1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2020

സ്വന്തം ലേഖകൻ: വരാനിരിക്കുന്ന രണ്ടാഴ്ചക്കാലം അമേരിക്കയെ സംബന്ധിച്ച് വളരെ വേദനാജനകമായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്‌. 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന വൈറ്റ് ഹൗസിന്റെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

“വലിയ വേദനകള്‍ ഉണ്ടാകാന്‍ പോവുകയാണ്. വേദനനിറഞ്ഞ രണ്ടാഴ്ചക്കാലം,” വരാനിരിക്കുന്ന ബുദ്ധിമുട്ടേറിയ ആ ദിനങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കരും തയ്യാറായിരിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുകയാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാലും ഒരു ലക്ഷം മുതല്‍ 2.4 ലക്ഷം പേര്‍ വരെ മരിച്ചേക്കാമെന്നാണ് വൈറ്റ് ഹൗസ് കണക്കാക്കുന്നത്‌. ഏപ്രില്‍ 30 വരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ 15 ലക്ഷം മുതല്‍ 22 ലക്ഷം വരെ ആളുകള്‍ മരിക്കുമെന്നും വൈറ്റ് ഹൗസ് പറയുന്നു.

മൂന്നിലൊന്നു അമേരിക്കക്കാര്‍ ലോക്ക്ഡൗണില്‍ കഴിയുകയാണ്. സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് ഈ മഹാമാരിയെ നേരിടാന്‍ നിലവിലുള്ള ഏക വഴിയെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്.

“ഒരു മായാജാല വാക്‌സിനോ ചികിത്സയോ ഇതിനില്ല. നമ്മുടെ മനോഭാവമാണ് ഈ മഹാമാരിയുടെ അടുത്ത 30 ദിവസത്തെ ഗതിനിർണ്ണയിക്കുക,” എന്നാണ് കൊറോണ വൈറസ് റെസ്‌പോണ്‍സ് കോര്‍ഡിനേറ്റര്‍ ഡെബോറാഹ് ബിര്‍ക്‌സിന് അമേരിക്കക്കാരോട് പറയാനുള്ളത്.

നിലവിലെ ദുരന്ത ലഘൂകരണ പ്രയത്‌നങ്ങളെല്ലാം പരിഗണിച്ചാലും അമേരിക്കയില്‍ ഒരു ലക്ഷത്തിനും 2.4 ലക്ഷത്തിനും ഇടയില്‍ വരെ ആളുകള്‍ മരിച്ചേക്കാമെന്ന കണക്കുകള്‍ അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ നിരത്തി. സൂചിപ്പിച്ച കണക്കുകളിലെ മരണ നിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും അതിനുളള പദ്ധതികള്‍ ഫലം കാണുന്നുണ്ടെന്നും പകര്‍ച്ചവ്യാധി സ്‌പെഷ്യലിസ്റ്റി അന്തോണി ഫൗസി അറിയിച്ചു.

‘വുഹാൻ വൈറസെ’ന്നും ‘ചൈനീസ് വൈറസെ’ന്നും ആദ്യദിനങ്ങളിൽ ആക്ഷേപം ചൊരിഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശരീരഭാഷ തന്നെ മാറിയെന്നും കൊറോണ വൈറസ് എന്ന മഹാമാരിയെ കീഴടക്കാന്‍ യുഎസിന്റെ കോപ്പ്കൂട്ടലൊന്നും മതിയാകില്ലെന്നും രാജ്യാന്തര മാധ്യമങ്ങളും വിധിയെഴുതുന്നു.

അമേരിക്കയിൽ രേഗബാധിതരുടെ എണ്ണം 1,88,592 ആയി കുത്തനെ ഉയർന്നു കഴിഞ്ഞു. 4,055 പേർ മരിച്ചു. കേരളത്തെക്കാൾ ജനസംഖ്യ കുറവുള്ള ന്യൂയോർക്കിൽ മാത്രം മരണസംഖ്യ 1200 കടന്നു. അരലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ചത്തേക്കാൾ രണ്ടിരട്ടിയാണ് യുഎസ്സിൽ മരണം റിപ്പോർട്ട് ചെയ്തത്. 80,000 വിരമിച്ച നഴ്സുമാരും ഡോക്ടർമാരും സന്നദ്ധസേവനത്തിനുണ്ട്.

ആളുകളുടെ മരണം നിയന്ത്രിക്കാനാകാതെ പെടാപ്പാട് പെടുകയാണ് ന്യൂയോര്‍ക്ക് നഗരം. മോര്‍ച്ചറികളും ആശുപത്രികളിലെ ശീതീകരണ സംവിധാനങ്ങളും എല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ആശുപത്രികളിലെ സംവിധാനങ്ങള്‍ പോലും മതിയാകാതെ വന്നതിനാൽ ശീതീകരിച്ച 85 ട്രക്കുകളാണ് ഇതിനായി മാത്രം ഏര്‍പ്പാടാക്കിയിരിക്കുന്നത്.

അമേരിക്കയിലെ മലയാളി സമൂഹവും അത്യന്തം ഭീതിയിലാണ്. ഇന്നലെ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നിവിടങ്ങളിലായി രണ്ടു മലയാളികള്‍ മരിച്ചിരുന്നു. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ്, എറണാകുളം സ്വദേശി കുഞ്ഞമ്മ സാമുവല്‍ എന്നിവരാണിവര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.