1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2020

സ്വന്തം ലേഖകൻ: ആഗോളതലത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 32,000 കടന്നു. വൈകിട്ട് 6.30 വരെയുള്ള കണക്കുകൾ പ്രകാരം 32,137 പേരാണു മരിച്ചത്. ആകെ രോഗബാധിതർ 6,83,420. രോഗമുക്തി നേടിയവർ 1,46,396. സ്പെയിനിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 838 പേരാണു മരിച്ചത്. സ്പെയിനിൽ ഒരു ദിവസത്തെ ഏറ്റവും വലിയ മരണനിരക്കാണ് ഇത്. ഇതോടെ രാജ്യത്താകെ മരിച്ചവരുടെ എണ്ണം 6,528 ആയി. 78,797 പേർക്കു രോഗം സ്ഥിരീകരിച്ചു.

യൂറോപ്പിലെ ആകെ മരണം 20,000 കടന്നു. ഇറ്റലിയിലും സ്പെയിനിലുമാണു കൂടുതൽ മരണങ്ങൾ. ഇറാനിൽ ‍ഞായറാഴ്ച 123 പേർ മരിച്ചതോടെ മരണസംഖ്യ 2,640 ആയി. 38,309 പേർക്കു രോഗം സ്ഥിരീകരിച്ചു. ജർമനിയിൽ ഇതുവരെ രോഗം ബാധിച്ചു മരിച്ചത് 389 പേരാണ്. 52,547 പേർക്കു സ്ഥിരീകരിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾക്കു കോവിഡ് സ്ഥിരീകരിച്ച യുഎസിൽ രോഗികളുടെ എണ്ണം 123,781 ആയി. 2229 പേരാണ് മരണത്തിനു കീഴടങ്ങിയത്.

എല്ലാ ബ്രിട്ടീഷ് പൗരന്മാരും വീടുകളില്‍ തന്നെ കഴിയണമെന്ന് അഭ്യര്‍ഥിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രിട്ടണിലെ മൂന്നുകോടിയോളം വരുന്ന കുടുംബങ്ങള്‍ക്ക് ഇക്കാര്യമാവശ്യപ്പെട്ട് ബോറിസ് ജോണ്‍സണ്‍ കത്തയയ്ക്കും. കൈകള്‍ കഴുകുക, വീടിനുള്ളില്‍ തന്നെ കഴിയുക, ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, രോഗ ലക്ഷണങ്ങള്‍ എന്നിവയടങ്ങിയ ലഘുലേഖയടക്കമുള്ള കത്താണ് ബോറിസ് ജോണ്‍സണിന്റെ പേരില്‍ വീടുകളിലെത്തുക.

പൊതുജനത്തെ രോഗത്തേപ്പറ്റി ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 70 ലക്ഷം ഡോളറാണ് ഇതിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ ചിലവഴിക്കുന്നത്. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസൊലേഷനിലാണ് ജോൺസൺ. രോഗലക്ഷണങ്ങള്‍ ഗുരുതരമല്ലാത്തതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ ഇദ്ദേഹം അവലോകന യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇദ്ദേഹത്തേ കൂടാതെ രോഗം സ്ഥിരീകരിച്ച ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്കും വീട്ടില്‍ ഇരുന്ന് ജോലികള്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ്.

അമേരിക്കയില്‍ കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നതിനിടെ രോഗബാധ രൂക്ഷമായ സ്‌റ്റേറ്റുകളില്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട് എന്നിവിടങ്ങളില്‍ ക്വാറന്റൈന്‍ നടപടികള്‍ വേണ്ടെന്നും ശക്തമായ യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതിയെന്നും ട്രംപ് വ്യക്തമാക്കി.

ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, കണക്ടിക്കട്ട് എന്നിവിടങ്ങള്‍ അമേരിക്കയുടെ കോവിഡ് 19 ഹോട്ട് സ്‌പോട്ടുകള്‍ ആണെന്ന മുന്‍ നിലപാടില്‍നിന്ന് മലക്കംമറിഞ്ഞ ട്രംപ് ക്വാറന്റൈന്‍ പോലുള്ള നടപടികള്‍ ആവശ്യമില്ലെന്ന് ട്വിറ്ററില്‍ കുറിച്ചു. ഇതു സംബന്ധിച്ച് താന്‍ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സുമായും ഈ സ്റ്റേറ്റുകളുടെ ഗവര്‍ണര്‍മാരുമായും സംസാരിച്ചതായും ശക്തമായ യാത്രാ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതരോട് നിര്‍ദേശിച്ചതായും വ്യക്തമാക്കി.

ട്രംപിന്റെ ട്വീറ്റിനു പിന്നാലെ ഈ സ്റ്റേറ്റുകളിലെ ജനങ്ങള്‍ക്കായി പ്രത്യേക യാത്രാനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. അവശ്യ കാര്യങ്ങള്‍ക്കല്ലാതെ വരുന്ന 14 ദിവസങ്ങളില്‍ യാത്രകള്‍ പാടില്ലെന്ന് നിര്‍ദേശത്തില്‍ പറയുന്നു. അവശ്യ സേവനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കൊഴികെ ഇത് ബാധകമാണെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ന്യൂ യോര്‍ക്കിലായിരുന്നു. അമേരിക്കയില്‍ ആകെ 1,23,000 ല്‍ അധികം പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 53,216 എണ്ണവും ന്യൂയോര്‍ക്കിലാണ്. 728 പേര്‍ ഇവിടെ മരിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂ ജേഴ്‌സിയില്‍ 11,124 കേസുകളും കണക്ടിക്കട്ടില്‍ 1,291 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2,185 പേരാണ് അമേരിക്കയില്‍ ആകെ കോവിഡ് 19 ബാധിച്ച് ഇതുവരെ മരിച്ചത്.

കൊവിഡ് 19ന് തുടക്കമിട്ട നഗരമായ ചൈനയിലെ വുഹാന് സമീപം കലാപം. കൊവിഡ് പടര്‍ന്ന് പിടിച്ച് മൂവായിരത്തിലധികം പേരാണ് ചൈനയില്‍ മരണപ്പെട്ടത്. വുഹാനെ ലോകം ഭീതിയോടെയാണ് ഇക്കാലത്ത് നോക്കിയത്. രണ്ട് മാസത്തോളമായി ലോക്ക് ഡൗണിലായിരുന്നു ഈ നഗരം. എന്നാല്‍ അവസാനത്തെ കൊവിഡ് രോഗിയും ആശുപത്രി വിട്ടതോടെ സര്‍ക്കാര്‍ വുഹാനിലെ ലോക്ക് ഡൗണ്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ വുഹാനിലെ ജനങ്ങള്‍ ചൈനയുടെ മറ്റ് ഭാഗങ്ങളിലേക്ക് പോകുന്നതിന് വിലക്കുണ്ട്.

ഇതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. ആളുകളെ പോലീസ് തടഞ്ഞതോടെ അവര്‍ അക്രമാസക്തരായി. വുഹാനിലെ സംഘര്‍ഷത്തിന്റെ വീഡിയോകള്‍ പുറത്ത് വന്നിട്ടുണ്ട്. അക്രമാസക്തരായ ആളുകള്‍ പോലീസ് വാന്‍ അടക്കം ആക്രമിച്ച് നശിപ്പിച്ചു. നൂറുകണക്കിന് ആളുകളാണ് നഗരത്തിന് പുറത്തേക്ക് പോകുന്നതിനായി റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ ഏപ്രില്‍ 8 വരെ ജനങ്ങള്‍ക്ക് വുഹാന്‍ വിട്ട് പോകാനാവില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.