1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2020

സ്വന്തം ലേഖകൻ: കോവിഡ് 19 പശ്ചാത്തലത്തിൽ സൗദിയിൽ നിലവിലുള്ള കർഫ്യൂ ജിദ്ദ നഗര പരിധിയിൽ 15 മണിക്കൂറായി ദീർഘിപ്പിച്ചു. ഞായറാഴ്ച മുതൽ പ്രാബല്യത്തിലായെന്നും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ പിറ്റേന്ന് പുലർച്ചെ ആറുവരെയിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ പ്രഖ്യാപിച്ചിരിക്കുന്ന 21 ദിവസ കർഫ്യൂ അവസാനിക്കുന്ന തീയതി വരെയും ജിദ്ദയിൽ ഈ സമയക്രമമായിരിക്കും. ജിദ്ദ നഗരപരിധിയിൽ ആളുകൾ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും വിലക്കിയിട്ടുണ്ട്. ഭഷ്യ, ആരോഗ്യ, അടിയന്തര സേവന മേഖലകളെ കർഫ്യുവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തിൽ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവിസുകൾക്കും പൊതുഗതാഗതത്തിനും സൌദി ഏർപ്പെടുത്തിയ വിലക്കും അനിശ്ചിതകാലത്തേക്ക് നീട്ടിയിട്ടുണ്ട്. സർക്കാർ ഓഫീസുകൾക്ക് പ്രഖ്യാപിച്ച അവധിയും അനിശ്ചിതകാലം തുടരും. ഈ മാസം 14നാണ് രണ്ടാഴ്ചത്തേക്ക് അന്താരാഷ്ട്ര വിമാനസർവിസുകൾ നിർത്തിവെച്ചത്. രണ്ടാഴ്ച കാലാവധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ആഭ്യന്തര മന്ത്രാലയം അനിശ്ചിതകാലത്തേക്ക് നീട്ടിയത്.

കോവിഡ് 19 ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. ബസ്, ട്രെയിൻ, ടാക്സി സർവിസുകളുടെ വിലക്കും തുടരും. അപൂർവം ചില വകുപ്പുകൾക്ക് ഒഴികെ സർക്കാർ കാര്യാലയങ്ങൾക്ക് ഏർപ്പെടുത്തിയ പൊതു അവധിയുമാണ് അനിശ്ചിതകാലത്തേക്ക് നീട്ടുന്നത്. സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ച നിബന്ധനകളും ഇനിയൊരു അറിയിപ്പ് വരെ പാലിക്കണം.

കൊറോണ പ്രതിരോധ നീക്കങ്ങളുടെ ഭാഗമായി സൗദി കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കെ തലസ്ഥാനത്ത് മിസൈൽ ആക്രമണം. റിയാദിലേക്കും ജിസാനിലേക്കും കുതിച്ചെത്തിയ മിസൈലുകള്‍ സൗദി സൈന്യത്തിന്റെ അവസരോചിത ഇടപെടല്‍ മൂലം തകര്‍ത്തു. യമനിലെ ഹൂത്തികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

റിയാദിലേക്കും ജിസാനിലേക്കും വന്ന മിസൈലുകള്‍ സൈന്യം തകര്‍ത്തുവെന്ന് യമനിലെ സൗദി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഹൂത്തികളാണ് ആക്രമണം നടത്തിയതെന്ന് സൗദി ആരോപിച്ചു.

യുഎഇയിൽ ദേശീയ അണുനശീകരണ യജ്ഞം ഏപ്രിൽ 5 വരെ നീട്ടി. ഇതനുസരിച്ച് ഏപ്രിൽ 5 വരെ രാത്രി 8 മുതൽ രാവിലെ 6 വരെ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടില്ല. സ്വകാര്യ വാഹനവുമായി പുറത്തിറങ്ങുന്നതിനും യാത്രകൾക്കും വിലക്കുണ്ട്. അതേസമയം, പകൽ സമയങ്ങളിൽ യാത്രയ്ക്കു വിലക്കില്ല.

രാജ്യത്ത് കോവി‍ഡ് ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് അണുനശീകരണം ശക്തമാക്കുന്നത്. ഓരോ ദിവസവും വിവിധ ഭാഗങ്ങളിലായിട്ടായിരിക്കും ശുചീകരണ യജ്ഞം തുടരുക. പരമാവധി ജനങ്ങൾ വീടുകളിൽ തന്നെ കഴിയാനാണ് അധികൃതർ നിർദേശിക്കുന്നത്.

നിരോധിത സമയങ്ങളിൽ പുറത്തിറങ്ങണമെങ്കിൽ പൊലീസിൽനിന്ന് പ്രത്യേക അനുമതി എടുക്കണം. അബുദാബി എമിറേറ്റിലുള്ളവർക്ക് www.adpolice.gov.ae വെബ്സൈറ്റിലെ മൂവ്മെന്റ് പെർമിറ്റ് സർവീസ് എന്ന ഒപ്ഷനിൽ പോയി വിവരങ്ങൾ നൽകിയാൽ ഓൺലൈനയി അനുമതി ലഭിക്കും. ഇതര എമിറേറ്റിലുള്ളവർ www.move.gov.ae വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.

