1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2020

സ്വന്തം ലേഖകൻ: കോവിഡ് 19 മരണസംഖ്യയില്‍ ചൈനയെ മറികടന്ന് സ്‌പെയിന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 738 പേര്‍ കൂടി മരിച്ചതോടെ സ്‌പെയിനിലെ മരണസംഖ്യ 3434 ആയതായി സര്‍ക്കാര്‍ വെളിപ്പെടുത്തി.

കൊറോണ വൈറസ് വ്യാപനം ആദ്യമുണ്ടായ ചൈനയില്‍ 3280 പേരാണ് മരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് – 19 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിട്ടുള്ളത് ആറായിരത്തിലേറെപ്പേര്‍ മരിച്ച ഇറ്റലിയില്‍ നിന്നാണ്.

വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൗണ്‍ 11-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സ്‌പെയിനില്‍ ഒരു ദിവസംതന്നെ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയയ്തിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. അവിടുത്തെ 47,610 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാര്യക്ഷമമായിരുന്നുവോ എന്ന് വിലയിരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 11 വരെയാണ് സ്‌പെയിനില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സ്‌പെയിനില്‍ മരിച്ചവരില്‍ 50 ശതമാനത്തിലേറെയും മാഡ്രിഡ് പ്രദേശത്തുള്ളവരാണ്. 1825 പേര്‍ ഇവിടെ മരിച്ചു. 14597 പേര്‍ക്കാണ് മാഡ്രിഡില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടുത്തെ ആശുപത്രികളെല്ലാം കടുത്ത പ്രതിസന്ധി നേരിടുകയാണ്. മാഡ്രിഡിലെ എക്‌സിബിഷന്‍ സെന്ററില്‍ സൈന്യം 1500 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിരുന്നു. വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ ഇവിടുത്തെ കിടക്കകളുടെ എണ്ണം 5500 ആക്കി ഉയര്‍ത്തി. സ്‌പെയിനിലെ ഏറ്റവും വലിയ കോവിഡ് -19 ആശുപത്രിയാണ് ഇപ്പോള്‍ അത്.

കൊറോണ വൈറസിന്റെ തലസ്ഥാനമായി യുഎസ് മാറാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. അവിടെ അതിവേഗത്തിലാണ് രോഗം വ്യാപിക്കുന്നതെന്നു വക്താവ് മാർഗരറ്റ് ഹാരിസ് വ്യക്തമാക്കി. ഇതിനിടെ, എല്ലാ സംസ്ഥാനത്തും മാസ്ക്കും വെന്റിലേറ്ററും മറ്റും സംഭരിച്ച് എത്തിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുറന്നു പറഞ്ഞു.

വെറും മൂന്നുദിവസത്തിനിടെ അമേരിക്കയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ഇരട്ടിയായി. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ ഏറ്റവും പുതിയ കണക്കു പ്രകാരം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം യുഎസിൽ 50,000 കടന്നു. ഞായറാഴ്ച മാത്രം 26,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയിൽ ഇതുവരെ രോഗം ബാധിച്ച് അഞ്ഞൂറിലേറെ പേർ മരിച്ചു. ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ സ്റ്റേറ്റ് എന്നിവിടങ്ങളിലാണ് കൂടുതല്‍ പേർ മരിച്ചത്.

ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം റിപ്പോർട്ട് ചെയ്തതിലും പത്തിരട്ടിയാകാൻ സാധ്യത. ആശുപത്രിയിലെത്തുന്നവർക്കു മാത്രമാണ് പരിശോധന നടത്തിയിട്ടുള്ളത്. അതിനർഥം ആയിരങ്ങൾ ആശുപത്രിയിലെത്തിയിട്ടില്ലെന്നാണ്. 6.4 ലക്ഷം പേർക്ക് രോഗം ബാധിച്ചിട്ടുണ്ടാവും– കണക്ക് ശേഖരിക്കുന്ന സിവിൽ പ്രൊട്ടക്‌ഷൻ ഏജൻസിയുടെ മേധാവി ആഞ്ജലോ ബൊറേല്ലി പറയുന്നു.

