രാജ്ഞി ആരോഗ്യവതിയാണ്.

എലിസബത്ത് രാജ്ഞി വിന്‍ഡ്‌സോര്‍ കാസിലിലേക്ക് മാറുന്നതിനു മുമ്പാണ് ജോലിക്കാരില്‍ ഒരാളുടെ കൊറോണ പരിശോധന ഫലം പോസിറ്റീവായത്. കൊട്ടാരത്തില്‍ അഞ്ഞൂറോളം ജീവനക്കാരാണ് ഉള്ളത്. റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ ബക്കിങ്ഹാം കൊട്ടാരം തയ്യാറായിട്ടില്ല. എന്നാല്‍ കൊറോണ പ്രതിരോധത്തിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തെരുവില്‍ അന്തിയുറങ്ങുന്ന ഭവനരഹിതരെ സുരക്ഷിതരാക്കുന്നതിന് 300 ഹോട്ടല്‍ റൂമുകള്‍ ബുക്ക് ചെയ്ത് ലണ്ടന്‍ മേയര്‍. സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയോടെയാണ് മേയര്‍ സാദിഖ് ഖാന്‍ മാതൃകാപരമായ നടപടിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ലണ്ടനിലെ നഗര ഭരണകാര്യാലയവും ഭവന മന്ത്രാലയവുമായും കൂടിയാലോചിച്ചാണ് നടപടികള്‍ കൈക്കൊണ്ടത്.

മേയര്‍ക്ക് പിന്തുണയുമായി ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ ഗ്രൂപ്പും(ഐഎച്ച്ജി), ബ്ലാക്ക് ക്യാബ് ഡ്രൈവര്‍മാരും സജീവമാണ്.അടുത്ത 12 ആഴ്ചത്തേക്ക് രണ്ടു ലണ്ടന്‍ ഹോട്ടലുകളില്‍ ഐഎച്ചജി റൂമുകള്‍ ബുക്ക് ചെയ്തുകഴിഞ്ഞു. ഫ്രീനോ, ഗെറ്റ് എന്നീ ആപ്പുകളുടെ സഹായത്തോടെ ബ്ലാക്ക് ക്യാബ് ഡ്രൈവര്‍മാരുടെ പ്രവര്‍ത്തനം. റൂമുകള്‍ക്ക് മിതമായ നിരക്കാണ് ഹോട്ടല്‍ ഉടമകളും ഈടാക്കുന്നത്.

”കൊറോണ വൈറസിന്റെ വ്യാപനം ലണ്ടനിലെ എല്ലാവരേയും ബാധിക്കുന്നു, എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കാന്‍ ഞങ്ങള്‍ സാധ്യതമായതെല്ലാം ചെയ്യണം. തെരുവില്‍ കഴിയുന്നവരുടെ ജീവിതം ഇപ്പോള്‍ തന്നെ കഠിനമാണ്. അതിനാല്‍ എല്ലാ ലണ്ടന്‍കാര്‍ക്കുമൊപ്പം അവര്‍ക്കും മികച്ച സംരക്ഷണം ഉറപ്പുവരുത്താന്‍ ഞാന്‍ ബാധ്യസ്ഥനാണ്. – ഖാന്‍ പറയുന്നു.

ഇതിനകം സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടെത്തിയ തെരുവുകളില്‍ കഴിയുന്നവരെ റൂമുകളിലേക്ക് മാറ്റിക്കഴിഞ്ഞു. യുകെയില്‍ ഏറ്റവും കൂടുതല്‍ ഭവനരഹിതരായ ആളുകളുള്ളത് ലണ്ടനിലാണ്. കൊറോണ വൈറസിന്റെ വ്യാപനത്തെ കൂടുതല്‍ നേരിടുന്നതും ലലണ്ടനാണ്. ലണ്ടന്‍ കൗണ്‍സില്‍ ഹൗസിംഗ് ആന്റ് പ്ലാനിംഗ് എക്‌സിക്യൂട്ടീവ് അംഗം കോള്‍ ഡാരന്‍ റോഡ്വെല്‍ പറഞ്ഞു

കോവിഡ് 19 വ്യാപനത്തെ തുടക്കത്തില്‍ അശ്രദ്ധമായി കൈകാര്യം ചെയ്ത ബ്രിട്ടണില്‍ വൈറസ് ബാധയെ തുടര്‍ന്ന് 281 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേതുടര്‍ന്ന് ഞായറാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ആളുകളോട് സാമൂഹിക അകലം പാലിക്കണമെന്ന് നിര്‍ദേശിച്ച പ്രധാനമന്ത്രി വ്യക്തികള്‍ തമ്മില്‍ രണ്ടുമീറ്റര്‍ അകലം പാലിക്കണമെന്നും നിഷ്‌കര്‍ഷിച്ചിരുന്നു.

ബ്രിട്ടന്റെ അവസ്ഥ വളരെ മോശമെന്നും ഈ നില തുടർന്നാൽ ആഴ്ചകൾക്കുള്ളിൽ ഇറ്റലിയുടെ നിലയിലെത്തുമെന്നുമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മുന്നറിയിപ്പ്. ബ്രിട്ടനിൽ കാര്യങ്ങൾ കൈവിട്ട സാഹചര്യത്തിൽ അവിടേക്കുള്ള അതിർത്തി അടയ്ക്കുമെന്ന് ഫ്രാൻസ് വ്യക്തമാക്കി. ജനങ്ങൾ വീടുകളിൽ തന്നെ ഒതുങ്ങുന്നുണ്ടെന്നു നിരീക്ഷിക്കാൻ ഹെലികോപ്റ്ററുകളും ഡ്രോണുകളും രംഗത്തുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.