1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2020

സ്വന്തം ലേഖകൻ: കൊറോണപ്പേടിയും സാമ്പത്തിക പ്രതിസന്ധിയും ലോകരാജ്യങ്ങളെ കശക്കുമ്പോൾ രൂപയുടെ മൂല്യം ഇടിയുകയാണ്. നേട്ടം പ്രവാസികള്‍ക്കും. ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ഗള്‍ഫ് പണത്തിന്റെ വരവ് വര്‍ധിക്കാന്‍ തുടങ്ങി. ഡോളര്‍ കരുത്താര്‍ജ്ജിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തിരിക്കുന്നു. ഇതാകട്ടെ പ്രവാസികള്‍ക്ക് സുവര്‍ണ അവസരമാണ് ഒരുക്കിയിരിക്കുന്നത്.

കൊറോണ വൈറസ് രോഗം മൂലമുള്ള ഭീതിയും ഇന്ത്യയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യവുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ട് ജനങ്ങള്‍ കൂടുതലായി സ്വര്‍ണവും ഡോളറും ആശ്രയിക്കുന്നതാണ് സാഹചര്യം.. റിയാലും ദിര്‍ഹവും ദിനാറുമെല്ലാം മൂല്യം വര്‍ധിച്ചു.

ഒരു ദിര്‍ഹത്തിന് 20.01 രൂപ എന്ന നിലയിലാണ് ഏറ്റവും ഒടുവിലെ ക്ലോസിങ്. 50 ദിര്‍ഹത്തില്‍ താഴെ അയച്ചാല്‍ മതി ആയിരം രൂപ നാട്ടില്‍ കിട്ടും. ആയിരം രൂപയ്ക്ക് 17 ദിര്‍ഹവും അതിന് മുകളില്‍ വാറ്റ് അടക്കം 23 ദിര്‍ഹവുമാണ് കമ്മീഷന്‍. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണം അയക്കാന്‍ എത്തുന്നവരുടെ തിരക്കാണ് എക്‌സ്‌ചേഞ്ചുകളില്‍.

അവസരം മുതലെടുത്ത് ചില എക്‌സ്‌ചേഞ്ചുകള്‍ പ്രത്യേക ഓഫര്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്. നിരക്ക് അറിയുന്നതിന് വേണ്ടിയുള്ള ഫോണ്‍ വിളിയുടെ പ്രവാഹമാണ് മിക്ക എക്‌സ്‌ചേഞ്ചുകളിലും. സ്വകാര്യ കമ്പനികളില്‍ ശമ്പളം കിട്ടി തുടങ്ങിയതിന് പിന്നാലെ പണം അയക്കുന്നവരുടെ തിരക്ക് വര്‍ധിച്ചു.

ഖത്തരി റിയാലിന്റെ വിനിമയ നിരക്ക് 20 രൂപയിലെത്തി. ഞായറാഴ്ച വരെ കൂടിയ നിരക്കില്‍ നാട്ടിലേക്ക് പണം അയക്കാന്‍ സാധിക്കും. തിങ്കളാഴ്ച നിരക്കില്‍ മാറ്റംവന്നേക്കുമെന്നാണ് വിവരം. അതേസമയം, നാട്ടിലേക്ക് ഇപ്പോള്‍ പണം അയ്ക്കാതെ മാറ്റിവയ്ക്കുന്ന വിരുതന്‍മാരുമുണ്ട്.

രൂപയുടെ മൂല്യം ഇനിയും താഴും. അപ്പോള്‍ ഗള്‍ഫ് പണത്തിന്റെ മൂല്യം ഇനിയും വര്‍ധിക്കും. അപ്പോള്‍ നാട്ടിലേക്ക് പണം അയക്കാം… എന്ന് കരുതി പണം മാറ്റി വയ്ക്കുന്ന പ്രവാസികളുമുണ്ട്. എന്നാല്‍ ഇനിയും രൂപയുടെ മൂല്യം ഇടിയുമോ എന്ന് വ്യക്തമല്ല. വളരെ പെട്ടെന്ന് രൂപ തിരിച്ചുകയറാനുള്ള സാധ്യത കുറവാണ് എന്ന നിരീക്ഷണവും നിലവിലുണ്ട്.

കുവൈത്ത് ദിനാറിന് കഴിഞ്ഞദിവസം ലഭിച്ചത് 241.50 രൂപയാണ്. ശമ്പളം കിട്ടുന്ന വേളയില്‍ തന്നെ രൂപയുടെ മൂല്യത്തകര്‍ച്ച വന്നത് ഒരുതരത്തില്‍ പ്രവാസികള്‍ക്ക് നേട്ടമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ചിലര്‍ കടം വാങ്ങി നാട്ടിലേക്ക് പണം അയക്കാന്‍ ശ്രമിക്കാറുണ്ടെന്നാണ് വിവരങ്ങള്‍. ഇങ്ങനെ ചെയ്യുന്നവര്‍ രണ്ടുതവണ ആലോചിക്കണം.

ഇന്ത്യയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യവും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായിട്ടുണ്ട്. സിഎഎക്കെതിരായ പ്രതിഷേധവും സംഘര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിക്ഷേപ സാധ്യത കുറഞ്ഞുവെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി വര്‍ധിക്കാനും ഇതിടയാക്കും. ഈ സാഹചര്യത്തില്‍ കൂടിയാണ് രൂപയുടെ മൂല്യം ഇടിയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.