1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2020

സ്വന്തം ലേഖകൻ: സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു. ഇന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണ സംഖ്യ മൂന്നായി. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഇന്ന് 112 കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് 19 രോഗികളുടെ എണ്ണം 1012 ആയി. പ്രവിശ്യകള്‍ തിരിച്ചുള്ള വിവരങ്ങള്‍ ഇപ്രകാരമാണ്: റിയാദ് 34, മക്ക 26, താഇഫ് 18, ജിദ്ദ 13, ദമ്മാം 6, ഖത്തീഫ് 5, മദീന 3, ഖോബാര്‍ 2, ഹൊഫൂഫ് 2, ദഹ്റാന്‍ 1, ബുറൈദ 1, ഖഫ്ജി 1. വിദേശത്ത് നിന്ന് മടങ്ങിയെത്തിയതാണ് 12 കേസുകള്‍. 100 കേസുകള്‍ സന്പര്‍ക്കത്തിലൂടെ പടര്‍ന്നതാണ്. ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം നാലാണ്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 33 ആയി.

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ തലസ്ഥാനമായ റിയാദ്, മക്ക, മദീന എന്നീ മൂന്ന് നഗരങ്ങളില്‍ മൂന്നു മണി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ഉത്തരവ് നടപ്പാക്കാന്‍ സായുധ വിഭാഗം രംഗത്തിറങ്ങി. ഇതോടെ ഈ നഗരങ്ങളിലുള്ളവര്‍ വൈകീട്ട് മൂന്ന് മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ ആറ് വരെ പുറത്തിറങ്ങാന്‍ പാടില്ല. മറ്റു നഗരങ്ങള്‍ക്കും പ്രവിശ്യകള്‍ക്കും പഴയതു പോലെ വൈകീട്ട് ഏഴ് മണിക്കാണ് കര്‍ഫ്യൂ നടപ്പാക്കുക. പ്രവിശ്യകള്‍ തമ്മിലുള്ള യാത്രക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു പ്രവിശ്യയില്‍ നിന്നും മറ്റൊരു പ്രവിശ്യയിലേക്ക് യാത്ര ചെയ്യാന്‍ പാടില്ല.

ദേശീയ അണുനശീകരണ യജ്‌ഞത്തിന്റെ ഭാഗമായി ഇന്ന് രാത്രി 8 മുതൽ പുറത്തിറങ്ങരുതെന്ന് യു.എ.ഇ സര്‍ക്കാര്‍. പൊതുഗതാഗതം നിർത്തും. യാത്ര ഭക്ഷണം, മരുന്ന്, അടിയന്തര ആവശ്യങ്ങൾക്ക് മാത്രം ലഭ്യമാക്കും. ലംഘിച്ചാൽ കർശന നടപടിയാണുണ്ടാകുകയെന്ന് അധികാരികള്‍ അറിയിച്ചു. ഞായറാഴ്ച്ച വരെ യജ്ഞം തുടരും.

യു.എ.ഇ. യിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ഏറെയും ഇരുപതിനും 44 വയസ്സിനും ഇടയിലുള്ളവരാണ്. ഇതുവരെയായി യു.എ.ഇ.യിൽ 52 പേർ രോഗം ഭേദമായി മടങ്ങിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന കേന്ദ്രങ്ങളും ഫാർമസികളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ ഒഴിച്ചുള്ള ദുബായിലെ എല്ലാ വ്യാപാരകേന്ദ്രങ്ങളും അടച്ചിടാൻ ദുബായ് ഇക്കോണമി നിർദേശിച്ചു. ബുധനാഴ്ചതന്നെ ഇത് പ്രാബല്യത്തിൽവന്നു.

വൻ ഷോപ്പിങ്‌ മാളുകളും പൂട്ടി. സ്വകാര്യസ്ഥാപനങ്ങളിലെ എൺപത് ശതമാനം ജീവനക്കാർ നിർബന്ധമായും വീടുകളിൽനിന്ന് ജോലി ചെയ്യുന്ന സംവിധാനവും നിലവിൽവന്നു. ഏപ്രിൽ എട്ട് വരെ ഈ വിലക്കുകൾ തുടരും. ആയുർവേദ, ഹോമിയോപ്പതി, പ്രകൃതിചികിത്സ ഉൾപ്പെടെയുള്ള ചികിത്സാരീതികൾ താത്‌കാലികമായി നിർത്തിയതായി ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. അത്യാവശ്യമല്ലാത്തതും സൗന്ദര്യവർധനയ്ക്കായുമുള്ള ചികിത്സകൾ നിർത്തിവെക്കാനും നിർദേശമുണ്ട്.

