1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ എല്ലാ രാജ്യാന്തര വിമാന സർവീസുകളും നിർത്തിവച്ചതായി സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയം. ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസി എസ്‌പിഎ റിപ്പോർട്ട് ചെയ്യുന്നു.

വിമാനങ്ങൾ നിർത്തിവച്ചതിനാൽ മടങ്ങാൻ കഴിയാത്ത പൗരന്മാർക്കും താമസക്കാർക്കും ഔദ്യോഗിക അവധി ദിവസമായാണ് ഈ കാലയളവ് കണക്കാക്കുക. ഇന്ത്യയടക്കമുള്ള 14 ഓളം രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ന് രാവിലെയോടെയാണ് എല്ലാ രാജ്യാന്തര സർവീസുകളും നിർത്തിവയ്ക്കാനുള്ള തീരുമാനം പുറത്തു വരുന്നത്.

ഞായറാഴ്ച രാവിലെ 11 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയില്‍ വെള്ളിയാഴ്ച 24 പുതിയ കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 86 ആയിട്ടുണ്ട്.

വൈറസ് പടരുന്ന സാഹചര്യത്തിൽ ആശുപത്രികളിലും ക്ലിനിക്കുകളിലും ആവശ്യമായ മുൻകരുതൽ എടുക്കാൻ സൗദി ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. പനി ഉൾപ്പെടെയുളള രോഗലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിച്ചശേഷമാണ് രോഗികളെയും കൂടെ വരുന്നവരെയും ആശുപത്രികളിലേക്ക് പ്രവേശിപ്പിക്കുന്നത്.

ഏതെങ്കിലും രീതിയിലുള്ള രോഗ ലക്ഷണം കണ്ടാൽ കൂടുതൽ പരിശോധന നടത്തുന്നതിനായി പ്രത്യേക വാർഡ് സജ്ജമാക്കിയിട്ടുണ്ട്. അണുവിമുക്തമാക്കാനുള്ള ജെല്ലുകൾ, ഫെയ്സ് മാസ്ക് എന്നിവ ആവശ്യക്കാർക്ക് നൽകുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കി. ഹോട്ടലുകളിലും കല്യാണം മണ്ഡപങ്ങളിലും ആളുകൾ കൂടുന്ന രീതിയിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് സൗദി ആരോഗ്യം മന്ത്രാലയം വിലക്കി.

സൗദി അറേബ്യയിൽ തിരിച്ചെത്തുന്ന മുഴുവൻ രാജ്യങ്ങളിൽ നിന്നുമുള്ള തൊഴിലാളികൾ 14 ദിവസത്തെ മെഡിക്കൽ ലീവിൽ സ്വന്തം വീടുകളിൽ തന്നെ കഴിയണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. അങ്ങനെ വിവിധ രാജ്യങ്ങളിൽ നിന്ന് സൗദിയിലെത്തുന്ന എല്ലാവരും പ്രവേശിച്ച തിയ്യതി മുതൽ 14 ദിവസം വീടുകളിൽ തന്നെ കഴിച്ചുകൂട്ടണം. കൊവിഡ് 19 വൈറസ് വ്യാപനം തടയാനാണിത്.

മാർച്ച് 13 വെള്ളിയാഴ്ച മുതൽ സൗദിയിലേക്ക് പ്രവേശിച്ച എല്ലാ രാജ്യക്കാരും തീരുമാനം നിർബന്ധമായും പാലിച്ചിരിക്കണമെന്നും മന്ത്രാലയം ട്വീറ്റിൽ ആവശ്യപ്പെട്ടു. രാജ്യത്തേക്ക് പ്രവേശിച്ച ഒരോരുത്തർക്കും 14 ദിവസത്തെ മെഡിക്കൽ ലീവ് അനുവദിക്കും. വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന തങ്ങളുടെ തൊഴിലാളികൾക്ക് അതത് കമ്പനികളും തൊഴിലുടമകളും നിയമാനുസൃത ലീവ് അനുവദിക്കണം. 14 ദിവസത്തെ മെഡിക്കൽ ലീവായി തന്നെ നൽകണം.

രാജ്യത്ത് എത്തിയാൽ രണ്ട് ദിവസത്തിനുള്ളിൽ ‘സിഹ്വത്തി’ എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് മെഡിക്കൽ ലീവ് ഉറപ്പാക്കണം. കഴിഞ്ഞ ദിവസം ചില രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം അനുവദിച്ചിരുന്നത്. പ്രവേശന തിയ്യതി മുതൽ 14 ദിവസം വീടിനുള്ളിൽ കഴിയണമെന്നും അവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശനിയാഴ്ച അത് എല്ലാ രാജ്യക്കാർക്കും ബാധകമാക്കി.

അതേസമയം,കോവിഡ് -19 വ്യാപനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ വ്യാജ വാർത്തകൾ പ്രവഹിക്കുകയാണ്. മാളുകളും ഹൈപ്പർ മാർക്കറ്റുകളും അടയ്ക്കുമെന്ന വ്യാജ സന്ദേശങ്ങളും വാർത്തകളും സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങൾ ആവർത്തിച്ചു.

റീ-എൻട്രി വിസയിൽ അവധിയിലുള്ളവർക്കും അവധിയിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്കും സൗദിയിലേക്ക് മടങ്ങിയെത്താൻ ആവശ്യമായത് ചെയ്യുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചിരുന്നു. എന്നാൽ ഇത് എങ്ങനെയെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. ഈ വാർത്തയുടെ ചുവടുപിടിച്ച് കാലാവധി കഴിഞ്ഞ വിസകൾ എല്ലാം അബിഷർ ഓൺലൈൻ സംവിധാനം വഴി പുതുക്കാനാകും എന്നതായിരുന്നു മറ്റൊരു പ്രചാരണം.

ഇതിനോടൊപ്പം വ്യാജ വീഡിയോയും,ശബ്ദ സന്ദേശവും പ്രചരിച്ചിരുന്നു. കൃത്യമായ ഉറവിടമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അഞ്ചുവർഷം തടവ് ഉൾപ്പടെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.