ചൈനയിലെ പ്രധാന രോഗകേന്ദ്രങ്ങളായിരുന്ന ഹുബെയ് പ്രവിശ്യയും തലസ്ഥാനനഗരിയായ വുഹാനും തുറക്കും. ഇവിടെ 5.6 കോടി ജനങ്ങളാണുള്ളത്. വിലക്ക് ഏർപ്പെടുത്തിയിട്ട് 3 മാസമായി. പ്രവിശ്യ ഇന്നു തുറന്നുകൊടുക്കും. എന്നാൽ വുഹാൻ ഏപ്രിൽ എട്ടിനേ തുറക്കൂ. ഹുബെയിൽ നിന്ന് പുറത്തേക്കു പോകുന്ന യാത്രക്കാരുടെ വിലക്കുകൾ നീക്കും. എന്നാൽ മറ്റു മേഖലകളിൽ നിയന്ത്രണം കർക്കശമാക്കും.

സിഡ്നിയിൽ യാത്രക്കപ്പലിൽ രോഗികൾ വന്നിറങ്ങിയതോടെ ഓസ്ട്രേലിയയിലെ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടി. 10 ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം പെരുകിയതോടെ മലേഷ്യ പരിശോധന ശക്തമാക്കി. മ്യാൻമറിൽ ആദ്യമായി രോഗം എത്തി. ലാവോസിൽ ആദ്യമായി 2 പേരിൽ സ്ഥിരീകരിച്ചു.

ന്യൂസിലന്‍ഡിലെ ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയാനും സാമൂഹികസമ്പര്‍ക്കം ഒഴിവാക്കാനും ആവശ്യപ്പെട്ട പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ കൊറോണ ബാധിതരാണെന്ന രീതിയില്‍ പെരുമാറേണ്ടതാണ് ഇപ്പോള്‍ ആവശ്യമെന്നും ഓർമ്മിപ്പിച്ചു. വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ന്യൂസിലന്‍ഡില്‍ ഒരു മാസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച മാത്രം അമ്പതോളം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ന്യൂസിലന്‍ഡില്‍ മൊത്തം രോഗബാധിതരുടെ എണ്ണം 205 ആയി. എല്ലാവരോടും സ്വയം സമ്പര്‍ക്കവിലക്കേര്‍പ്പെടുത്തണമെന്ന് ഗവണ്‍മെന്റ് ആവശ്യപ്പെട്ടു.

അതേസമയം പാക്കിസ്ഥാനില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരവിമാന സര്‍വീസുകളെല്ലാം റദ്ദാക്കിയിട്ടുണ്ട്. ഏപ്രില്‍ രണ്ട് വരെയാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. രാജ്യത്ത് 990 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് പാക്ക് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ 410 പേര്‍ സിന്ധ് പ്രവിശ്യയില്‍ നിന്നുള്ളവരാണ്.

കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊളംബിയയില്‍ പലയിടത്തും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ രാജ്യത്ത് കൊലപാതകങ്ങള്‍ കൂടുന്നു. കൊളംബയിയിലെ മൂന്ന് സാമൂഹ്യപ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് നേരെ ആക്രമണവും ഭീഷണിയുമുണ്ടായി. റെവല്യൂഷണറി ആര്‍മ്ഡ് ഫോര്‍സസ് ഓഫ് കൊളംബിയ ( FARC) എന്ന സായുധ സംഘടനയിലെ അംഗങ്ങളാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകം കൊറോണയോട് പൊരുതുമ്പോൾ അഫ്ഘാനിസ്താനിലെ സിഖ് ആരാധനായത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെയോടെയാണ് ശോര്‍ ബസാര്‍ പ്രദേശത്തെ ഗുരുദ്വാരയില്‍ വെടിവെപ്പു നടന്നത്. ആക്രമണം നടക്കുമ്പോള്‍ 150 പേര്‍ ഗുരുദ്വാരയിലുണ്ടായിരുന്നു.

ഇവിടെയുണ്ടായിരുന്ന 11 കുട്ടികളെയടക്കം രക്ഷപ്പെടുത്തിയതായി കാബൂള്‍ പൊലീസ് അറിയിച്ചു. ആക്രമണം നടത്തിയ മൂന്ന് പേരില്‍ ഒരാള്‍ക്ക് സുരക്ഷാസേനയുമായുള്ള സംഘട്ടനത്തില്‍ വെടിയേറ്റു. നിരവധി പേര്‍ ആരാധനാലയത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ഗുരുദ്വാരയിലെ ഒന്നാമത്തെ നിലയില്‍ നിന്നും ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട് എന്നാണ് അഫ്ഘാന്‍ ആഭ്യന്തര മന്ത്രാലയ പ്രതിനിധി അറിയിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.