1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയെ നേരിടാൻ ചൈനയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ. ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. വെല്ലുവിളി നേരിടാന്‍ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കൊറോണ ബാധിച്ച് ഉണ്ടായ മരണത്തില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ഹുബൈ പ്രവിശ്യയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ചൈന നൽകിയ സഹായത്തിന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.

അതേസമയം, വുഹാനിൽ നിന്ന് ദില്ലിയിലെ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ക്യാമ്പിൽ എത്തിച്ച 406 പേർക്ക് രോഗമില്ലെന്ന പരിശോധന ഫലം പുറത്തുവന്നു. കഴിഞ്ഞ ആഴ്ചയാണ് കൊറോണ വൈറസ് രോഗം പടരുന്ന വുഹാനിൽ നിന്ന് ഇവരെ ദില്ലിയിൽ എത്തിച്ചത്. 14 ദിവസത്തെ കരുതൽ നിരീക്ഷണത്തിനാണ് ഇവരെ ദില്ലി ചാവ്‌ലയിലെ ക്യാമ്പിൽ എത്തിച്ചത്.

എന്നാല്‍, 28 ദിവസത്തെ നിരീക്ഷണകാലം പൂർത്തിയായാലേ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാനാവൂ എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് രോഗം ഫലപ്രദമായി നിയന്ത്രിക്കാനായെന്നും മന്ത്രി പറഞ്ഞു. കാസർകോട് റവന്യൂമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനുളളിൽ തന്നെ രോഗം നിയന്ത്രിക്കാനായത് വലിയ നേട്ടമായാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ.

അതിനിടെ ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 805 ആയി. ഇന്നലെ മാത്രം 81 പേരാണ് ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചത്. ഫിലിപ്പെന്‍സിലും ഹോങ്കോങിലും കൊറോണ ബാധിച്ച് ഒരാള്‍ വീതം മരിച്ചിരുന്നു. നിലവില്‍ 36846 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ ചൈനയെ കൂടാതെ 27 രാജ്യങ്ങളിലായി 320 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ സാർസ് മരണ സംഖ്യയേക്കാൾ ഉയർന്നു. 2000-03 കാലഘട്ടത്തില്‍ ലോകത്ത് ഭീതി വിതച്ച സാര്‍സിനെ തുടര്‍ന്ന് 774 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ലോകമൊട്ടാകെ കൊറോണ ഇനിയും നിയന്ത്രണ വിധേയമാകാത്തതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.