1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2020

സ്വന്തം ലേഖകൻ: കൊറോണ ബാധിതരുടെ എണ്ണത്തിൽ ചൈനയെയും ഇറ്റലിയെയും മറികടന്ന്​ അമേരിക്ക. 85749 പേർക്കാണ്​ യു.എസിൽ രോഗം സ്​ഥിരീകരിച്ചത്​. ചൈനയിൽ ഇത്​ 81340ഉം ഇറ്റലിയിൽ 80589ഉമാണ്​. കാര്യങ്ങൾ പിടിവിട്ടതോടെ, തുടക്കം മുതൽ ചൈനക്കെതിരെ സംസാരിച്ച അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ് ട്രംപ് ഒടുവിൽ നിലപാട് മാറ്റി. കോവിഡ്​ നിയന്ത്രണം സംബന്ധിച്ച്​ ​ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഫോണിൽ സംസാരിച്ചു. ട്രംപ് തന്നെയാണ്​ ഇക്കാര്യം ട്വിറ്ററിൽ വെളിപ്പെടുത്തിയത്​.

“കൊറോണ വൈറസ് ലോകത്താകെ നാശംവിതക്കുന്ന സാഹചര്യം സംബന്ധിച്ച്​ ചൈനീസ്​ പ്രസിഡൻറ്​ ഷിയുമായി ചർച്ച നടത്തി. വൈറസിനെക്കുറിച്ച്​ ചൈന നല്ല ധാരണ​ കൈവരിച്ചിട്ടുണ്ട്​. നമ്മൾ ഒരുമിച്ച് പ്രവർത്തിക്കും,” ട്രംപ് ട്വിറ്ററിൽ കുറിച്ചു. പകർച്ചവ്യാധി നിയന്ത്രണത്തിലും മറ്റ് മേഖലകളിലും സഹകരണം വർധിപ്പിക്കുന്നതിന്​ ഇരുപക്ഷവും ഒരുമിക്കണമെന്ന് ഷി ജിൻപിങ്​ ആവശ്യപ്പെട്ടതായി ചൈനീസ്​ വാർത്ത ഏജൻസി സിൻഹുവ റിപ്പോർട്ട്​ ചെയ്​തു. പഴിചാരലും സംഘർഷവും ഒഴിവാക്കി പരസ്പര ബഹുമാനം നിലനിർത്തണം. യു.എസിലുള്ള ചൈനീസ് പൗരന്മാരുടെ സുരക്ഷസംന്ധിച്ചും ഇരുവരും ചർച്ച ചെയ്​തു.

അതേസമയം, കോവിഡ്​ 19നെ ഫലപ്രദമായി നേരിടുന്നതിൽ ചൈന ഏറെ മുന്നോട്ട്​ പോയതായാണ്​ ജോൺസ് ഹോപ്കിൻസ് സർവകലാശാല പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്​. രോഗം ബാധിച്ച 81340 പേരിൽ 74588 പേരും സുഖം പ്രാപിച്ചു. നിലവിൽ 3460 രോഗികളാണ്​ ചൈനയിൽ ശേഷിക്കുന്നത്​. എന്നാൽ, അമേരിക്കയിലാക​ട്ടെ, 85749 രോഗബാധിതരിൽ 1868 പേർക്ക്​ മാത്രമാണ്​ ഇതുവരെ അസുഖം ഭേദമായത്​.

കൊറോണ വൈറസ് മഹാമാരി മന്ദഗതിയിലാക്കിയ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാൻ 2.2 ലക്ഷം കോടി ഡോളർ (185 ലക്ഷം കോടിയോളം രൂപ) പാക്കേജിന് യുഎസ് സെനറ്റ് എതിർപ്പില്ലാതെ അനുമതി നൽകി (96–0). ഇരുപക്ഷവും തമ്മിൽ കടുത്ത വാഗ്വാദത്തിനു ശേഷമായിരുന്നു ഐകകണ്ഠ്യേന ബിൽ പാസ്സാക്കിയത്. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക സഹായ പദ്ധതിയാണിത്.

ഇപ്പോഴത്തെ സ്ഥിതിയിൽ നിന്ന് സമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായ ആഘാതമുണ്ടാക്കാതെ കടന്നുപോകുന്നതിന്, യുഎസ് ബജറ്റിന്റെ പകുതിയോളം വരുന്ന പാക്കേജ് സഹായിക്കുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഡെമോക്രാറ്റ് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ ഇന്നു ബിൽ പരിഗണിക്കും.