ദുബായിൽ കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിക്കാതെ നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. മൂന്നാം തവണയും ആവർത്തിച്ചാൽ അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷനു മുന്നിൽ ഹാജരാക്കും. കൂടുതൽ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തി നിയമലംഘനങ്ങളുടെ പട്ടിക വിപുലമാക്കുകയും ചെയ്തു. വ്യക്തികൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചില്ലെങ്കിൽ 1,000 ദിർഹം പിഴ ചുമത്താനാണ് പുതിയ തീരുമാനം. അത്യാവശ്യ കാര്യത്തിനല്ലാതെ വീടിനു പുറത്തിറങ്ങിയാൽ പിഴ 2,000 ദിർഹം.

ക്വാറന്റീനിൽ കഴിയുന്ന വ്യക്തി പുറത്തിറങ്ങിയാലും വൈദ്യപരിശോധന നടത്താൻ വിസമ്മതിച്ചാലും 50,000 ദിർഹമാണു പിഴ. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ 500 മുതൽ 50,000 ദിർഹം വരെ പിഴ ചുമത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു. രോഗവ്യാപനം തടയാനുള്ള നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി നിയമലംഘനങ്ങളുടെയും ശിക്ഷയുടെയും വിശദമായ പട്ടിക യുഎഇ അറ്റോർണി ജനറൽ ഹമദ് സെയിഫ് അൽ ഷംസി പുറത്തിറക്കി. സുരക്ഷാ ചട്ടങ്ങളിൽ കൂടുതൽ വ്യവസ്ഥകൾ ഉൾപ്പെടുത്തി.

ബഹ്റൈനിൽ 23 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണിത്. ഇതോടെ രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 223 ആയി. കഴിഞ്ഞ ദിവസം ഏഴ് പേർ കൂടി സുഖം പ്രാപിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതിനകം രോഗ വിമുക്തി നേടിയവരുടെ എണ്ണം 272 ആണ്. 31840 പേരെ രോഗ നിർണയത്തിനുള്ള പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.

കുവൈത്തില്‍ നിന്നും വിദേശികളുടെ ഒഴിപ്പിക്കല്‍ തുടരുന്നു. ഞായറാഴ്ച ഈജിപ്ത് എയര്‍ വിമാനത്തില്‍ 303 ഈജിപ്തുകാരെ കുവൈത്തില്‍ നിന്നും കൊണ്ടുപോയി. ഈജിപ്ത് എംബസിയും ഈജിപ്ത് എയറും സംയുക്തമായിട്ടാണ് ഒഴിപ്പിക്കല്‍ ദൗത്യം വിജയകരമായി നിര്‍വഹിക്കുന്നത്. ഇതിനകം 1293 ഈജിപ്തുകാരെ ഒഴിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

കുവൈത്തില്‍ കുടുംബ സന്ദര്‍ശന വിസയിലും വാണിജ്യ വിസയിലുമെത്തി കാലാവധിക്ക് മുമ്പ് മടങ്ങി പോകാന്‍ കഴിയാത്തവരും കുടിയേറ്റ നിയമലംഘനം നടത്തിയതിന്റെ പേരില്‍ നാട് കടത്തുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം, മാനുഷിക പരിഗണന നല്‍കി അത്യാവശ്യമായി ഈജിപ്തിലേക്ക് മടങ്ങി പോകേണ്ടവര്‍ക്കും യാത്രക്കുള്ള അവസരം ഒരുക്കുകയാണെന്നും ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.

എന്നാല്‍ ഒന്നര ലക്ഷത്തിലേറെ വരുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള പൊതുമാപ്പ് ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും പൊതുമാപ്പ് കാലയളവില്‍ രാജ്യം വിട്ടു പോകാത്തവര്‍ക്ക് കടുത്ത ശിക്ഷ നടപ്പിലാക്കുമെന്ന് കുവൈത്ത് ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അനസ് അല്‍ സലേഹ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കി.

ഇതോടെ നൂറു കണക്കിന് മലയാളികളടക്കം ഇന്ത്യക്കാര്‍ വലിയ ആശങ്കയിലും ഉത്കണ്ഠയിലുമാണ്. കൊറോണ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് വിമാന സര്‍വീസ് റദ്ദാക്കിയ സാഹചര്യത്തില്‍ പൊതുമാപ്പ് കാലാവധി തീരുന്നതിന് മുമ്പ് എങ്ങനെ നാട്ടിലെത്താന്‍ കഴിയുമെന്നതാണ് ആശങ്ക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.