1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2020

സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടർന്ന് ദിനംപ്രതി മരണനിരക്ക് ഉയരുമ്പോൾ ആശങ്ക വിട്ടൊഴിയാതെ ലോകരാജ്യങ്ങൾ. ഇതുവരെ ആകെ 8,00,023 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇന്ന് പുതുതായി 15,026 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ലോകത്താകെ ഇതു വരെ 38,748 പേർ മരിച്ചുവെന്നാണ് കണക്ക്. ഇന്ന് 965 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 1,69,995 പേർ രോഗമുക്തരായി. 30,281 പേരുടെ ആരോഗ്യനില ആശങ്കാജനകമാണ്.

ഇറ്റലിയിലാണ് ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് – 11,591. ഇറ്റലിയിൽ 1,01,739 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. യുഎസിലാണ് എറ്റവുമധികം ആളുകൾക്ക് രോഗബാധയുള്ളത് – 1,64,359. പുതുതായി 515 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണം – 3,173. ഈസ്റ്റർ വരെ ലോക്ക്ഡൌൺ നീട്ടാനും തീരുമാനമായി. രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങൾ പിൻതുടരാനാണ് നിർദേശം. നിലവിലുള്ള ലോക്ക് ഡൌണിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ഇറ്റലിയുടെ നീക്കം. രാജ്യം മൊത്തം മൌനമാചരിക്കുകയും പതാക പകുതി താഴ്ത്തിക്കെട്ടുകയും ചെയ്താണ് ഇറ്റലി മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചത്.

ഏറ്റവുമധികം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ച സ്പെയിനിൽ 94,417 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതുവരെ 8,189 പേർക്ക് ജീവൻ നഷ്ടമായി, ഇന്ന് 473 പേർ മരിച്ചു. അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ മൂന്നാമതായാണ് സ്‌പെയിന്‍.

ഇറാനില്‍ 24 മണിക്കൂറിനുള്ളില്‍ 141 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2898 ആയി. ഒപ്പം 24 മണിക്കൂറിനുള്ളില്‍ 3111 പേര്‍ക്കൂ കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യന്ത്രാലയം അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 3703 പേരുടെ നില ഗുരതരമാണെന്നും മന്ത്രാലയം അറിയിച്ചു.

44606 പേര്‍ക്കാണ് ഇറാനില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഒത്തു കൂടുന്നത് ഒഴിവാക്കണമെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി നിര്‍ദ്ദേശിച്ചു. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഇറാന്‍ നഗരങ്ങളില്‍ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫ്രാൻസിൽ 44,550 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. 3,024 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിൽ രോഗികളുടെ എണ്ണം 22,141. ആകെ മരണം 1408. ഇന്നത്തെ മരണനിരക്കിൽ രണ്ടാം സ്ഥാനത്ത് ബെൽജിയമാണ് – 192. ആകെ രോഗബാധിതർ 12,775. പുതുതായി 876 പേർക്ക് രോഗം സ്ഥിരീകരിച്ചു.

രോഗികളുടെ എണ്ണം അധിവേഗം വർധിച്ച മറ്റൊരു രാജ്യം ജർമനിയാണ്. ആകെ രോഗികൾ 67,051. ഇന്ന് 166 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 650 പേർ മരിച്ചു. ഇന്ന് 5 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊറോണ വ്യാപിക്കുമ്പോഴും ഇമ്രാൻ ഖാൻ സർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് പുല്ലുവില നൽകി പാകിസ്താൻ ജനത. ഇതോടെ രാജ്യത്ത് റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന പോസിറ്റീവ് കേസുകളില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 1865 പേര്‍ക്കാണ് പാകിസ്താനിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

സമൂഹവ്യാപനം ഒഴിവാക്കാനായി ജനങ്ങളോടു പരമാവധി വീടുകളില്‍ കഴിയണമെന്ന് പാക് സർക്കാർ നിര്‍ദേശം നല്‍കിയിരിക്കുന്നു. ഈ സാഹചര്യത്തിലും നിരത്തുകളിലടക്കം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 1865 പോസിറ്റീവ് കേസുകളിൽ 652 കേസുകളും പഞ്ചാബ് പ്രവിശ്യയിലാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

അതിനിടെ ലോകരാജ്യങ്ങളിലേക്ക് പടര്‍ന്നുകയറിയ കൊറോണയെ തടഞ്ഞ തായ്‌വാന്‍ രീതി പരക്കെ ശ്രദ്ധ നേടുന്നു. വൈറസിനെ മുന്‍കൂട്ടിയറിഞ്ഞ തായ് വാന്റെ കര്‍ക്കശ നിലപാടുകള്‍ അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ വിലയിരുത്തുകയാണ്.മാര്‍ച്ച് മൂന്നിന് റദ്ദാക്കിയത് ചൈനയി ലേക്കുള്ള 6500 വിമാനങ്ങളാണെന്നത് തായ്‌വാന്‍ എത്ര കൃത്യമായി കൊറോണയെ പഠിച്ചു എന്നതിന്റെ തെളിവാണെന്ന് അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.