1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2020

സ്വന്തം ലേഖകൻ: “വെന്റിലേറ്ററുകളില്ല, കിടത്താൻ ബെഡുകളുമില്ല. ന്യൂയോർക്ക് നഗരത്തിലാണ് ഇതു സംഭവിക്കുന്നതെന്ന് ചിന്തിക്കാനാകുന്നില്ല. മൂന്നാം ലോക രാജ്യത്ത് സംഭവിക്കുന്നതുപോലെയാണിത്,” കോവിഡ്–19 ബാധിച്ച രോഗികളെ ചികിത്സിക്കുന്ന അമേരിക്കൻ ഡോക്ടർ പറയുന്നു.

അതീവ ഗുരുതര നിലയിലുള്ള രോഗികളെ കിടത്തി ചികിത്സിക്കാൻ ആവശ്യമായ വെന്റിലേറ്ററുകളോ കിടക്കകളോ ആശുപത്രികളിൽ പരിമിതമായത് യുഎസിന്റെ ആരോഗ്യ സംവിധാനത്തിന്റെ പരാധീനതകളാണ് തുറന്ന് കാണിക്കുന്നത്.

കൊറോണ വൈറസ് ബാധയുടെ ആദ്യ ആഴ്ചകളിൽ 70 വയസ്സിനു മുകളിലുള്ളവരാണ് ആശുപത്രിയിൽ എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞയാഴ്ച ഈ വരുന്നവർ കുടുതലും 50 വയസ്സിനു താഴെയുള്ളവരാണ്. ജനങ്ങൾക്ക് ഈ രോഗത്തിന്റെ ഗൗരവം ഇതുവരെ മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നില്ല. രണ്ടാഴ്ച മുൻപ് വരെ ജീവിതം വളരെ വ്യത്യസ്തമായിരുന്നുവെന്നും ഈ ഡോക്ടർ കൂട്ടിച്ചേർത്തു.

രോഗികളുടെ എണ്ണം വർധിക്കുന്നതിനൊപ്പം ആശുപത്രി സൗകര്യങ്ങൾ ഒരുക്കാനാകാത്തത് രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതിനാൽ വെന്റിലേറ്റർ സൗകര്യം നൽകുന്നതിൽപ്പോലും ഈ തിരഞ്ഞെടുപ്പ് ഉണ്ട്. അടിയന്തര ശുശ്രൂഷ നൽകുന്ന ഇടങ്ങൾ തീർന്നുപോകുന്ന അവസ്ഥയാണ് ഉള്ളതെന്ന് ന്യൂയോർക്ക് – പ്രിസ്ബെറ്റേറിയൻ / കൊളുംബിയ യൂണിവേഴിസിറ്റി മെഡിക്കൽ സെന്ററിലെ ഗ്ലോബൽ ഹെൽത് ഇൻ എമർജൻസി മെഡിസിൻ ഡയറക്ടർ ഡോ. ക്രെയ്ഗ് സ്പെൻസർ പറയുന്നു.

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ മരണം 22000 കടന്നു. ഇന്ന് മരണസംഖ്യയിൽ കുത്തനെയുള്ള വർധനവാണ് ഉണ്ടായത്. അമേരിക്കയിൽ സ്ഥിതി ഗുരുതരമായി തുടരുന്നത് ലോകരാഷ്ട്രങ്ങൾക്കെല്ലാം വെല്ലുവിളിയായി. കൊവിഡ് മാനവരാശിക്ക് തന്നെ ഭീഷണിയാണെന്നും ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യ അന്താരാഷ്ട്ര വിമാന സർവീസുകൾ എല്ലാം നിർത്തി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വിദേശയാത്ര നടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധി രൂക്ഷമായ ഇറ്റലിയില്‍ മെഡിക്കല്‍ പ്രവര്‍ത്തകര്‍ക്ക് വ്യാപകമായി കൊവിഡ് പടര്‍ന്നു പിടിക്കുന്നു. ഇറ്റലില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ഫെബ്രുവരി മുതല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന 2629 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ ആകെ റിപ്പോര്‍ട്ട ചെയ്ത കൊവിഡ് കേസുകളുടെ 8.3 ശതമാനം വരുമിത്.

