1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2020

സ്വന്തം ലേഖകൻ: കൊവിഡ്-19 മൂലം അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ സ്ഥിതി അതീവ ഗുരുതരം. ഇതുവരെ 1200 പേരാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം നടക്കുന്നത് ന്യൂയോര്‍ക്കിലാണ്. കൊവിഡ് മരണം കൂടുന്ന സാഹചര്യത്തില്‍ ന്യയോര്‍ക്കിന് അടിയന്തര സഹായം അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കണമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമൊ അഭ്യര്‍ത്ഥിച്ചു.

“ദയവായി ഞങ്ങളെ സഹായിക്കൂ. ഞങ്ങള്‍ക്ക് ദുരിതാശ്വാസം ആവശ്യമാണ്. ഇത് രാജ്യവ്യാപകമായി പടരും. ഈ സ്ഥിതി ന്യൂയോര്‍ക്കില്‍ മാത്രമേ ഉള്ളൂ എന്നു പറയുന്നവര്‍ തിരസ്‌കാര മനോഭാവത്തിലാണുള്ളത്. ഈ വൈറസ് സംസ്ഥാനത്തുടനീളം പരക്കുന്നത് നിങ്ങള്‍ കാണുന്നു, ഈ വൈറസ് രാജ്യത്തുടനീളം പരക്കുന്നത് നിങ്ങള്‍ കാണുന്നു. ഈ വൈറസിനെതിരെയുള്ള പ്രതിരോധ ശേഷി ഒരു അമേരിക്കകാരനും ഇല്ല,” ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പറഞ്ഞു. അടിയന്തര സഹായമായി 1000 ബെഡുകളുള്ള ആശുപത്രി സൗകര്യവുമായി അമേരിക്കന്‍ നാവിക സേനയുടെ കപ്പല്‍ ന്യൂയോര്‍ക്ക് തീരത്തെത്തിയിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊവിഡ്-19 പ്രതിസന്ധിയെ രാഷ്ട്രീയ വല്‍ക്കരിക്കുന്നതിനെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. എന്നാല്‍ ന്യൂയോര്‍ക്കിന് ആവശ്യത്തിന് സഹായം നല്‍കിയിട്ടുണ്ടെന്നും ഇനിയും വെന്റിലേറ്ററുകള്‍ ന്യൂയോര്‍ക്കിന് നല്‍കേണ്ടെന്നുമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.

“എണ്ണം വെച്ച് നോക്കുമ്പോള്‍ ന്യൂയോര്‍ക്കില്‍ സ്ഥിതി മെച്ചപ്പെടുമെന്നാണ് കരുതുന്നത്. അവര്‍ക്ക് ആവശ്യത്തിലധികം വെന്റിലേറ്ററുകള്‍ ഉണ്ട്. അവരത് ഉപയോഗിക്കുന്നില്ലെന്നും, ശരിയായ രീതിയില്‍ ഉപയോഗിക്കില്ലെന്നുമാണ് ഞാന്‍ കേള്‍ക്കുന്നത്. ഇത് അവസാനിച്ചാല്‍ അവര്‍ ഒരെണ്ണത്തിന് ഡോളറുകള്‍ മേടിച്ച് അവര്‍ വെന്റ്ിലേറ്ററുകള്‍ വില്‍ക്കും,” ട്രംപ് ഫോക്‌സ്‌ന്യൂസിനോട് പറഞ്ഞു.

കൊവിഡ് സുരക്ഷാ മുന്‍കരുതലിലെ അനാസ്ഥ കാരണം ന്യൂയോര്‍ക്ക് ഗവര്‍ണറും ട്രംപും തമ്മില്‍ പല തവണ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. ന്യൂയോര്‍ക്കിന്റെ അവസ്ഥ ട്രംപ് മനസ്സിലാക്കിയിട്ടില്ലെന്നും 30000 വെന്റിലേറ്ററുകള്‍ ന്യൂയോര്‍ക്കിന് ആവശ്യമാണെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ഘട്ടത്തില്‍ 4000 വെന്റിലേറ്ററുകള്‍ മാത്രമാണ് ന്യൂയോര്‍ക്കില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അമേരിക്കയില്‍ ഇതുവരെ 3003 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് സി.എന്‍.എന്‍ നടത്തിയ കണക്കെടുപ്പില്‍ വ്യക്തമായത്. 160,689 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. രണ്ടാഴ്ച കൂടി പിന്നിടുമ്പോൾ രാജ്യത്ത് ഒരുലക്ഷം പേരെങ്കിലും മരിച്ചേക്കാമെന്നു മുന്നറിയിപ്പു നൽകിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സാമൂഹിക അകല കാലയളവ് ഏപ്രിൽ 30 വരെ നീട്ടി. അമേരിക്കയിലെ നഗരങ്ങളില്‍ കൊവിഡ് കേസുകള്‍ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് യു.എസിലെ പ്രമുഖ പകര്‍ച്ച രോഗ ചികിത്സാ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.