കോവിഡ് 19 ലോകമെമ്പാടും അഞ്ച് ലക്ഷത്തിലേറെ പേര്‍ക്ക് പടര്‍ന്നുപിടിച്ചിരിക്കുകയും 25,000ത്തോളം ആളുകള്‍ മരിക്കുകയും ചെയ്തപ്പോൾ ഇറ്റലിയിൽ നിന്ന് ഒരു ആശ്വാസ വാർത്ത. 101 വയസുകാരനായ ഒരു ഇറ്റലിക്കാരന്‍ കോവിഡ് 19 രോഗവിമുക്തനായിരിക്കുന്നു.

കഴിഞ്ഞ ആഴ്ചയാണ് 1919ല്‍ ജനിച്ച പി എന്നയാള്‍ കോവിഡ് 19 പോസിറ്റീവ് ആയി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാവിയിലേക്കുള്ള പ്രതീക്ഷയായി 100 വയസുള്ള ഒരാള്‍ കോവിഡിനെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്ന് റിമിനി വൈസ് മേയര്‍ ഗ്ലോറിയ ലിസി പറഞ്ഞു.

കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാന്‍ അതിജീവനത്തിന്‍റെ പാതയില്‍ ശക്തമായി തിരിച്ചുവരുന്നു. ഇന്നലെയും ഇന്നുമായി വുഹാനില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. അതുകൂടാതെ തന്നെ രോഗികളുടെ എണ്ണത്തില്‍ ഒരു ശതമാനം പോലും വര്‍ദ്ദനവ് വുഹാന്‍ കാണിക്കുന്നില്ലെന്നും ആരോഗ്യ കമ്മീഷന്‍ പറയുന്നു.കോവിഡ് 19 കാരണം പൂര്‍ണമായും സ്തംഭിച്ച നഗത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ബസ് സര്‍വീസ് വീണ്ടും പുനരാരംഭിച്ചു.

ചൈനയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് 19 കേസുകളില്‍ ഭൂരിഭാഗവും പുറത്തുനിന്ന് വന്നവരിലാണ് എന്ന് പുതിയ കണക്കുകൾ. ഈ സാഹചര്യത്തില്‍ രാജ്യത്തേയ്ക്ക് വിദേശികള്‍ക്കുള്ള പ്രവേശനം നിരോധിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 55 പുതിയ കൊറോണ വൈറസ് ബാധകളില്‍ 54 ഉം വിദേശത്തുനിന്ന് എത്തിയവരിലായിരുന്നു സ്ഥിരീകരിച്ചത്. പ്രാദേശികമായി പകര്‍ന്നത് ഒരാളില്‍ മാത്രമായിരുന്നു.

അതേസമയം, നയതന്ത്ര പ്രതിനിധികള്‍ക്ക് ഇത് ബാധകമല്ല. കൂടാതെ, അടിയന്തര ആവശ്യങ്ങളുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക അനുമതിക്കായി അപേക്ഷിക്കാനും അവസരമുണ്ടാകും. നിലവില്‍ ചൈന വിമാനസര്‍വീസുകള്‍ ആഴ്ചയില്‍ ഒന്നാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിമാനത്തില്‍ 75 ശതമാനത്തില്‍ താഴെ യാത്രക്കാരെ മാത്രമേ അനുവദിക്കൂ.

ഒരു മീറ്റര്‍ പരിധി മറികടന്ന് മറ്റൊരാളുടെ സമീപത്തേയ്ക്ക് ചെന്നാല്‍ അയാളെ ഉടന്‍ ജയിലിലടയ്ക്കുമെന്ന് സിംഗപ്പൂർ മുന്നറിയിപ്പ് നൽകി. ഷോപ്പിങ് മാളുകളും റസ്റ്റോറന്റുകളും അടക്കമുള്ള പൊതു ഇടങ്ങളില്‍ ഇടപെടുമ്പോള്‍ ശക്തമായ സുരക്ഷാ മുന്‍കരുതലുകളാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. രാജ്യത്ത് പകര്‍ച്ചവ്യാധി നിയമം നടപ്പാക്കിക്കൊണ്ട് വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബാറുകള്‍ അടയ്ക്കുകയും 10ലധികം പേര്‍ കൂടിച്ചേരുന്നത് നിരോധിക്കുകയും ചെയ്തിട്ടുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.