1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2020

സ്വന്തം ലേഖകൻ: റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഒക്ടോബറോടെ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. വാക്‌സിന്റെ അന്തിമ അനുമതി അധികൃതര്‍ ഈ മാസം നല്‍കുമെന്നും റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ റഷ്യയുടെ വേഗത്തിലുള്ള വാക്‌സിന്‍ കണ്ടുപിടുത്തം ചില വിദഗ്ധര്‍ക്കിടയില്‍ സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം റഷ്യയും ചൈനയും വാക്‌സിന്‍ പരീക്ഷണങ്ങള്‍ ശരിയായല്ല നടത്തുന്നതെന്നും സുരക്ഷിതമായ വാക്‌സിന്‍ അമേരിക്ക ഈ വര്‍ഷം പുറത്തിറക്കുമെന്നും പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധന്‍ ആന്റണി ഫൗസി അഭിപ്രായപ്പെട്ടു.

ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഓഗസ്റ്റ് 10-12 ഓടെ റഷ്യ തങ്ങളുടെ കൊറോണ വൈറസ് വാക്സിന്‍ ‘രജിസ്റ്റര്‍’ ചെയ്യാന്‍ പദ്ധതിയിടുന്നതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.

മോസ്‌കോയിലെ ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത വാക്സിന്‍ റെഗുലേറ്റര്‍മാര്‍ രജിസ്റ്റര്‍ ചെയ്ത് മൂന്ന് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ പൊതു ഉപയോഗത്തിനായി അംഗീകരിക്കപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഇതേ വാക്സിന്‍ തന്നെയാണ്, ഈ മാസം ആദ്യം മനുഷ്യ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട് ചെയ്തത്. യഥാര്‍ത്ഥത്തില്‍, ജൂലൈ രണ്ടാം വാരത്തില്‍, ഈ കാന്‍ഡിഡേറ്റ് വാക്സിന്‍ മനുഷ്യ പരീക്ഷണങ്ങളുടെ ഘട്ടം -1 മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളൂ. ജൂലൈ 13 നാണ് ഇതിന്റെ രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചതെന്ന് ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മനുഷ്യ പരീക്ഷണങ്ങളുടെ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ഒരു വാക്സിന്‍ പൊതു ഉപയോഗത്തിനായി അംഗീകരിക്കില്ല, സാധാരണ സാഹചര്യങ്ങളില്‍ നിരവധി മാസങ്ങള്‍ അവ പ്രവര്‍ത്തിക്കേണ്ടതുണ്ട്. വാക്‌സിന്‍ ഉത്പാദനം സെപ്റ്റംബറില്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.