ഒമാനിൽ 15 പേർക്കുകൂടി രോഗബാധ കണ്ടെത്തിയതോടെ മൊത്തം രോഗികൾ 99 ആയി. പുതിയ 15 രോഗികളും ഒമാൻ പൗരൻമാരാണ്. റസിഡൻസ്​ പെർമിറ്റ്​ ഉള്ളവരും വിസിറ്റ്​, ബിസിനസ്​ മറ്റ്​ ഷോർട്ട്​ ടേം വിസകളിൽ എത്തി രാജ്യത്ത്​ കുടുങ്ങിപോയവരും വിസ കാലാവധി കഴിയുന്നതിനെ കുറിച്ച്​ ആശങ്കപ്പെ​ടേണ്ടതില്ലെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. പാസ്​പോർട്ട്​ ആന്റ്​ റസിഡൻസി ഡയറക്​ടറേറ്റ്​ ജനറൽ ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്​ ഒമാൻ ഒബ്​സർവർ പത്രമാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​.

വിമാന സർവീസ്​ റദ്ദാക്കിയതിനാലും വിമാനത്താവളം അടച്ചതിനാലും രാജ്യം വിടാൻ കഴിയാത്തവർക്ക്​ രാജ്യത്ത്​ അനധികൃതമായാണ്​ താമസിക്കുന്നതെന്ന പേടി വേണ്ട, ഇവർ അനധികൃത താമസത്തിന്​ ഉള്ള പിഴ അടക്കേണ്ടി വരില്ല. കോവിഡ്​ ഭീതിയകന്ന്​ കാര്യങ്ങൾ സാധാരണ നിലയിലായാൽ താമസാനുമതി പുതുക്കി നൽകുന്നതിന്​ സമയം അനുവദിച്ച്​ നൽകുമെന്ന്​ ഡയറക്​ടറേറ്റ്​ ജനറലിലെ മുതിർന്ന ഉദ്യോഗസ്​ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്​ പറയുന്നു.

സാധ്യമാകുന്ന എല്ലാ കാര്യങ്ങളും അനുവദിച്ച്​ നൽകും. ഈ വിഷയത്തിൽ റോയൽ ഒമാൻ പൊലീസിന്റെ ഔദ്യോഗിക അറിയിപ്പ്​ വൈകാതെ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ.

ബഹ്‌റൈനിൽ ഇപ്പോൾ രോഗികൾ 226 ആയി. ഇതിനകം 13 പേർ മുക്തരായിട്ടുണ്ട്. ഗള്‍ഫ് എയര്‍ സര്‍വീസ് വഴി ബഹ്റൈനി യാത്രക്കാര്‍ക്ക് മാത്രം രാജ്യത്തേക്ക് പ്രവേശനം പരിമിതപ്പെടുത്താന്‍ കമ്പനി അധികൃതര്‍ തീരുമാനിച്ചു. കൂടാതെ വിസ കാലാവധിയുള്ള വിദേശികള്‍ക്കും പ്രവേശനത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിയവര്‍ക്കും എയര്‍പോര്‍ട്ടില്‍ പ്രവേശനം അനുവദിക്കുമെന്നും ഗള്‍ഫ് എയര്‍ അധിക്യതർ ട്വിറ്ററിൽ അറിയിച്ചു.

കുവൈത്തിൽ രണ്ട് ദിവസമായി പുതിയ രോഗികളുടെ എണ്ണം കുറയുന്നുണ്ട്. ബുധനാഴ്ച നാലുപേരെ മാത്രമാണ് കണ്ടെത്തിയത്. 43 പേർ രോഗമുക്തി നേടി.

ഖത്തറില്‍ പുതിയ 11 കോവിഡ് രോഗബാധ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗികളുടെ എണ്ണം 537 ആയി. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇന്ന് മുതല്‍ ഖത്തറില്‍ മണി എക്സ്ചേഞ്ച് സെന്‍ററുകള്‍ അടച്ചിടും. മൊത്തം രോഗബാധിതരുടെ എണ്ണം രാജ്യത്ത് 537 ആയി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കോവിഡ് പരിശോധന നടത്തിയവരുടെ എണ്ണം പന്ത്രണ്ടായിരം കടന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.