1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2020

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ആദ്യ കൊവിഡ് മരണം. അഫ്ഗാന്‍ സ്വദേശിയായ 51 കാരനാണ് ഇന്ന് മരണപ്പെട്ടത്. ആരോഗ്യമന്ത്രാലയ വക്താവ് മുഹമ്മദ് അബ്ദലാലി വാര്‍ത്താസമ്മേളനത്തിലാണ് കൊവിഡ് മരണം സ്ഥിരീകരിച്ചത്. മദീനയിലെ ആശുപത്രിയില്‍ കഴിയുന്ന ഇയാളുടെ നില ഇന്നലെയോടെ ഗുരുതരമാകുകയും രാത്രി മരണം സംഭവിക്കുകയുമായിരുന്നെന്ന് അബ്ദലാലി പറഞ്ഞു.

ഗൾഫിൽ മരണം റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണു സൗദി. കർഫ്യൂവിൽ നഗരങ്ങൾ വിജനമായി. കുടുങ്ങിക്കിടക്കുന്ന ഉംറ തീർഥാടകർക്കു വീസ ചട്ടങ്ങളിൽ ഇളവ്. എന്നാൽ ഒളിച്ചോടിയ തൊഴിലാളികൾക്ക് ലെവി ഇളവില്ല.

133 പേര്‍ക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് അസുഖ ബാധിതരുടെ എണ്ണം 900 ആയി. റിയാദ്, മക്ക, മദീന എന്നീ മൂന്ന് നഗരങ്ങളില്‍ മൂന്നു മണി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി ഭരണാധികാരിയും ഇരു ഹറം കാര്യാലയ മേധാവിയുമായ സല്‍മാന്‍ രാജാവിന്റെ ഉത്തരവ് ഉച്ചക്ക് പുറത്തിറങ്ങിയിരുന്നു. ഉത്തരവ് നടപ്പാക്കാന്‍ സായുധ വിഭാഗം രംഗത്തിറങ്ങും. നിലവില്‍ വൈകുന്നേരം 7 മുതല്‍ രാവിലെ ആറു മണി വരെയുള്ള കര്‍ഫ്യൂ നാളെ മുതല്‍ റിയാദ്, മക്ക, മദീന പട്ടണങ്ങളില്‍ വൈകീട്ട് മൂന്ന് മണിക്ക് ആരംഭിക്കും.

ഇതോടെ ഈ നഗരങ്ങളിലുള്ളവര്‍ വൈകീട്ട് മൂന്ന് മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ ആറ് വരെ പുറത്തിറങ്ങാന്‍ പാടില്ല. നേരത്തെ നല്‍കിയ ഇളവ് പഴയതു പോലെ തുടരും. മൂന്ന് നഗരങ്ങള്‍ക്ക് മാത്രമാണ് വിലക്ക് ബാധകം. ഈ പ്രവിശ്യകളിലെ മറ്റു നഗരങ്ങള്‍ക്ക് പഴയതു പോലെ വൈകീട്ട് ഏഴ് മണിക്കാണ് കര്‍ഫ്യൂ നടപ്പാക്കുക. എന്നാല്‍ കര്‍ഫ്യൂ പരിധി ആരോഗ്യ മന്ത്രാലയത്തിനും സുരക്ഷാ വിഭാഗത്തിനും തീരുമാനിക്കാം. ബാക്കിയുള്ള പ്രവിശ്യകളില്‍ നേരത്തെയുള്ളതു പോലെ വൈകീട്ട് 7 മുതല്‍ രാവിലെ ആറ് വരെയാകും കര്‍ഫ്യൂ.

പ്രവിശ്യകള്‍ തമ്മിലുള്ള യാത്രക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു പ്രവിശ്യയില്‍ നിന്നും മറ്റൊരു പ്രവിശ്യയിലേക്ക് യാത്ര ചെയ്യാന്‍ പാടില്ല. റിയാദ്, മക്ക, മദീന എന്നീ പ്രവിശ്യകളിലുള്ളവര്‍ മറ്റു പ്രവിശ്യകളിലേക്ക് പോകുന്നതും മറ്റുള്ളവര്‍ ഈ പ്രവിശ്യയിലേക്ക് വരുന്നതും പൂര്‍ണമായി നിരോധിച്ചു. വ്യാഴാഴ്ച മുതല്‍‌ ഇവയെല്ലാം പ്രാബല്യത്തിലാകും.

ഇന്ത്യക്കാരൻ ഉൾപ്പെടെ 2 പേർക്കു കൂടി കുവൈത്തിൽ കോവിഡ്. യുകെയിൽ നിന്നെത്തിയ വ്യക്തിയുമായി സമ്പർക്കം പുലർത്തിയ ഇന്ത്യക്കാരനാണു രോഗം. 9 പേർ കൂടി രോഗമുക്തി നേടി. 5 പേർ ഗുരുതര നിലയിൽ തീവ്രപരിചരണ വിഭാഗത്തിൽ. കർഫ്യൂ ലംഘിച്ചതിന് അറസ്റ്റിലായ 9 പേരെ നാടുകടത്തും. മൊത്തം രോഗബാധിതർ 191. സുഖപ്പെട്ടവർ 39.

ഇറാൻ സ്വദേശി (65) മരിച്ചതോടെ ബഹ്‌റൈനിൽ മരണം 3 ആയി. ചികിത്സയിൽ 210 പേർ; 2 പേരുടെ നില ഗുരുതരം. വിലക്കുകൾ ലംഘിക്കുന്നവരെ പിടിക്കാൻ കൂടുതൽ പൊലീസ് പട്രോളിങ്. ആകെ രോഗബാധിതർ 390.

501 രോഗബാധിതരുള്ള ഖത്തറിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ രാജ്യവ്യാപക പരിശോധന. ഭക്ഷ്യ, മെഡിക്കൽ ഉൽപന്നങ്ങൾക്ക് 6 മാസത്തേക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി.

ഒമാനിലെ സ്ഥിതി മറ്റ് ഗൾഫ് രാജ്യങ്ങളെക്കാൾ ഭേദമാണെങ്കിലും ഇന്നലെ 18 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 84 ആയി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.