1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2020

സ്വന്തം ലേഖകൻ: ഇന്നലെ ബ്രിട്ടനിൽ മരണമടഞ്ഞവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 381 കൊറോണ വൈറസ് മരണങ്ങളും 3,009 കേസുകളും യുകെയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ രേഖപ്പെടുത്തി. അതിനിടെ രാജ്യത്ത് സ്രവ പരിശോധന കാര്യക്ഷമമല്ലെന്ന് വൻ പരാതി ഉയർന്നു. ഇതോടെ ദിവസം 25,000 പേരെ വീതം കൊവിഡ് പരിശോധനക്ക് വിധേയരാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ മധ്യത്തോടെ ഇതിന് വേണ്ട ക്രമീകരണങ്ങൾ സജ്ജമാക്കും. നിലവിൽ ദിവസം 12750 പേരെയാണ് രാജ്യത്ത് പരിശോധനക്ക് വിധേയരാകുന്നത്.

കൊറോണ വൈറസ് ബാധിച്ച് ആരോഗ്യവാനായ കൗമാരക്കാരൻ ലണ്ടനിൽ മരിച്ചു. ഇസ്മായിൽ മുഹമ്മദ് അബ്ദുൽ വഹാബ് എന്ന പതിമൂന്ന്കാരനാണ് മരണത്തിന് കീഴടങ്ങിയത്. ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ലായിരുന്ന ഇസ്മായേലിന്റെ മരണം ജനങ്ങൾക്കിടയിൽ ആശങ്ക പരത്തിയിട്ടുണ്ട്.

ബ്രിക്‌സ്റ്റണിൽ നിന്നുള്ള സ്‌കൂൾ വിദ്യാർത്ഥിയായ ഇസ്മായിൽ വ്യാഴാഴ്ച രോഗലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. വ്യാഴാഴ്ച ശ്വാസതടസ്സമുണ്ടായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബന്ധുക്കൾ പറഞ്ഞു. വെന്റിലേറ്ററിലായിരുന്ന ഇസ്മായേലിന് പരിശോധനയിൽ കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ കിംഗ്സ് കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചു. അതേസമയം മരിച്ച പതിമൂന്ന് കാരന് യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ലായിരുന്നുവെന്ന് കുടുംബം പറയുന്നു.

സ്പെയിനിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇവിടെ മാത്രം 9053 പേർ മരിച്ചു. ഇത് മൂന്നാമത്തെ രാജ്യത്തിലാണ് ഒരു ലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. അമേരിക്കയും ഇറ്റലിയുമാണ് ഒരു ലക്ഷത്തിലധികം രോഗികളുള്ള മറ്റ് രണ്ട് രാജ്യങ്ങൾ. അമേരിക്കയിൽ രോഗബാധിതർ 1,89,445 പേരാണ്. ഇറ്റലിയിൽ 1.05 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിൽ 4075ഉം ഇറ്റലിയിൽ 12428 പേരും മരിച്ചു. ഇറാനിൽ മരണം 3000 പിന്നിട്ടു.

അടച്ചുപൂട്ടലുകളും കര്‍ശനനിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍ മഹാമാരിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്‌കൂളുകള്‍ക്ക് പോലും അവധി നല്‍കാതെ കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ രാജ്യത്തിലെ ജനങ്ങളോട് അഭ്യര്‍ഥിക്കുക മാത്രമാണ് സ്വീഡന്‍ ചെയ്യുന്നത്‌. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ കൊവിഡിനെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തം ജനങ്ങളെ ഏല്‍പ്പിച്ചിരിക്കുകയാണ് രാജ്യം.

കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്ന് ആഗോള സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പല വലിയ രാജ്യങ്ങളും സാമ്പത്തിക ഞെരുക്കത്തിലേക്കാണ് പോകുന്നത് എന്നാണ് സൂചന. എങ്കിലും പല രാജ്യങ്ങളും പരസ്പരസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ജര്‍മനി മറ്റ് രാജ്യങ്ങളുടെ സഹായാഭ്യര്‍ഥനകളിലേക്ക് ശ്രദ്ധ നല്‍കുന്നില്ല എന്ന ഇറ്റലിയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആരോപണം പുതിയ വിവാദത്തിനും വഴി തുറന്നിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.