1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2020

സ്വന്തം ലേഖകൻ: കൊറോണ രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നതോടെ അമേരിക്കയില്‍ മാത്രം അടുത്ത നാല് മാസത്തിനുള്ളില്‍ 81,000 ആളുകള്‍ മരിക്കാന്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്‌. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗത്തിന്റേതാണ് പഠനം.

അമേരിക്കയില്‍ ജൂലൈ വരെ രോഗപ്പകര്‍ച്ച നിലനില്‍ക്കാമെന്നാണ് ഇവര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഏപ്രില്‍ രണ്ടാമത്തെ ആഴ്ച ആകുന്നതോടെ അമേരിക്കയില്‍ കൊറോണ വൈറസ് പകര്‍ച്ച അതിന്റെ തീവ്രതയിലെത്തുമെന്നും ജൂലൈ വരെ രോഗബാധയേ തുടര്‍ന്നുള്ള മരണങ്ങള്‍ തുടരുമെന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂണ്‍ മാസത്തോടെ മരണനിരക്ക് കുറയുമെന്നും ദിവസം 10 പേര്‍ എന്ന നിലയിലേക്ക് എത്തിയേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

അമേരിക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇവര്‍ പഠനം നടത്തിയത്. ഇതനുസരിച്ച് രോഗ വ്യാപനം ഈ രീതിയില്‍ തുടരുകയാണെങ്കില്‍ 38,000 മുതല്‍ 162,000 ആളുകള്‍ വരെ അമേരിക്കയില്‍ മരിക്കാന്‍ സാധ്യതയുണ്ട്.

രോഗവ്യാപനം തീവ്രമാകുമ്പോള്‍ അമേരിക്കയിലെ ആശുപത്രികളില്‍ 64,000 കിടക്കകളാണ് ആവശ്യമായി വരിക. കൂടാതെ 20,000 വെന്റിലേറ്ററുകളും ആവശ്യമായി വരും. രോഗം വ്യാപിച്ച ന്യൂയോര്‍ക്കില്‍ ഇതിനോടകം വെന്റിലേറ്ററുകളുടെ ആവശ്യകത ഉയര്‍ന്നിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ രോഗവ്യാപനം സാവധാനമാണ്. ഇതിനര്‍ഥം ഏപ്രില്‍ മാസത്തോടെ രോഗതീവ്രത ഉയര്‍ന്ന അവസ്ഥയിലെത്തുമെന്നാണെന്ന് പഠനത്തിന് നേതൃത്വം നല്‍കുന്ന ഡോ. ക്രിസ്റ്റഫര്‍ മുറെ പറയുന്നു.

ലൂസിയാന, ജോര്‍ജിയ സംസ്ഥാനങ്ങളില്‍ ആരോഗ്യ സംസ്ഥാനങ്ങള്‍ സംവിധാനങ്ങളെ പാടെ തകര്‍ക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ രോഗപ്രതിരോധത്തിനായി കടുത്ത നിയന്ത്രണങ്ങള്‍ ദേശീയ തലത്തിലും ഫെഡറല്‍ തലത്തിലും നടപ്പിലാക്കണമെന്ന് അദ്ദേഹം പറയുന്നു.

രോഗവ്യാപനം തീവ്രമായതോടെ ഇറ്റലിക്ക് പിന്നാലെ കൊറോണയുടെ അടുത്ത പ്രഹരം അമേരിക്കയിലായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പ്രവചിച്ചിരിക്കുന്നത്.

അതിനിടെ, ലോക്ഡൗൺ നിയന്ത്രണങ്ങൾ ഈസ്റ്റർ (ഏപ്രിൽ 12) വരെ നീണ്ടേക്കുമെന്നാണു പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകുന്ന സൂചന. എന്നാൽ, ചൈനയുടെ അനുഭവം വച്ചാണെങ്കിൽ 6–8 ആഴ്ചകളെങ്കിലും ലോക്ഡൗൺ വിജയകരമായി നടപ്പാക്കാനായാൽ വൈറസ് വ്യാപനം തടയാനായേക്കും. ലോക്ഡൗൺ ആരംഭിച്ച് ആദ്യ രണ്ടാഴ്ചകളിൽ രോഗികൾ വർധിക്കുകയും പിന്നീടുള്ള ആഴ്ചകളിൽ അവ കുറഞ്ഞുവരികയും ചെയ്യുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്.

യുഎസിലെ ലോക്ക്ഡൗൺ അവസാനിപ്പിക്കാനുള്ള ആശയമാണ് കഴിഞ്ഞ ദിവസം ട്രംപ് പങ്കുവെച്ചത്. യുഎസിലെ ആരോഗ്യ ഉദ്യോഗസ്ഥരുടെയും കോവിഡ്-19 ന്റെയും മുന്നറിയിപ്പുകൾക്ക് ‍പോലും ട്രംപ് കാര്യമായി ശ്രദ്ധകൊടുക്കുന്നില്ല. ഇതിനിടെയാണ് ട്രംപിനെതിരെ ടെക് കോടീശ്വരൻ ബിൽഗേറ്റ് പൊട്ടിത്തെറിച്ചത്. ലോക്ക്ഡൺ അവസാനിപ്പിക്കുന്നത് ‘നിരുത്തരവാദപരം’ എന്നാണ് ഗേറ്റ്സ് വിശേഷിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.