അല്‍ ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം GIMBE എന്ന ഇറ്റാലിയന്‍ മെഡിക്കല്‍ സംഘടന നടത്തിയ കണക്കെടുപ്പിലാണ് ഇത് വ്യക്തമായത്. മാര്‍ച്ച് 11 വരെയുള്ള കണക്കുകളാണ് ഇവരുടെ റിപ്പോര്‍ട്ടിലുള്ളത്. ഇതിനുശേഷം നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് GIMBE ഡയരക്ടര്‍ പറയുന്നത്. ഇറ്റലിയില്‍ എത്ര മെഡിക്കല്‍ ജീവനക്കാര്‍ കൊവിഡ് ബാധിച്ചു മരിച്ചു എന്നതില്‍ ഇതുവരെ കൃത്യമായ കണക്ക് ലഭ്യമല്ല.

ഇവിടത്തെ മെഡിക്കല്‍ ജീവനക്കാര്‍ക്ക് പലപ്പോഴും ടെസ്റ്റുകള്‍ നടത്താനും സുരക്ഷാ സാമഗ്രികള്‍ ഉപോയഗിക്കാനും കഴിയാറില്ലെന്നും ഇവര്‍ പറയുന്നു. ആവശ്യത്തിന് ആശുപത്രികളോ മെഡിക്കല്‍ സാമഗ്രികളോ ഇല്ലാതെ വലയുന്ന അവസ്ഥയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പിടിപെടുന്നത്.

സ്പെയിനിലെ ആശുപത്രികളിലും വൃദ്ധമന്ദിരങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു. ആരോഗ്യപ്രവർത്തകർ പോലും കോവിഡ് പിടിപെട്ടു മരിക്കുന്നു. സാധാരണക്കാർ ഭീതിയിൽ വീടുകളിൽ കഴിയുന്നു. ഏപ്രിൽ 14വരെ ലോക്‌ഡൗൺ നീട്ടിയിട്ടുമുണ്ട്. നിരത്തുകളി‍ൽ പട്ടാളമിറങ്ങി. ഓരോ വാഹനവും അവർ തടയുന്നു. തലസ്ഥാനമായ മഡ്രിഡിലെ ഒരു ഐസ് ഹോക്കി സ്റ്റേഡിയം മോർച്ചറിയാക്കി മാറ്റി. ആദ്യം മഡ്രിഡിലായിരുന്നു രോഗം കൂടുതൽ. ഇപ്പോൾ രാജ്യം മുഴുവനും കോവിഡിന്റെ പിടിയിലാണ്.

ജർമ്മനി, ഫ്രാൻസ്, ഇറാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം തുടരുകയാണ്. ചൈനയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 67 പേരും വിദേശത്ത് നിന്നെത്തിയവരാണ്. ഹംഗറിയിൽ 37കാരനായ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധി കൊവിഡ് ബാധിച്ച് മരിച്ചു.

വത്തിക്കാനിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ വസതിയിൽ താമസിക്കുന്ന ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തുള്ള അമേരിക്കൻ സൈനികർക്ക് 60 ദിവസത്തേക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തി. അടച്ചുപൂട്ടൽ സമയം കൂടുതൽ ആരോഗ്യപ്രവർത്തകരെ ആവശ്യമായ പരിശീലനം നൽകി നിയോഗിക്കാൻ ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചു.

സ്രവപരിശോധനകളുടെ എണ്ണം കൂട്ടണം. രോഗബാധ സംശയിക്കുന്നവരെയെല്ലാം കണ്ടെത്തണമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ പറഞ്ഞു. വൈറസ് വ്യാപനം തടയാൻ ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാനായി 200 കോടി ഡോളർ സമാഹരിക്കാനുള്ള പദ്ധതിക്ക് ഐക്യരാഷ്ട്രസഭ തുടക്കമിട്ടു.

കൊറോണ വൈറസ് ബാധ മൂലം ദുരിതങ്ങള്‍ വര്‍ധിച്ചിട്ടും വിദേശ സഹായം തള്ളിയ ഇറാനിൽ കഴിഞ്ഞ 214 മണിക്കൂറിനിടെ 1762 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൊത്തം 24811 പേര്‍ക്കാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 122 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 1934 പേരാണ് ഇറാനില്‍ മരിച്ചത്. ആഗോള തലത്തില്‍ ഏറ്റവുമധികം മരണം രേഖപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ഇറാന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.